ദുബായ്. ക്യാംപസ് സൗഹൃദത്തിന്റെ ചിറകുവീശി അവര്‍ മറുനാട്ടിലെത്തി. സൗഹൃദത്തിന്റെ ക്യാംപസ് പ്രതീകങ്ങളായി എടുത്തുകാണിച്ച അലിഫ് മുഹമ്മദും കൂട്ടുകാരായആര്യയും അര്‍ച്ചനയുമാണ് വിദേശമലയാളികളുടെ ക്ഷണം സ്വീകരിച്ച് മറുനാട്ടിലെത്തിയത്.


ശാസ്താംകോട്ട കെഎസ്എം ഡിബി കോളജില്‍ നിന്നും ജഗത് തുളസീധരനാണ് ആ സൗഹൃദത്തന്റെ മനോഹര നിമിഷം ഒപ്പിയെടുത്തത്. ജന്മനാകാലിന് സ്വാധീനമില്ലാത്ത അലിഫിനെ കൈകളിലെടുത്ത് ക്‌ളാസിലേക്കുപോകുന്ന ആര്യയും അര്‍ച്ചനയുമാണ് ചിത്രത്തിലുണ്ടായിരുന്നു. സൗഹൃദം പുറംതോടില്‍മാത്രമാകുന്ന ആധുനികകാലത്ത് അത് കരളില്‍ത്തട്ടിയ സൗഹൃദത്തിന്റെ നേര്‍ക്കാഴ്ചയായി വാഴ്ത്തപ്പെട്ടു.

ചിത്രം വൈറലായതോടെ അലിഫിനെയും കൂട്ടുകാരെയും തേടി സമ്മാനങ്ങളെത്തി. കെപിസിസി കലാവിഭാഗം നേതാവ് ആര്യാടന്‍ ഷൗക്കത്ത് മുന്നിട്ട് അലിഫിന് കോളജിലെത്താന്‍ മുച്ചക്രവാഹനം വാങ്ങിനല്‍കി. യുഎഇയിലെ എഫ്എം റേഡിയോയിലെ വാര്‍ത്താ അവതാരകന്‍ ഫസല്‍ നടത്തിയ ഫോണ്‍ ഇന്റര്‍വ്യൂവിലാണ് അലിഫ് ദുബായ്കാണാന്‍ താല്‍പര്യം പ്രകടിപ്പിച്ചത്.

വാര്‍ത്ത ശ്രദ്ധയിലെത്തിയതോടെ സ്മാര്‍ട് ട്രാവല്‍സ് എംഡി അഫി അഹമ്മദ് എല്ലാ ചിലവുകളും താന്‍വഹിക്കാമെന്നേറ്റ് ഇവരെ അറബിനാട്ടിലെത്തിക്കുകയായിരുന്നു. ദുബായിലേക്ക് അലിഫിന്റെ ഉമ്മ സീനത്തും എത്തിയിട്ടുണ്ട്. ദുബായ് ഫ്രയിം ഉയരവിസ്മയമായ ബുര്‍ജ് ഖലീഫ എന്നിവ ഇവര്‍ കണ്ടുകഴിഞ്ഞു. മരുഭൂമി യാത്രയടക്കം ആറ് ദിവസത്തെ സന്ദര്‍ശനം ഇനി ബാക്കിയുണ്ട്.