നീണ്ടകര താലൂക്ക് ആശുപത്രിയില്‍ആയുധവുമായി ബൈക്കിലെത്തിയ മൂന്നംഗ സംഘം നടത്തിയ അക്രമത്തില്‍ രണ്ട് പേര്‍ക്ക് പരുക്ക്

ചവറ.നീണ്ടകര താലൂക്ക് ആശുപത്രിയില്‍ആയുധവുമായി ബൈക്കിലെത്തിയ മൂന്നംഗ സംഘം നടത്തിയ അക്രമത്തില്‍ രണ്ട് പേര്‍ക്ക് പരുക്ക്.അത്യാഹിത വിഭാഗത്തിലെ കൗണ്ടര്‍അടിച്ചു തകര്‍ത്തുസ്റ്റാഫ് നഴ്‌സിന് ചവിട്ടി വീഴ്ത്തി മര്‍ദ്ദിക്കുകയായിരുന്നു.നഴ്‌സ് ശ്യാമിലി, സുരക്ഷാ ജീവനക്കാരന്‍ ശങ്കരന്‍കുട്ടിഎന്നിവര്‍ക്കാണ് പരുക്കേറ്റത്. തടയാനെത്തിയ ഡോ. ഉണ്ണികൃഷ്ണനെ കമ്പി വടിക്ക് അടിക്കാന്‍ ശ്രമിച്ചു, തലനാരിഴക്കാണ് അദ്ദേഹം രക്ഷപ്പെട്ടത്. രണ്ടുദിവസംമുമ്പ് ഒരു രോഗിയുമായെത്തിയആളോട് മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെട്ടതിനെച്ചൊല്ലിഅന്ന് അക്രമം നടന്നിരുന്നു, അതിന്റെ പേരില്‍ ചവറ പൊലീസില്‍ആശുപത്രി സൂപ്രണ്ട് പരാതി നല്‍കി. ഇതിന്റെ വൈരാഗ്യത്തിലാണ് അക്രമം.അക്രമം നടത്തിയത് നീണ്ടകര സ്വദേശികളായ വിഷ്ണു, രതീഷ്, അഖിൽ എന്നിവരാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഇവർ ഒളിവിലാണെന്നും തിരച്ചിൽ ഊർജ്ജിതമന്നും പൊലീസ് പറഞ്ഞു.
പ്രതികളെപ്പറ്റി സൂചന ലഭിച്ചതുപ്രകാരം പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. പ്രതികള്‍ഒളിവിലെന്നാണ് പൊലീസ് പറയുന്നത്.

കല്ലുകടവ് പാലത്തിന് ശാപമോക്ഷം; കുഴികൾ അടച്ച് ടാറിംഗ് നടത്തി,ഇനി സുഗമമായി യാത്ര ചെയ്യാം

ശാസ്താംകോട്ട : കുന്നത്തൂർ -കരുനാഗപ്പള്ളി താലൂക്കുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കല്ലുകടവ് പാലത്തിന് ഒടുവിൽ ശാപമോക്ഷം ലഭിച്ചു.പാലത്തിൽ രൂപപ്പെട്ട നൂറുകണക്കിന് കുഴികൾ അടച്ച് ടാറിംഗ് നടത്തി.ഇനി മുതൽ ഇതു വഴി യാത്രക്കാർക്കും ഡ്രൈവർമാർക്കും സുഗമമായി യാത്ര ചെയ്യാം.മൂന്ന് വർഷത്തിലധികമായി ടാറിംഗ് ചെയ്യാത്തത് മൂലം വലുതും ചെറുതുമായ നിരവധി കുഴികൾ രൂപപ്പെട്ട് പാലത്തിൽ കൂടിയുള്ള യാത്ര അപകടകരമായിരുന്നു.നൂറ് കണക്കിന് വാഹനങ്ങൾ ദിനംപ്രതി കടന്ന് പോകുന്ന ശാസ്താംകോട്ട – കരുനാഗപ്പള്ളി പ്രധാന പാതയിലെ കല്ലുകടവ് പാലത്തെ അധികൃതർ അവഗണിക്കുകയായിരുന്നു.

