എഴുകോണ്‍: മര്‍ച്ചന്റ് നേവിയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തിയ പ്രതിയെ എഴുകോണ്‍ പോലീസ് അറസ്റ്റ് ചെയ്തു. പേരയം എന്‍എസ്എസ് സ്‌കൂളിന് സമീപം ഉഷ മന്ദിരത്തില്‍ റെജിമോന്‍ (44) ആണ് അറസ്റ്റിലായത്. പേരയം സ്വദേശിയായ രാജുവിന്റെ പരാതിയിന്മേലാണ് അറസ്റ്റ്.
രാജുവിന്റെ മക്കള്‍ക്ക് മര്‍ച്ചന്റ് നേവിയില്‍ ജോലി വാങ്ങികൊടുക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് റെജിമോന്‍ പണം തട്ടുകയായിരുന്നു. രാജുവിന്റെ കൈയ്യില്‍ നിന്നും അഞ്ച് ലക്ഷം രൂപ വാങ്ങിയും വീടും പുരയിടവും കരീപ്ര വനിത സഹകരണ ബാങ്കില്‍ ലോണ്‍ വച്ച് രാജുവിന്റെയും ഭാര്യയുടെയും ജോയിന്റ് അക്കൗണ്ട് വഴി പ്രതികളുടെ അക്കൗണ്ടുകളിലേക്ക് പലതവണ പണം അയയ്ക്കുകയും ചെയ്തിരുന്നു. എഴുകോണ്‍ ഐഎസ്എച്ച്ഒ ശിവപ്രകാശ്.റ്റി.എസ്, എസ്‌ഐ അനീസ്, എസ്‌ഐ റ്റി. ജോര്‍ജ്കുട്ടി, സിപിഒ സുജിത് തുടങ്ങിയവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.