കൊല്ലം പ്രാദേശിക ജാലകം

നൻമ വണ്ടി പ്രഭാത ഭക്ഷണ വിതരണം ഇന്ന് അഞ്ഞൂറിന്റെ നിറവിൽ

കരുനാഗപ്പള്ളി: നൻമ വണ്ടിയുടെ നേതൃത്വത്തിൽ പ്രതിദിനം നടന്നു വരുന്ന പ്രഭാത ഭക്ഷണം അന്നദാന പദ്ധതി ഇന്ന്(30.6.22 ) അഞ്ഞൂറ് ദിനത്തിന്റെ നിറവിൽ
പുതിയ കാവ്, നെഞ്ചുരോഗ ആശുപത്രിയിലെ ക്ഷയരോഗ ബാധിതർ, ശ്വാസകോശ രോഗികൾ, കൂടാതെ രോഗികളുടെ കൂട്ടിരിപ്പുകാർ , ഓച്ചിറ ബസ് സ്റ്റാന്റ് പരിസരത്തെ കടത്തിണ്ണകളിൽ അഭയം കണ്ടെത്തിയ , വയോധികർ , അംഗപരിമിതർ, ഒറ്റപ്പെട്ടവർ തുടങ്ങിയവർക്കാണ് നൻമ വണ്ടിയുടെ നേതൃത്വത്തിലുള്ള പ്രഭാത ഭക്ഷണം വിതരണം ചെയ്യുന്നത്. ദിനംപ്രതി 80 ഓളം വിശന്ന വയറുകൾക്കാണ് നൻമ വണ്ടി അന്നം എത്തിക്കുന്നത്.

നൻമ വണ്ടിയുടെ നേതൃത്വത്തിൽ പ്രഭാത ഭക്ഷണം വിതരണം ചെയ്യുന്നു


പാചകം ചെയ്ത ഭക്ഷണം ലൈവായിട്ടാണ് വിതരണം ചെയ്യുന്നത്. ഭക്ഷണ വിതരണത്തിലും പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങളെ പാടെ മാറ്റി നിർത്തി പരിസ്ഥിതി സൗഹൃദം കാത്തുസൂക്ഷിച്ചുകൊണ്ട് ഇലയിലാണ് വിളമ്പി നൽകുന്നത്.
ഓരോ ദിവസവും ഓരോ വ്യക്തികളാണ് ഭക്ഷണത്തിന്റെ തുക സ്പോൺസർ ചെയ്യുന്നത്. നാടൻ പലവ്യഞ്ജന പൊടികൾ ഉപയോഗിച്ചാണ് നൻമ വണ്ടിയുടെ അടുക്കളയിൽ പാചകം ചെയ്യുന്ന ഭക്ഷണം വിതരണം ചെയ്യുന്നത്.
രാവിലെ 7 മണിക്ക് ആശുപത്രിയിലും 8 മണിക്ക്ഓച്ചിറ ബസ് സ്റ്റാന്റ് പരിസരത്തും നൻമ വണ്ടി ഭക്ഷണവുമായി എത്തും.
ഇഡ്ഡലി, വെള്ളേപ്പം, ഇടിയപ്പം വീശപ്പം തുടങ്ങിയ വ്യത്യസ്ത ഭക്ഷണ വിഭവങ്ങളാണ് ഓരോ ദിവസവും തയ്യാറാക്കുന്നത്.
കരുനാഗപ്പള്ളി താലൂക്കിലെ അന്നദാന ചരിത്രത്തിൽ ആദ്യമായിട്ടാണ് തുടർച്ചയായി ഇത്രയും ദിവസവും പ്രഭാത ഭക്ഷണം വിതരണം ചെയ്യുന്നതെന്ന് നൻമ വണ്ടി പ്രവർത്തകർ പറഞ്ഞു.
കരുനാഗപ്പള്ളി മുൻസിപ്പാലിറ്റി ജീവനക്കാരൻ എം.കെ. ബിജു മുഹമ്മദ്, ഫോട്ടോഗ്രാഫർഹാരിസ് ഹാരി എന്നിവർ ഭക്ഷണ വിതരണത്തിന് നേതൃത്വം നൽകുന്നു. വടക്കുംതല പനയന്നാർകാവ് എസ്.വി.പി.എം ഹൈസ്ക്കൂൾ ഹെഡ് മാസ്റ്ററും, സംസ്ഥാന അധ്യാപക അവാർഡ് ജേതാവുമായ അബ്ദുൽ ഷുക്കൂർ ആണ് നൻമ വണ്ടിയുടെ രക്ഷാധികാരി

