കൊട്ടാരക്കര: മരണപ്പെട്ട മകളുടെ സംസ്‌കാര കര്‍മ്മങ്ങള്‍ നടക്കുന്നതിനിടെ അമ്മയും കുഴഞ്ഞു വീണു മരിച്ചു. നെടുവത്തൂര്‍, കുറുമ്പാലൂര്‍, ഭൂതകുഴി അശ്വതി ഭവനില്‍ അശ്വതി (27) അസുഖം ബാധിച്ച് മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കിടെ ഇന്ന് മരണപ്പെട്ടിരുന്നു. പിന്നീട് അശ്വതിയുടെ സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നതിനിടെ അശ്വതിയുടെ അമ്മ ഗീത(48)യും കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.
കശുവണ്ടി തൊഴിലാളിയാണ് ഗീത. ദീര്‍ഘനാളായി ഒരോരോ ദുഃഖങ്ങള്‍ക്ക് നടുവിലായിരുന്നു ഈ കുടുംബം. കുടുംബത്തില്‍ ഇനി അവശേഷിക്കുന്നത് ഗീതയുടെ ഭര്‍ത്താവ് മോഹനന്‍ മാത്രമാണ്.

ഇവരുടെ ഇളയമകന്‍ അരുണ്‍ പത്താം വയസില്‍ അടുത്തുള്ള പാറക്കുളത്തില്‍ വീണു മരിച്ചിരുന്നു. അതിന് ശേഷമാണ് മകള്‍ അശ്വതിക്ക് സുഖമില്ലാത്ത അവസ്ഥയിലേക്ക് മാറിയതും നിരന്തരം ചികിത്സകള്‍ നടത്തി വരികയുമായിരുന്നു. അതിനിടയ്ക്കാണ് ഇപ്പോള്‍ കുടുംബത്തില്‍ വീണ്ടും ഇരുവരുടെയും മരണം സംഭവിച്ചിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ മകള്‍ അശ്വതിയുടെ ഭൗതിക ശരീരം സംസ്‌കരിച്ചതിന് സമീപത്തായി തന്നെ വൈകിട്ട് അഞ്ചു മണിക്ക് അമ്മ ഗീതയുടെ ഭൗതിക ശരീരവും സംസ്‌കരിച്ചു. തുടരെയുള്ള കുടുംബാംഗങ്ങളുടെ മരണത്തില്‍ ബന്ധുക്കളും പരിസരവാസികളും ഏറെ ദുഃഖത്തിലായിരിക്കുകയാണ്.