സ്വർണശേഖരം കടത്തിയ പറങ്കികൾ

കരുനാഗപ്പള്ളിരേഖകൾ -5
ഡോ. സുരേഷ് മാധവ്

അരക്കിലോ കുരുമുളകിന് പതിനാറു പവൻ സ്വർണം!
അതായിരുന്നു രണ്ടായിരം വർഷം മുമ്പ്, വിദേശികളുമായി മലയാളികൾ നടത്തിയ കച്ചവടത്തിന്റെ പൊന്നുംവിലയെന്ന് ചരിത്രം പറയുന്നു. റോമൻസ്വർണം ഇന്ത്യയിലേക്ക് ഒഴുകുന്നതുകണ്ട് പ്ലിനി (AD 23-79) നെടുവീർപ്പിട്ടിരുന്നു. സ്വർണം കുഴിച്ചെടുക്കുന്ന ഉറുമ്പുകൾ ഇന്ത്യയിലുണ്ടെന്ന് “ഇൻഡിക്ക “എന്ന കൃതിയിൽ മെഗസ്തനീസ് (മൂന്നാം നൂറ്റാണ്ട് )എഴുതിവച്ചു. മലയാളിയുടെ പ്രേമത്തിലും താരാട്ടിലുമെല്ലാം പൊന്നിൻകുടവും തങ്കകുടവുമൊക്കെ വന്നിലെങ്കിലേ അതിശയമുള്ളൂ!പൊന്നമ്മയും തങ്കപ്പനു മില്ലാത്ത സ്ഥലങ്ങൾ കേരളത്തിലുണ്ടോ?!സ്വർണത്തെ “രാശി” എന്നുവിളിച്ച് ആദരിച്ച മലയാളികൾക്ക് രാശിപ്പണം വെയ്ക്കാത്ത ഒരു നല്ല ചടങ്ങും ഉണ്ടായിരുന്നില്ല. ഈ സ്വർണലഹരി കാരണമാണ് ഗുണമുള്ള മണ്ണിനെ “നല്ല രാശിയുള്ള മണ്ണ് “എന്നു നമ്മൾ പറയാൻ തുടങ്ങിയത്. കേരളത്തിലാദ്യമായി രാശിപ്പണം ഇറക്കിയ പരശുരാമൻ അത് ബ്രാഹ്മണർക്ക് ദാനം കൊടുക്കുകയും ബാക്കിവന്നത് പുഷ്പകവിമാനം വഴി കേരളത്തിലെമ്പാടും വിതറുകയും ചെയ്തു എന്നാണ് കേരളോത്പത്തിക്കഥ!

കരുനാഗപ്പള്ളിയിൽ കൂടുതൽ രാശി തെളിഞ്ഞോ എന്നു സംശയം!പ്രാചീനമായ അങ്ങാടികളിലൊന്നു തേവലക്കരയായിരുന്നു. കാട്ടുവിളയായ കുരുമുളക് വിറ്റ് നാട്ടുകാർ സ്വർണം വാരിക്കൂട്ടി. ക്ഷേത്രങ്ങളായിരുന്നു സ്വർണസംഭരണകേന്ദ്രങ്ങൾ. നിധി സൂക്ഷിക്കാൻ ചാവേറുകളും നിലകൊണ്ടു.1544 ഡിസംബർ അവസാനവാരത്തിൽ ലോകം മുഴുവൻ ക്രിസ്തുമസ്-ആഘോഷങ്ങളുടെ നക്ഷത്രവെളിച്ചം തൂവുന്ന സന്ദർഭത്തിലാണ് തേവലക്കരയിലെ ക്ഷേത്രങ്ങൾ പോർട്ടുഗീസുകാർ ആക്രമിച്ചത്.

ഇന്ത്യയിലെ പോർട്ടുഗൽ ഗവർണറായ മാർത്തീം അഫോൻസാ ഡിസൂസ(1500-1564)യുടെ നേതൃത്വത്തിലാണ് പറങ്കിസംഘം കൊള്ളയും കൊലയും കൊള്ളിവെയ്പ്പും നടത്തിയത്. അതിനു പോർട്ടുഗൽ രാജാവിന്റെ അനുമതിയും ഉണ്ടായിരുന്നു. മൈലപ്പൂർ -തിരുമല ക്ഷേത്രങ്ങൾ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും, കാറ്റിന്റെ പ്രതികൂലഗതി കാരണം ലക്ഷ്യം പാളി തിരിച്ചുവരുന്ന വഴിയാണ് തേവലക്കരയിലെ സ്വർണശേഖരം പിടിച്ചെടുക്കാം എന്നു മാർത്തീം തീരുമാനിക്കുന്നത്.

