പോരുവഴിയിൽ വളർത്തു നായയുടെ കടിയേറ്റ 9 കാരൻ മൂന്ന് മാസത്തിനു ശേഷം മരിച്ചു;ഭയം മൂലം പ്രതിരോധ കുത്തിവയ്പുകൾ എടുത്തില്ലെന്ന് വിവരം

പോരുവഴി: പോരുവഴി നടുവിലേ മുറിയിൽ വളർത്തു നായയുടെ കടിയേറ്റ ഒൻപതുകാരൻ പേയിളകി മരിച്ചു.പോരുവഴി നടുവിലേമുറി ജിതിൻ ഭവനത്തിൽ ഫൈസൽ (9) ആണ് മരിച്ചത്.കഴിഞ്ഞ മാർച്ച് മാസത്തിലാണ് കുട്ടിക്ക് വീട്ടിലെ വളർത്തു നായയുടെ കടിയേറ്റത്. മാതാപിതാക്കള്‍ ഉപേക്ഷിച്ചുപോയകുട്ടി ബന്ധുക്കളുടെ സംരക്ഷണയിലായിരുന്നു. സമീപ പ്രദേശത്ത് പേപ്പട്ടി കടിച്ച പലരും ചികില്‍സതേടിയിട്ടും വീട്ടുകാര്‍ ഇത് ഗൗരവത്തിലെടുത്തിരുന്നില്ല. കുട്ടിയെകടിച്ച നായയേയും അടിച്ചോടിച്ചുവിട്ടതായി പറയുന്നു.

ആശുപത്രിയിൽ പോകുകയോ പ്രതിരോധ കുത്തിവയ്പുകൾ എടുക്കുകയോ ചെയ്യാതിരുന്നത് ഭയം കാരണമെന്നാണ് സൂചന. ഒരാഴ്ച മുന്പ് കുട്ടി ജലത്തോട് ഭയം കാണിച്ചതോടെയാണ് സംശയം ഉയര്‍ന്നത്. അസുഖം മൂർഛിച്ച കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഇന്ന്(ശനി) പുലർച്ചെയോടെ മരണപ്പെടുകയായിരുന്നു.

Advertisement