ശാസ്താംകോട്ട : നാടിനെ സേവിക്കാനും മറ്റുള്ളവരെ സഹായിക്കാനും വേണ്ടിയുള്ളതാകണം രാഷ്ട്രീയ പ്രവർത്തനമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അഭിപ്രായപ്പെട്ടു.ഇതിനു വിരുദ്ധമായ കാര്യങ്ങളാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്.എന്നാൽ ശാസ്താംകോട്ട സുധീർ ഇതിൽ നിന്നെല്ലാം ഏറെ വ്യത്യസ്ഥനായിരുന്നു.മറ്റുള്ളവരെ
സഹായിക്കുന്നത് ജീവിതവ്രതമായി എടുത്ത നേതാവായിരുന്നു അദ്ദേഹം. പ്രതിസന്ധി കാലത്തും അല്ലാത്തപ്പോഴും സുധീറിനെ തേടിയെത്തിയവർ നിരവധിയാണ്.

അവർക്കെല്ലാം ആശ്വാസം പകരാൻ ആത്മാർത്ഥമായി പ്രവർത്തിച്ച സുധീറിന്റെ വിയോഗം കോൺഗ്രസിന് എക്കാലത്തും നികത്താൻ കഴിയാത്തതാണെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു.കോൺഗ്രസ് ശാസ്താംകോട്ട ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ശാസ്താംകോട്ട സുധീറിന്റെ ഒന്നാം ചരമ വാർഷിക അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തുണ്ടിൽ നൗഷാദ് അധ്യക്ഷത വഹിച്ചു.കൊടിക്കുന്നിൽ സുരേഷ് എം.പി,പി.സി വിഷ്ണു നാഥ് എംഎൽഎ ,ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്,ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ,കെപിസിസി നേതാക്കളായ അഡ്വ.എ.ഷാനവാസ് ഖാൻ,ജി.പ്രതാപവർമ തമ്പാൻ,പി.ജർമിയാസ്,എഴുകോൺ നാരായണൻ,എം.വി ശശികുമാരൻ നായർ,കല്ലട രമേശ്,ദിനേശ് ബാബു,അബ്ദുൾ റഷീദ്,ഉല്ലാസ് കോവൂർ,കല്ലട ഗിരീഷ്,പി.കെ രവി,വൈ. ഷാജഹാൻ,കാരുവള്ളി ശശി, അഡ്വ.തോമസ് വൈദ്യൻ,രവി മൈനാഗപ്പള്ളി,ഗോകുലം അനിൽ,സുധീർ ജേക്കപ്പ്,കെ.സുകുമാരൻ നായർ എന്നിവർ പങ്കെടുത്തു.