ജാഫ്നാ പട്ടണത്തിലെ രാജാവ് പ്രതിവർഷം 4000 സ്വർണനാണ്യം തന്നുകൊള്ളാം എന്ന് വ്യവസ്ഥ ചെയ്ത് ആക്രമണത്തിൽ നിന്ന് തലയൂരി. കന്യാകുമാരിയിലെ” മൂത്തതിരുവടി”ഒരു വലിയ സ്വർണസമ്മാനം നൽകി അപകടത്തിൽ നിന്ന് രക്ഷപെട്ടു. ആക്രമണത്തെക്കുറിച്ചുള്ള അറിയിപ്പ് തേവലക്കരക്ഷേത്രത്തിലെ ഊരാളസംഘത്തിനു കിട്ടിയപ്പോൾ,12000 സ്വർണനാണ്യം കൊടുക്കാമെന്നു പറഞ്ഞെങ്കിലും മാർത്തിനും അനുയായികളും പിന്തിരിഞ്ഞില്ല. തെക്കുവഴിയാകാം കൊള്ളസംഘം വരുന്നതെന്ന് കരുതി ചാവേറുകൾ അങ്ങോട്ട്‌ നീങ്ങിയിരുന്നു. കരുനാഗപ്പള്ളി പണ്ടാരതുരുത്തിൽ നിന്നാണ് പറങ്കികൾ തേവലക്കരയിൽ എത്തിയത്.

രാത്രിയായപ്പോൾ പറങ്കി കൂട്ടം അമ്പലത്തിലെത്തി തറ മുഴുവൻ കുത്തിക്കിളച്ചു പരിശോധിച്ചു.രണ്ടു വീപ്പകളിലായി നിറച്ചു വെച്ചിരുന്ന വെടിമരുന്ന് കളഞ്ഞശേഷം,അവകളിൽ സ്വർണം നിറച്ച് പുറത്തേയ്ക്ക് കൊടുക്കുകയായിരുന്നു. എട്ട് അടിമകളാണ് ആ വീപ്പകൾ ചുമന്നു കപ്പലിൽ എത്തിച്ചത്. പന്ത്രണ്ടോളം ചാവേറുകൾ തലവനൊപ്പം വന്ന് പറങ്കികളെ ആക്രമിക്കാൻ തുടങ്ങിയതോടെ നാട്ടുകാരും ഒപ്പം കൂടി. മുപ്പത്തോളം പറങ്കിപടയാളികൾക്കൊപ്പം എല്ലാ ചാവേറുകളും നാട്ടുകാരിൽ ചിലരും മരിച്ചുവീണു. നൂറ്റിമുപ്പത്തോളം പേർക്ക് പരിക്ക് പറ്റി. തേവലക്കര അങ്ങാടിയ്ക്ക് തീവച്ചശേഷം തെക്കോട്ടു പോയി മറ്റൊരു ക്ഷേത്രം കൂടി പറങ്കിപ്പട ആക്രമിച്ചു.

അവിടെനിന്ന് കിട്ടിയ ഒരേയൊരു ഭണ്ഡാരപെട്ടിയിലുണ്ടായിരുന്ന വെള്ളിനാണയങ്ങൾ അക്രമികൾ പങ്കിട്ടെടുത്തു.സ്വർണശേഖരം കിട്ടിയ വാർത്ത പോർട്ടുഗൽ രാജാവിനെ സന്തോഷിപ്പിച്ചു. എങ്കിലും, അമ്പത് പവൻ തൂക്കമുള്ള അഭിഷേകപാത്രം തിരിച്ചു കൊടുക്കാൻ രാജാവ് കല്പിച്ചുവെന്ന് ചരിത്രരേഖകളിൽ കാണുന്നു. ഫെറിയ വൈ സൂസ, ചാൾസ് ഡാൻവേഴ്സ്, ഡിയാഗോ ഗോൻസൽവസ്, , റോബർട്ട്‌ കേർ തുടങ്ങിയ പോർട്ടുഗീസുകാരുടെ രചനകളിൽ തേവലക്കരക്കലാപം വിവരിക്കുന്നുണ്ട് ഈ വിഷയത്തിൽ കേരളീയചരിത്രകാരന്മാർ അടിസ്ഥാനമാക്കിയത് ആർ. എസ്. വൈറ്റ് വേ എഴുതിയ “the rise of portughese power in india “എന്ന കൃതിയാണ്. സർദാർ കെ. എം പണിക്കർ രചിച്ച “പറങ്കിപ്പടയാളി “എന്ന നോവലിൽ തേവലക്കരയിലെ ഈ സ്വർണകൊള്ളയാണ് പശ്ചാത്തലം.

Advertisement