ഓണ്‍ലൈന്‍ഗെയിമിന് പണം കണ്ടെത്താന്‍ വിദ്യാര്‍ഥിയുടെ മോഷണം, പൊട്ടിച്ചത് മുക്കുപണ്ടം, കുടുക്കി പൊലീസ്

Advertisement

അഞ്ചല്‍. ഓൺലൈൻ ഗെയിം കളിക്കാന്‍ പണം സമാഹരിക്കാന്‍ മോഷണത്തിനിറങ്ങി അപ്രതീക്ഷിത കുരുക്കില്‍പെട്ട വിദ്യാർഥി അറസ്റ്റിൽ. ഏരൂർ പത്തടി സ്വദേശി മുഹമ്മദ് യഹിയയാണ് അറസ്റ്റിലായത്. ഇയാൾ കഴിഞ്ഞ ദിവസം സ്വർണമാണെന്ന് കരുതി ഒരു വീട്ടില്‍ കടന്ന് മുക്കുപണ്ടം മോഷ്ടിച്ച സംഭവമുണ്ടായിരുന്നു.

മുഹമ്മദ് യഹിയ എന്ന 20 കാരൻ ആണ് അറസ്റ്റിലായത്. ഡിഗ്രി വിദ്യാർഥിയായ മുഹമ്മദ് യഹിയ കഴിഞ്ഞ ശനിയാഴ്ചയാണ് ഒരാളുടെ മേൽവിലാസം തിരക്കാനെന്ന വ്യാജേന അഞ്ചൽ കോമളം കുന്നിലുള്ള വൃക്ക രോഗിയുടെ വീട്ടിലെത്തിയത്. വീട്ടിലുണ്ടായിരുന്ന 61 കാരിയുടെ മാല പൊട്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു. എന്നാൽ മോഷ്ടിച്ചെടുത്ത മാല മുക്കുപണ്ടമായിരുന്നു. എങ്കിലും വീട്ടുകാര്‍ പൊലീസിന് വിവരം നല്‍കി.

ഇതിനു പിന്നാലെ സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. യഹിയക്ക് പലതവണ ഓൺലൈൻ ഗെയിം കളിച്ച് ലക്ഷങ്ങൾ നഷ്ടപ്പെട്ടു. കളിക്കായി ബന്ധുക്കൾ ഉൾപ്പെടെ നിരവധി പേരിൽ നിന്ന് പണം കടം വാങ്ങിയിരുന്നു. വീണ്ടും കളിക്കാനായാണ് മോഷണത്തിന് ഇറങ്ങിയത് എന്ന് പ്രതി സമ്മതിച്ചു. അറസ്റ്റ് ചെയ്ത പ്രതിയെ മോഷണം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Advertisement