വൈദ്യുതാഘാതമേറ്റ മരം വെട്ട് തൊഴിലാളിയെ രക്ഷിച്ച അഗ്നി രക്ഷാ സേനയെ ആദരിച്ചു

ശാസ്താംകോട്ട. വൈദ്യുതാഘാതമേറ്റ മരം വെട്ട് തൊഴിലാളിയെ രക്ഷിച്ച ശാസ്താംകോട്ട അഗ്നി രക്ഷാ സേനയെ ശാസ്താംകോട്ട മനക്കര പൗരസമിതിയും, സാമൂഹിക പ്രവർത്തകരും ചേർന്ന് ആദരിച്ചു. നാല് ദിവസങ്ങൾക്ക് മുൻപ് ശാസ്താംകോട്ട പഴയ കോടതിക്ക് സമീപം സ്ഥാപിച്ചിരുന്ന ട്രാൻസ്ഫോർമറിനോട് ചേർന്ന് നിന്ന മരം മുറിക്കുന്നതിനിടയിലാണ് 11 കെ.വി ലൈനിൽ നിന്നും മരംവെട്ട് തൊഴിലാളിയായ മനക്കര സ്വദേശി ബാലൻ (58) ന് വൈദ്യുതാഘാതമേൽകുന്നത്.

സംഭവസ്ഥലത്തേക്ക് ആദ്യം ഓടിയെത്തിയ ഫയർ & റെസ്ക്യൂ ഓഫിസർ മിഥിലേഷ് എം കുമാർ നൽകിയ സി.പി.ആർ ഫലപ്രദമായതിനാലാണ് ബാലൻ്റെ ജീവൻ വീണ്ടെടുക്കുന്നത്. പിന്നീട് സ്റ്റേഷൻ ഓഫീസർ സാബു ലാലിൻ്റെ നേതൃത്വത്തിൽ എത്തിയ സഹപ്രവർത്തകൾ ആംബുലൻസിൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. കൃത്യസമയത്ത് മിഥിലേഷ് നൽകിയ സി.പി.ആർ കാരണമാണ് ബാലൻ്റെ ജീവൻ നിലനിർത്താൻ കാരണമായതെന്ന് ഡോക്ടർമാർ പറഞ്ഞു.

അഗ്നി രക്ഷാസേന തിരികെ കൊടുത്ത ജീവന് നന്ദി അറിയിക്കാൻ ബാലനും കുടുംബവും ഇന്ന് എത്തിയിരുന്നു. തന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന ഉദ്യോഗസ്ഥൻ്റെ മുഖം എന്നും ഓർമ്മയിൽ സൂക്ഷിക്കുമെന്നും, സി.പി.ആർ നൽകിയ മിഥിലേഷിനോട് തീരാത്ത കടപ്പാടും നന്ദിയും ഉണ്ടെന്ന് ബാലൻ്റെ കുടുംബവും, പൗരസമിതി പ്രവർത്തകരും അഭിപ്രായപ്പെട്ടു.

അനധികൃത കരമണ്ണ് കടത്തിനെതിരെ കിഴക്കേ കല്ലട പോലീസ്

കിഴക്കേ കല്ലട. അനധികൃത കരമണ്ണ് കടത്തിനെതിരെ കിഴക്കേ കല്ലട പോലീസ് . മൺറോതുരുത്ത് പഞ്ചായത്തിൽ നിയമ വിരുദ്ധമായി അനധികൃതമായി കരമണ്ണ് കടത്തിയ നാലോളം വാഹനങ്ങൾ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കിഴക്കേ കല്ലട പോലീസ് പിടിച്ചെടുത്ത് അനന്തരനടപടികൾക്കായി ബഹു റവന്യു ഡിവിഷണൽ ഓഫീസർക്ക് കൈമാറി.

വരും ദിവസങ്ങളിലും കർശന നടപടികൾ തുടരുമെന്ന് പോലീസ് . കിഴക്കേ കല്ലട ഇൻസ്പെക്ടർ S. സുധീഷ് കുമാർ നേതൃത്വം നൽകിയ പോലീസ് സംഘമാണ് റെയ്ഡുകൾ നടത്തിയത്.

സ്വയം പ്രതിരോധ ട്രെയിനിങ് പ്രോഗ്രാം സംഘടിപ്പിച്ചു
ശാസ്താംകോട്ട: ബ്രൂക്ക് ഇന്റർനാഷണൽ സ്‌കൂളിൽ അഞ്ചാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള പെൺകുട്ടികൾക്കായി ശാസ്താംകോട്ട പോലീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ സ്വയം പ്രതിരോധ ട്രെയിനിങ് സംഘടിപ്പിച്ചു. വിദ്യാർത്ഥിനികളിൽ സ്വയം പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം. കൊട്ടാരക്കരയിൽ നിന്നുള്ള ക്രൈംബ്രാഞ്ചിന്റെ പ്രത്യേക ദൗത്യസംഘമാണ് പ്രോഗാം നടത്തിയത്. പെൺകുട്ടികളെ വിവിധ സാങ്കേതിക വിദ്യകളും പ്രതിരോധ മാർഗങ്ങളും പഠിപ്പിച്ചു.


