കൊട്ടിയത്ത് നിർമാണം നടന്നുകൊണ്ടിരുന്ന വീടിന്റെ മുകൾനിലയിൽ നിന്നും കോൺക്രീറ്റ് പാളികൾ തകർന്നുവീണ് നിർമാണത്തിൽ ഏർപ്പെട്ടിരുന്ന രണ്ട് തൊഴിലാളികൾ മരിച്ചു

Advertisement

കൊട്ടിയം: കൊട്ടിയത്ത് നിർമാണം നടന്നുകൊണ്ടിരുന്ന വീടിന്റെ മുകൾനിലയിൽ നിന്നും കോൺക്രീറ്റ് പാളികൾ തകർന്നുവീണ് നിർമാണത്തിൽ ഏർപ്പെട്ടിരുന്ന രണ്ട് തൊഴിലാളികൾ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു.വാളത്തുംഗൽ ചേതനാ നഗർ 63 തോണ്ടി വയലിൽ വീട്ടിൽ രഘു (43) ,അയത്തിൽ വലിയ മാടം ന്യൂനഗർ കല്ലും പുറത്തു വീട്ടിൽ അജന്തൻ (43) എന്നിവരാണ് മരിച്ചത്.

ഇവരൊടൊപ്പമുണ്ടായിരുന്ന അയത്തിൽ സ്വദേശി ബിനുവാണ് പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്നത്.വെള്ളിയാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെ കൊട്ടിയം ജംഗ്ഷനടുത്ത് വനിതാ ഫാഷൻ ജുവലറിക്ക് തെക്കുവശത്തായിരുന്നു സംഭവം.തിരുവനന്തപുരം സ്വദേശിയായ വിനോദ് കുമാറിന് വേണ്ടി നിർമിച്ചു കൊണ്ടിരിക്കുന്ന വീടിന്റെ രണ്ടാമത്തെ നിലയുടെ മുകളിൽ കോർണിഷ് വർക്കുകൾ നടത്തി കൊണ്ടിരിക്കെ വീടിന് പുറത്ത് തേക്കിൻകഴകൾ കൊണ്ട് നിർമിച്ചിരുന്ന ചാരിൽ നിന്നും നിർമാണ പ്രവർത്തനങ്ങൾ നടത്തി കൊണ്ടിരുന്നവരുടെ പുറത്തേക്ക് കൂരയുടെകോൺക്രീറ്റ് പാളി തകർന്നു വീഴുകയായിരുന്നു.

ചാരം തകർന്ന് താഴെക്കു വീണ ഇവരുടെ പുറത്തേക്ക് കോൺക്രീറ്റ് പാളി വീഴുകയായിരുന്നു. വീടിന് മുകളിൽ ഇവരൊടൊപ്പം സിമന്റ് മിക്സിംഗിലും മറ്റും ഏർപ്പെട്ടിരുന്ന നാരായണൻ, പൊടിമോൻ എന്നിവർ ഉടൻ തന്നെ താഴെയിറങ്ങി പ്രദേശവാസികളുടെ സഹായത്തോടെ കോൺക്രീറ്റ് പാളികൾക്കിടയിൽ കിടന്ന മൂവരെയും പുറത്തെടുത്ത് അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രുഷ നൽകിയ ശേഷം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രഘുവിന്റെ ജീവൻ രക്ഷിക്കാനായില്ല.

പരിക്ക് ഗുരുതരമായതിനാൽ അജന്തനെയും, ബിനുവിനെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും അജന്തനും മരണമടയുകയായിരുന്നു. പള്ളിമൺ സ്വദേശിയായ ഒരാൾക്കായിരുന്നു വീട് നിർമിക്കുവാൻ കരാർ നൽകിയിരുന്നത്. മരിച്ചവരുടെ മൃതദേഹങ്ങൾ അതാത് മെഡിക്കൽ കോളേജുകളിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൊട്ടിയം പൊലീസ് കേസെടുത്തു.മരണമടഞ്ഞ രഘുവിന്റെ ഭാര്യ :കാർത്തിക, മകൾ: കീർത്തന രഘു

പ്രശാന്തിയാണ് അജന്തന്റെ ഭാര്യ.കാശിനാഥ്, കൈലാസ് നാഥ് എന്നിവരാണ് മക്കൾ.

Advertisement