പത്തനാപുരം: വനത്തില്‍ അതിക്രമിച്ച് കയറി കാട്ടാനകളെ പ്രകോപിപ്പിക്കുകയും ഹെലികാം ഉപയോഗിച്ച് ചിത്രീകരിക്കുകയും ചെയ്തതിന് യൂടൂബര്‍ക്കെതിരെ കേസെടുത്ത് വനംവകുപ്പ്. കിളിമാനൂര്‍ സ്വദേശിയായ വ്‌ലോഗര്‍ അമല അനുവിനും സംഘത്തിനും എതിരെയാണ് അമ്പനാര്‍ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ അജയകുമാര്‍ കേസെടുത്തത്.


വീഡിയോ ചിത്രീകരിച്ചശേഷം ഇവര്‍ യൂടുബില്‍ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. മാമ്പഴത്തറ റിസര്‍വ്വ് വനത്തിലാണ് സംഘം അതിക്രമിച്ചു കയറിയതെന്നാണ് പരാതി. ആനയുടെ അടുത്തേക്ക് ചെല്ലുന്നതും ആന ഓടിക്കുന്നതുമെല്ലാം ഇവര്‍ പകര്‍ത്തിയ ദൃശ്യങ്ങളിലുണ്ട്. പുനലൂര്‍ ഡിഎഫ്ഒ ഷാനവാസിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് കേസെടുത്തത്.