എസ്‌ സി പി ഒ ശ്രീമതി സിന്ധു പി കെ, വിദ്യാർത്ഥികൾക്ക് ആത്മരക്ഷയ്ക്കായുള്ള പരിശീലനം നൽകി. എ എസ് ഐ ലീലാമ്മ, ഹസ്ന എന്നിവർ അക്രമരഹിത നഗരം നമ്മുടെ അവകാശവും ഉത്തരവാദിത്തവുമാണെന്ന സന്ദേശം നൽകി. ശാസ്താംകോട്ട സബ് ഇൻസ്പെക്ടർ
എ.ഷാജഹാൻ, സ്കൂൾ ഡയറക്ടർ റവ.ഫാ. ഡോക്ടർ ജി എബ്രഹാം താലോത്തിൽ പ്രിൻസിപ്പാൾ ശ്രീമതി ബോണിഫേഷ്യ വിൻസെന്റ്, വൈസ് പ്രിൻസിപ്പാൾ ആർ കെ അഹല്യ, ടെസ്സി തങ്കച്ചൻ എന്നിവരും പരിപാടിയിൽ പങ്കെടുത്തു. ഹെഡ് ഗേൾ ജെസീക്ക ജോജി നന്ദി പറഞ്ഞു പ്രോഗ്രാം വളരെ ഫലപ്രദവും പെൺകുട്ടികളുടെ ആത്മവിശ്വാസം വർധിപ്പിക്കുകയും ചെയ്തു.

ആഞ്ഞിലിമൂട്ടിൽ നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു; രാജഗിരി സ്വദേശികളായ യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ശാസ്താംകോട്ട: ആഞ്ഞിലിമൂടിനും നെല്ലിക്കുന്ന് മുക്കിനും ഇടയിലുള്ള വളവിൽ കാർ തല കീഴായി മറിഞ്ഞു. ഇന്നലെ അർദ്ധരാത്രിയിലാണ് സംഭവം.

ഡ്രൈവർ ഉൾപ്പെടെ രാജഗിരി സ്വദേശികളായ നാല് യാത്രക്കാരാണ് കാറിൽ ഉണ്ടായിരുന്നത്.തല കീഴായി മറിഞ്ഞ കാറിലെ യാത്രക്കാർ പരിക്കേൽക്കാതെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.കാർ പൂർണമായും തകർന്നു.

യോഗി പറഞ്ഞ കഥ എന്ന നോവൽ നടൻ മോഹൻലാൽ പ്രകാശനം ചെയ്തു

കൊല്ലം.ബി.ജയചന്ദ്രൻ രചിച്ച് സൈന്ധവ പ്രസിദ്ധീകരിച്ച` യോഗി പറഞ്ഞ കഥ എന്ന നോവൽ നടൻ മോഹൻലാൽ പ്രകാശനം ചെയ്തു . എറണാകുളം ട്രാവൻകൂർ കോർട്ട് ഹോട്ടലിൽ നടന്ന ചടങ്ങിൽ ബാലചന്ദ്രൻ ചുള്ളിക്കാട് ആദ്യ കോപ്പി ഏറ്റുവാങ്ങി.

ഭരണഘടനാ സാക്ഷരതാ ക്യാമ്പയിൻ ‘ദി സിറ്റിസൺ’ തുടക്കം കുറിച്ചു

വേങ്ങ. ഭരണഘടനാ സാക്ഷരതാ ക്യാമ്പയിൻ ‘ദി സിറ്റിസൺ’ സ്വദേശാഭിമാനി ഗ്രന്ഥശാലാ തലത്തിലുള്ള പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചു. ബ്ലോക്കു പഞ്ചായത്തു പ്രസിഡന്റു് അൻസർ ഷാഫി ഉൽഘാടനം നിർവഹിച്ചു. ക്ലാസുകളുടെ ഉൽഘാടനം ഗ്രാമപഞ്ചായത്തു പ്രസിഡന്റ് പി.എം.സെയ്ദ് നിർവഹിച്ചു.

ഗ്രാമപഞ്ചായത്തു് അംഗം അനിതാഅനീഷ് അദ്ധ്യക്ഷത വഹിച്ചു. ഗ്രന്ഥശാല സെക്രട്ടറി രാജശേഖര വാര്യർ സ്വാഗതമാശംസിച്ച യോഗത്തിൽ ജോ.സെക്രട്ടറി ജഹാംഗീർ ഷാ ഭരണഘടനയുടെ ആമുഖം അനാഛാദനം ചെയ്തു. സെനറ്റർ രതി പ്രതിജ്ഞ അവതരിപ്പിച്ചു. സെനറ്റർ മഞ്ജു ജഹാംഗീർ ക്ലാസെടുത്തു.