കിഫ്ബി പദ്ധതി പ്രകാരം ശാസ്താംകോട്ട – കരുനാഗപ്പള്ളി റോഡ് നവീകരിച്ചെങ്കിലും വികസനം പാലത്തിലേക്ക് തിരിഞ്ഞു നോക്കിയില്ല.കാൽനട യാത്രയ്ക്കു പോലും തടസമായ കുഴികളെങ്കിലും അടയ്ക്കാൻ ആരും തയ്യാറായില്ല.കൊട്ടാരക്കര – കരുനാഗപ്പള്ളി പ്രധാന റൂട്ടിൽപ്പെടുന്ന
പാലം വഴി ദിവസവും ആയിരക്കണക്കിന് വാഹനങ്ങളാണ് കടന്നുപോകുന്നത്.പാലത്തോടുള്ള അധികൃതരുടെ അവഗണനയെ കുറിച്ച് നാട്ടിലെ പൊതുപ്രവർത്തകർ പൊതുമരാമത്ത് വകുപ്പ് മന്ത്രിയോട് പരാതിപ്പെട്ടു.

തുടർന്ന് മന്ത്രി അടിയന്തിര നടപടിക്ക് നിർദ്ദേശം നൽകുകയും ചെയ്തിരുന്നു.ഇതിനെ തുടർന്ന് ചെറിയ അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും റോഡ് പഴയ രീതിയിൽ ആയിരുന്നു.ശാശ്വതമായ പരിഹാരം എഞ്ചിനീയർമാരോട് ആവശ്യപ്പെട്ടപ്പോൾ കരാറുകാർ പണി ഉപേക്ഷിച്ചു പോയന്നും ഇനി പുതിയ കരാറുകാർ വന്നങ്കില്ലേ ശാശ്വത പരിഹാരം ഉണ്ടാകൂ എന്നുമായിരുന്നു നിലപാട്.പ്രതിഷേധം ശക്തമായതിനെ തുടർന്ന് പി.ഡബ്ല്യൂ.ഡി ഉദ്യോഗസ്ഥർ ഇടപെട്ട് കരാറുകാരനെ കൊണ്ട് റോഡ് ടാറിംഗ് നടത്തുകയായിരുന്നു.

യോഗാദിനാചരണം നടത്തി

ശാസ്താംകോട്ട : ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളിൽ ഏട്ടാമത് അന്തർദേശിയ യോഗാദിനാചരണത്തിന്റെ ഭാഗമായി സെവൻ കേരളാ ബറ്റാലിയന്റെ ജില്ലാതല ആഘോഷത്തിൽ സേവൻത് കേരള ബറ്റാലിയൻ എൻ.സി.സി കൊല്ലം യൂണിറ്റുകളിൽ നിന്നും നാന്നൂറ്റിയിരുപത്തിയഞ്ചോളം കേഡറ്റുകൾ പങ്കെടുത്തു.
യോഗാ ദിനാചരണത്തിൽ
ജർമ്മനിയിൽ നിന്നുള്ള വിശിഷ്ടാഥിതി വിൻഫ്രീഡ്‌ റോത് ഉദ്ഘാടനം നിർവഹിച്ചു. യോഗയുടെ നേട്ടങ്ങളെക്കുറിച്ച് കുട്ടികൾക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിനായാണ് യോഗ ദിനം ആഘോഷിച്ചത്.


