ഈ സ്നേഹക്കുത്ത് കിട്ടാത്തവരുണ്ടോ കോട്ടയില്‍

ശാസ്താംകോട്ട. ഡോക്ടര്‍മാരുടെ ദിനത്തില്‍ നാടിന്‍റെ സ്വന്തം ഡോക്ടറെ ആദരിച്ച് കുട്ടികള്‍. ശാസ്താംകോട്ടയിലെ ജനങ്ങൾക്കും കുന്നത്തൂർ താലുക്കിലെ ജനങ്ങൾക്കും മറക്കുവാൻ കഴിയാത്ത ഭിഷഗ്വരന്‍ ആണ് ഡോക്ടർ, ഗോപാലകൃഷ്ണൻ. ഡോക്ടറുടെ കൈപുണ്യം അനുഭവിക്കാത്തവർ കുന്നത്തൂർ താലുക്കിൽ കാണില്ല ഒരു പാട് കുടുംബങ്ങള്‍ക്ക് ഈശ്വരതുല്യന്‍.. എത് സമയവും വിളിച്ചാൽ തുറക്കപ്പെടുന്ന വാതിലിനരികിൽ ഒരു കസേരയിൽ നിലയുറപ്പിച്ച് ഇരിക്കുന്ന ഡോക്ടർ.

ഇന്‍ജക്ഷന് പുറത്തേക്ക് വിടില്ല, രണ്ടു കൈകൊണ്ടും പിന്‍ഭാഗം തടവി വരുന്നവരുടെ പനി കടുത്തതാണെന്ന് ബാക്കി ഇരിക്കുന്നവര്‍ക്ക് മനസിലാകും. ഒരു പാട് പേരുടെ ക്യാന്‍സര്‍പോലും നേരത്തേ കണ്ടെത്തി എന്ന പേര് ഡോക്ടര്‍ക്കുണ്ട്. ശാസ്താംകോട്ട താലൂക്കാശുപത്രിയില്‍ ഗൈനക്കോളജി വിഭാഗം തുടങ്ങുന്നതിനുമുമ്പ് ഇപ്പോള്‍ നടക്കുന്നതിലേറെ പ്രസവം നടന്നിരുന്നു. ഏത് രാത്രിയും ഡോക്ടറുടെ എമര്‍ജന്‍സി സാന്നിധ്യവും. ഡോപാലകൃഷ്ണന്‍ ഡോക്ടറുണ്ടാകും അതൊരുറപ്പായിരുന്നു അക്കാലം.

തന്നെ തേടി എത്തുന്നവരെ നിരുത്സാഹപ്പെടുത്താതെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്ന ദൈവതുല്യൻ 1968 ബാച്ച് എംബിബിഎസ് ആണ് ഇദ്ദേഹം. 45 വർഷങ്ങൾക്ക് മുൻപ് ശാസ്താംകോട്ട ഗവ: ആശുപത്രിയിൽ സേവനത്തിന് എത്തിയ ആലപ്പുഴ ജില്ലയിലെ നെടുമുടി സ്വദേശിയായ ഡോക്ടർ ഗോപാലകൃഷ്ണൻ :കുന്നത്തുരുകാരുടെ പ്രിയപ്പെട്ട ഡോക്ടറായി മാറി. അദ്ദേഹം പിന്നീട് ടൗണിൽ വസ്തു വാങ്ങി വീട് വച്ചു താമസമാക്കി.

അദ്ദേഹത്തിന്റെ സ്ഥിരം ചികിൽസകരുടെ പേര് ഇന്നും കാണാപാഠമാണ്. 80 വയസ്സിനോട് അടുത്ത് പ്രായമുള്ള ഡോക്ടറെ തേടി ഇന്നും അനവധി പേരാണ് വരുന്നത് , ശാസ്താംകോട്ടയുടെ ഹൃദയ തുടിപ്പായ ഡോക്ടർ ഗോപാലകൃഷ്ണനെ ആദരിക്കാന്‍ ശാസ്താംകോട്ട ഗവ എച്ച്എസ്എസ് യുപി വിഭാഗം അധ്യാപകരും വിദ്യാര്‍ഥികളുമാണ് എത്തിയത്. അധ്യാപകരായ അനില്‍, വിമലാദേവി,ബിന്ദു,സുനി,അനൂപ,മറിയാമ്മ, കൗണ്‍സിലര്‍ അശ്വതി എന്നിവരാണ് കുട്ടികള്‍ക്കൊപ്പം എത്തിയത്.

Advertisement