കരുനാഗപ്പള്ളിരേഖകൾ -7

ഡോ. സുരേഷ് മാധവ്

കരുനാഗപ്പള്ളി മരുതൂർകുളങ്ങര തെക്കുംമുറിയിൽ വാഴയത്ത് വീട്ടിൽനിന്ന് ഒരു “ഭാഷാവിപ്ലവം “ഉണ്ടാകുമെന്ന് നാട്ടുകാർ ചിന്തിച്ചിരുന്നില്ല. മതത്തിലുപരി മനുഷ്യനെ സ്നേഹിച്ചിരുന്ന അലിക്കുഞ്ഞു സാഹിബ്ബിന്റെ മകൻ ഇസഹാക്ക് സാഹിബ്ബാണ്(1917-1998) ഭഗവദ് ഗീത, മനുസ്മൃതി എന്നിവയ്ക്ക് മലയാളപരിഭാഷയൊരുക്കി മലയാളികൾക്ക് സമ്മാനിച്ചത്.1977ൽ പ്രസിദ്ധീകരിച്ച “കൈരളീഭഗവദ് ഗീത”യെക്കുറിച്ച് എ. എൻ. പി. ഉമ്മർകുട്ടി എഴുതിയതിങ്ങനെ :-“ഇ. ഇസഹാക്ക് സാഹിബ്ബ് തയ്യാറാക്കിയ ഗീതാവിവർത്തനത്തിന് ഒരു പ്രത്യേകതയുണ്ട്.

മലയാളത്തിൽ ഒരു മുസ്ലിംകവി തയ്യാറാക്കുന്ന ആദ്യത്തെ ഗീതാ
വിവർത്തനമാണിത്.അഹിന്ദുക്കൾ തയ്യാറാക്കിയ ഗീതാവിവർത്തനങ്ങൾ മറ്റ്ഇന്ത്യൻ ഭാഷകളിലും ഏറെ ഉണ്ടെന്നു തോന്നുന്നില്ല.”. ശ്രീ. ഉമ്മർകുട്ടി എഴുതിയപോലെ,ഒരു മുസ്ലിം പണ്ഡിതൻ എഴുതിയ ഗീതാവിവർത്തനം എന്ന നിലയിലാണ് കൈരളീഭഗവദ്ഗീത ഇന്നും കൗതുകം നേടുന്നത്.മാതൃസഹോദരനായ കല്ലുകടവ് കെ. എ യൂസുഫ് ഇസ്സുദ്ദീൻ മൗലവിയുടെ പ്രചോദ നത്തിലാണ് സംസ്കൃതഭാഷയിലേയ്ക്ക് ഇസഹാക്കിന്റെ ശ്രദ്ധ തിരയുന്നത്.മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് മലയാളം വിദ്വാൻ പരീക്ഷ പാസ്സായിവന്നതിനു ശേഷം പല സ്കൂളുകളിലും അധ്യാപകനായി ജോലിനോക്കി. പാലക്കാട്‌ കണ്ണാടി സ്കൂളിൽ മലയാളം പണ്ഡിറ്റായി സ്ഥലംമാറ്റം കിട്ടിയത് പുതുവെളിച്ചമായി. പാലക്കാട്‌ രമണാശ്രമത്തിൽ നടന്ന ഗീതാചർച്ചകളിൽ പങ്കെടുക്കാൻ തുടങ്ങിയതോടെ ഗീതാപഠനം ഗൗരവമായി.

നാട്ടിലെ വിദ്വാൻമാരായിരുന്ന പുല്ലന്തറ കാർത്തികേയൻ, പല്ലേലി കുമാരപിള്ള, പന്നിശ്ശേരി ശ്രീനിവാസകുറുപ്പ്, കെ. കെ പണിക്കർ തുടങ്ങിയവരുടെ ഉത്സാഹം കൂടിയായപ്പോൾ ഗീതാപരിഭാഷയ്ക്ക് മനസ്സ് ഉഷാറായി. ഖുർആൻ, ബൈബിൾ, ബുദ്ധജൈനഗ്രന്ഥങ്ങൾ എന്നിവയിലെ പരമമായസിദ്ധാന്തങ്ങൾ ഗീതയിൽ ഭംഗ്യന്തരേണ സൂക്ഷ്മദൃക്കുകൾക്ക് കാണാമെന്നു എഴുതിയ ഇസഹാക്ക് സാഹിബ്ബ്, കമ്മ്യൂണിസം, സോഷ്യലിസം എന്നിവയുടെ ആദർശങ്ങളും ഗീതയിലുണ്ടെന്നു ആമുഖത്തിൽ രേഖപ്പെടുത്തി.

“ഒരു മുഗൾരാജകുമാരൻ ഉപനിഷത്തുകൾ പേർഷ്യൻഭാഷയിലേയ്ക്ക് പരിഭാഷപ്പെടുത്തിയ മഹാപാരമ്പര്യം ഭാരതത്തിനുണ്ടെങ്കിലും, ഒരു കേരളീയനായ മുസ്ലിം പണ്ഡിതൻ ഇത്തരം ഒരു ശ്രമം ചെയ്യുന്നത് ഇതാദ്യമായിട്ടാണെന്നു തോന്നുന്നു “എന്നാണ് അവതാരികയിൽ ശൂരനാട് കുഞ്ഞൻപിള്ള കുറിച്ചത്.സഹോദരമതങ്ങൾക്ക് തമ്മിൽ ആദരവ് ഉളവാകാൻ ഇത് നിശ്ചയമായും പ്രയോജനപ്പെടുമെന്നതും അദ്ദേഹം കൂട്ടിച്ചേർത്തു.മാതുല നായ യൂസുഫ് ഇസ്സുദ്ദീൻമൗലവിയ്ക്കാണ് തന്റെ വിവർത്തനം വിദ്വാൻ ഇസഹാക്ക് സമർപ്പിച്ചിട്ടുള്ളത്.


ഇന്ത്യൻ പാരമ്പര്യത്തെ കൂടുതൽ അടുത്തറിയണമെന്ന ആഗ്രഹം കൊണ്ടാണ് “മനുസ്മൃതി”യിലും സാഹിബ്ബ് കൈവച്ചത്.1978ൽ മനുസ്മൃതിയുടെ മൊഴിമാറ്റം തുടങ്ങിയെങ്കിലും 1991ലാണ് പൂർത്തിയായത്. “കൈരളീമനുസ്മൃതി “എന്ന പേരിൽ പ്രസ്തുതപരിഭാഷ, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കുകയും ചെയ്തു. രോഗാവസ്ഥ കാരണം തിരുക്കുറൾവിവർത്തനം പാതിവഴിയിൽ നിലച്ചു.1998 ഒക്ടോബർ 19ന് വിദ്വാൻ ഇസഹാക്ക് സാഹിബ്ബ് അന്തരിക്കുമ്പോഴേയ്ക്കും, മതസഹോദര്യത്തിന്റെ വെളിച്ചമായ ആ ഭാഷാദർശനം മലയാളികൾ അംഗീകരിച്ചു കഴിഞ്ഞിരുന്നു. “ധ്യാനാൽ കർമഫലത്യാഗം, ത്യാഗത്താൽ ശാന്തിയും ഫലം “എന്നു ഗീതാവാക്യമെഴുതിയ ഇസഹാക്ക് സാഹിബ്ബിന് ശാന്തിയുടെ പ്രാർത്ഥനയായിരുന്നു ജീവിതം.