ഭാരതീയ സംസ്‌കാരം ലോകത്തിനു നല്‍കിയ സംഭാവനകളില്‍ ഒന്നാണ് യോഗാഭ്യാസം. ആന്തരികവും ബാഹ്യവുമായ ശുചിത്വം ഉറപ്പ് വരുത്തി, പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിച്ചുകൊണ്ട് നിത്യപരിശീലനത്തിലൂടെ മനസ്സിന്റേയും ആത്മാവിന്റേയും അനന്തസാധ്യതകള്‍ പുറത്തേക്ക് കൊണ്ടുവരുന്ന വ്യായാമമുറയാണ് യോഗ.
കമാൻന്റന്റ് ഓഫീസർ കേണൽ സന്ദീപ് ശർമ്മ (സെവൻ കേരള ബറ്റാലിയൻ NCC കൊല്ലം)
ഫാദർ ഡോക്ടർ. ജി എബ്രഹാം തലോത്തിൽ,ബോണിഫേഷ്യ വിൻസെന്റ് എന്നിവർ യോഗാചരണത്തിന് നേതൃത്വം നൽകി.

വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനവും വായനാദിന – മാസാചരണ വും
മൈനാഗപ്പള്ളി: ശ്രീ ചിത്തിര വിലാസം യുപി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനാദിന- മാസാചരണ വും സാഹിത്യവേദിയുടെ സ്കൂൾതല ഉദ്ഘാടനവും സംഘടിപ്പിച്ചു. പ്രസ്തുത പരിപാടി നോവലിസ്റ്റും മാധ്യമപ്രവർത്തകനുമായ ശ്രീ ഹരി കുറിശ്ശേരി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ശ്രീ അജിത് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ എച്ച് എം സുധ ദേവി ടീച്ചർ സ്വാഗതം ആശംസിച്ചു.

ഗ്രാമപഞ്ചായത്ത് അംഗം ശ്രീ ബിജുകുമാർ, മാനേജ്മെന്റ് പ്രതിനിധി ശ്രീ കല്ലട ഗിരീഷ്, ശ്രീമതി ജയലക്ഷ്മി, ശ്രീ സൈജു, സുനീഷ് , മുഹമ്മദ് സജാദ്, അനന്തകൃഷ്ണൻ എന്നിവർ സംസാരിച്ചു വിദ്യാരംഗം കലാ സാഹിത്യ വേദി കൺവീനർ ഉണ്ണി ഇലവിനാൽ നന്ദി രേഖപ്പെടുത്തി. വായനാ ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിൽ പുസ്തക ചർച്ച, പുസ്തകപ്രദർശനം, കുട്ടികളുടെ കയ്യെഴുത്തുമാസിക നിർമ്മാണം, സാഹിത്യ ക്വിസ്, സെമിനാറുകൾ, വിവിധ സാഹിത്യരചന മത്സരങ്ങൾ, ലൈബ്രറിയിൽ മെമ്പർഷിപ്പ് എടുക്കൽ, തുടങ്ങി വിവിധ ഇനം പരിപാടികൾ സംഘടിപ്പിക്കും

കോവില്‍തോട്ടത്ത് രണ്ടു കുട്ടികളെ കടലില്‍ കാണാതായി

ചവറ. കോവില്‍തോട്ടത്ത് രണ്ടു കുട്ടികളെ കടലില്‍ കാണാതായി. കടലില്‍ കൂട്ടുകാര്‍ക്കൊപ്പം കളിക്കാനിറങ്ങിയ ഇടപ്പള്ളിക്കോട്ട സ്വദേശികളായ വിനേഷ്(16),ജയകൃഷ്ണന്‍(17)എന്നിവരെയാണ് തിരയില്‍പെട്ട് കാണാതായത്. കടലില്‍ കുളിക്കാനിറങ്ങിയതാണെന്ന് കരുതുന്നു. തിരച്ചില്‍ ലക്ഷ്യം കണ്ടില്ല. വൈകിട്ട് ആറരയോടെയാണ് അപകടം. ജയകൃഷ്ണന്‍ ഇന്നലെ ഹയര്‍സെക്കന്‍ഡറി ഫലം വന്നപ്പോള്‍ വിജയിച്ചിരുന്നു. വിനീഷ് കഴിഞ്ഞ ആഴ്ച എസ്എസ്എല്‍സി പരീക്ഷ വിജയിച്ചു. വിജയാഹ്‌ളാദത്തില്‍ കൂട്ടുകാരുമൊത്ത് കടലില്‍ ഇറങ്ങിക്കളിക്കുന്നതിനിടെയാണ് അപകടം.