താമരക്കുളം വി വി എച്ച് എസ്‌ എസ്സിൽ ഇനി വിഷരഹിത ഭക്ഷണം

ചാരുംമൂട് :താമരക്കുളം വി വി എച്ച് എസ്‌ എസ്സിൽ ഇനി മുതൽ ഉച്ചഭക്ഷണത്തിൽ വിഷപ്പച്ചക്കറികളില്ല. സ്കൂൾ പി റ്റി എ യുടെ സഹകരണത്തോടെ കുട്ടികളുടെ വീടുകളിൽ ഉൽപാദിപ്പിക്കുന്ന നാടൻ കാർഷിക വിഭവങ്ങളും പച്ചക്കറികളും ഇനിമുതൽ സ്‌കൂളിലെത്തും. ഓപ്പൺ മാർക്കെറ്റിൽ നിന്നും വാങ്ങുന്ന പച്ചക്കറി സ്ഥിരമായി കഴിച്ചാലുണ്ടാകുന്ന ഭവിഷ്യത്ത് മുന്നിൽ കണ്ടാണ് ഈ പദ്ധതി സ്കൂളിൽ നടപ്പാക്കുന്നത്. സ്കൂളിലെ അധ്യാപകനും സംസ്ഥാന അദ്ധ്യാപക വനമിത്ര അവാർഡ് ജേതാവും ബാലാവകാശ പ്രവർത്തകനും കൂടിയായിട്ടുള്ള എൽ സുഗതനാണ് ഈ ആശയത്തിന് പിന്നിൽ. ഇദ്ദേഹം വളരെ കാലം മുന്നേ തന്നെ ഈ വിഷയത്തിൽ ഒറ്റയാൾ സമരം നടത്തിയിട്ടുണ്ട്. ഇദ്ദേഹം അധികൃതർക്ക്‌ സമർപ്പിച്ച നിരവധി നിവേദനങ്ങളിൽ പല ഉത്തരവുകളും വന്നിരുന്നു. എന്നാൽ ഒന്നും പ്രാവർത്തികമാക്കാൻ അധികൃതർക്ക്‌ കഴിഞ്ഞില്ല.

ഇതിനൊരു താത്കാലിക പരിഹാരമായിട്ടാണ് ഇങ്ങനെ ഒരു പദ്ധതി സംസ്ഥാനത്തു തന്നെ ആദ്യമായി സ്കൂൾ ഏറ്റെടുത്തത്. ഈ ആശയം സംസ്ഥാനമോട്ടാകെ ഏറ്റെടുക്കാനും, സംസ്ഥാനത്തെ സ്കൂളുകളിലെ പച്ചക്കറി കൃഷി കൂടുതൽ കാര്യക്ഷമമാക്കുവാനും ആഴ്ചയിൽ ഒരു പീരീഡ് കാർഷിക പഠനത്തിനായി മാറ്റി വെയ്ക്കണമെന്നുമുള്ള നിർദേശങ്ങളടങ്ങിയ നിവേദനം വീണ്ടും അധികൃതർക്ക്‌ സമർപ്പിക്കാനൊരുങ്ങുകയാണ് സുഗതൻ .
ഇതിന് മുന്നോടിയായി താമരക്കുളം വി വി എച്ച് എസ്‌ എസിൽ നടന്ന ചടങ്ങിൽ സുഗതന്റെ വീട്ടിൽ വിളഞ്ഞ പച്ചക്കറി ഉൽപ്പന്നങ്ങൾ സ്കൂൾ ഉച്ചഭക്ഷണ ശാലയിലേക്ക് സംഭാവന ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ എ എൻ ശിവപ്രസാദ് ഏറ്റുവാങ്ങിയ ചടങ്ങിൽ പി റ്റി എ പ്രസിഡന്റ്‌ എസ്‌. ഷാജഹാൻ അധ്യക്ഷനായിരുന്നു. ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് എസ്‌ സഫീന സ്വാഗതം പറഞ്ഞു. പ്രിൻസിപ്പൽ ജിജി എച്ച് നായർ മുഖ്യ പ്രഭാഷണം നടത്തി. എൽ സുഗതൻ പദ്ധതി വിശദീകരിച്ചു. അധ്യാപകരായ ടി. ഉണ്ണികൃഷ്ണൻ, ബി കെ ബിജു,എസ്‌ അജിത് കുമാർ,സി സന്തോഷ്‌ കുമാർ,പി റ്റി എ എക്സിക്യൂട്ടീവ് അംഗം അനീസ് മാലിക് എം എച്ച് ഗോപകുമാർ മധുരാപുരി എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി സി എസ്‌ ഹരികൃഷ്ണൻ നന്ദി പറഞ്ഞു.

Advertisement