ഒരുമിച്ചുണ്ടായിരുന്ന മൂന്നുകൂട്ടുകാരുടെ കണ്മുന്നിലാണ് തിര ഇവരെ പിടിച്ചെടുത്തത്. കൂട്ടുകാര്‍ ഇവരെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ലെന്നു പറയുന്നു. വിനീഷിന്റെ പിതാവ് ആനപാപ്പാനായിരുന്ന ബിജുമൂന്നുവര്‍ഷംമുന്പാണ് ആനയുടെ ചവിട്ടേറ്റ് മരിച്ചത്. അമ്മയും ഏക സഹോദരനുമുള്ള കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു വിനീഷ്,പന്മന വടക്കുംതല സ്വദേശികളായ ഇവര്‍ ചെറുശേരിഭാഗത്ത് വാടകവീട്ടിലാണ് താമസിക്കുന്നത്. എസ് വി പിഎം ഹൈസ്‌കൂളിലാണ് വിനീഷ് പഠിക്കുന്നത്. പന്മന മനയില്‍ എസ്ബിവിഎസ് ജിഎച്ച്എസ്എസിലെ വിദ്യാര്‍ഥിയാണ് ജയകൃഷ്ണന്‍.
പുറമേ ശാന്തമെന്നുതോന്നുമെങ്കിലും അപകടം പിടിച്ച കടല്‍ത്തീരമാണ് കോവില്‍തോട്ടം 132. കടല്‍ഭിത്തികടന്ന് കടലേറിക്കിടക്കുന്ന ഇവിടെ അപകടം പതിവായിട്ടും അപകടം തടയാന്‍ സംവിധാനമില്ല.

വായന പക്ഷാചരണം

പോരുവഴി :- ചക്കുവള്ളി മിഴി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ വായന പക്ഷാചരണത്തിൻ്റെ ഭാഗമായി ശൂരനാട് വടക്ക് പിഎസ്പിടിഎം എൽ പി (അർത്തിയിൽ ) സ്കൂളിൽ പുസ്തക പ്രദർശനവും, നാടൻപാട്ട് പരിശീലനവും,
സ്കൂൾ ലൈബ്രറിയ്ക്ക് പുസ്തകങ്ങൾ കൈമാറുകയും ചെയ്തു. ജൂൺ 19 ന് തുടങ്ങി ജൂലൈ 07 വരെ നീണ്ട് നിൽക്കുന്ന പരിപാടികളളാണ് നമുക്ക് വായനയിലൂടെ വളരാം എന്ന പേരിൽ സംഘടിപ്പിക്കുന്നത്. സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ച പരിപാടി ശൂരനാട് വടക്ക് ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുനിത ലത്തീഫ് ഉദ്ഘാടനം ചെയ്തു. സ്കൂൾ എച്ച് എം റെജീന ഹസൻ അദ്ധ്യക്ഷയായി.


ശാസ്താംകോട്ട ബിപിഒ കിഷോർ കെ കൊച്ചയ്യം വായനദിന സന്ദേശം നല്കി. കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻ്റ് ബി.ബിനീഷ് സ്കൂൾ ലൈബ്രറിയ്ക്ക് പുസ്തകം കൈമാറി .ഫെലോഷിപ്പ് ജേതാവും നാടൻപാട്ട് കലാകരനുമായ ബൈജു മലനട നാടൻപാട്ട് പരിശീലനത്തിന് നേതൃത്വം നല്കി. താലൂക്ക് കൗൺസിൽ അംഗം അക്കരയിൽ ഹുസൈൻ ,ഗ്രന്ഥശാല സെക്രട്ടറി എം.സുൽഫിഖാൻ റാവുത്തർ, സുമ ടീച്ചർ, ധന്യ ടീച്ചർ, റ്റി എസ് നൗഷാദ്, സബീന ബൈജു എന്നിവർ പ്രസംഗിച്ചു.