സെർവർ തകരാർ;ശാസ്താംകോട്ട, ശൂരനാട് സബ് രജിസ്ട്രാർ ഓഫീകളുടെ പ്രവർത്തനം നിലച്ചു

ശാസ്താംകോട്ട:സെർവർ തകരാറിനെ തുടർന്ന് ജില്ലയിലെയും സംസ്ഥാനത്തെയും സബ് രജിസ്ട്രാർ ഓഫീകളുടെ പ്രവർത്തനം നിലച്ചു.ഇതോടെ വിവിധ ആവശ്യങ്ങളുമായി എത്തുന്നവർ വലയുകയാണ്.കഴിഞ്ഞ 3 ദിവസമായി ഇതാണ് അവസ്ഥ.ഇൻ്റർനെറ്റ് സംവിധാനം തകരാറിലായതോടെ സബ് രജിസ്ട്രാർ ഓഫീസിൽ രജിസ്ട്രേഷൻ നടപടികൾ ഉൾപ്പെടെ മുഴുവൻ പ്രവർത്തനങ്ങളും മുടങ്ങിയിരിക്കയാണ്.ദിവസവും ഓഫീസുകൾ കയറിയിറങ്ങുന്നവർ ആവശ്യം നടക്കാതെ നിരാശരായി മടങ്ങുകയാണ്.മാസങ്ങളായി പല ഓഫീസുകളിലും രജിസ്‌ട്രേഷൻ വകുപ്പിന്റെ സെർവർ പണിമുടക്കുകയാണ്.എന്നാൽ സംസ്ഥാന വ്യാപകമായി തകരാർ സംഭവിക്കുന്നത് ആദ്യമാണ്.കുന്നത്തൂർ താലൂക്കിൽ ശാസ്താംകോട്ട,ശൂരനാട് രജിസ്ട്രാർ ഓഫീസുകളിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവരും ജീവനക്കാരുമായി
തർക്കങ്ങൾ ഉണ്ടാകുന്നത് പതിവായിരിക്കയാണ്.

ശൂരനാട് രജിസ്ട്രാർ ഓഫീസിൽ മുമ്പും പലതവണ ഇത്തരം പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്.ഇവിടെ പ്രതിദിനം പത്തോളം രജിസ്ട്രേഷനാണ് നടക്കുന്നത്.ബിഎസ്എൻഎൽ
മോഡം ആയതിനാൽ പലപ്പോഴും നെറ്റ് കിട്ടാറില്ല.മോഡം മാറ്റി ഒപ്റ്റിക്കൽ ഫൈബർ കേബിൾ ആക്കണമെന്ന ആവശ്യം ഉദ്യോഗസ്ഥർ പലതവണ അധികൃതരെ അറിയിച്ചിട്ടും ഒന്നും നടപ്പായില്ല.സെർവർ തകരാറിലായതിനാൽ വിവരങ്ങൾ അപ്‌ലോഡ് ചെയ്യാനാകാത്ത അവസ്ഥയാണ്.

ആധാരം രജിസ്റ്റർ ചെയ്യുന്നതിനു മുൻപ് ആധാരത്തിന്റെ വിവരങ്ങൾ രജിസ്‌ട്രേഷൻ വകുപ്പിന്റെ സെർവറിലേക്ക് അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്.ഈരേഖകളും വിവരങ്ങളും പരിശോധിച്ചാണ് ഉദ്യോഗസ്ഥർ സബ് രജിസ്ട്രാർ ഓഫീസുകളിൽ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നത്. എന്നാൽ സെർവർ തകരാറുകാരണം ഇതൊന്നു നടക്കുന്നില്ല.അതിനാൽ ബാധ്യതാ സർട്ടഫിക്കറ്റുകൾ, ആധാരത്തിന്റെ അടയാളം സഹിതം പകർപ്പുകളുടെ അപേക്ഷ,ആധാരം രജിസ്‌ട്രേഷൻ തുടങ്ങിയവയ്ക്ക് കാലതാമസം നേരിടുകയാണ്.ഇത് കാരണം ജീവനക്കാരുമായി വാക്കു തർക്കത്തിനും ഇടയാക്കുന്നു.

പുതിയ അധ്യയന വർഷം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ ബാങ്ക് വായ്പകൾക്കും മറ്റും അപേക്ഷിച്ച് കാത്തിരിക്കുന്നവർക്ക് സബ് രജിസ്ട്രാർ ഓഫീസിൽ നിന്നും ലഭിക്കേണ്ട അനുബന്ധ സർട്ടിഫിക്കറ്റുകൾ സെർവർ തകരാർ മൂലം ലഭിക്കാത്തതും സാധാരണക്കാരെ വലയ്ക്കുന്നു.അതിനിടെ പ്രശ്നം പരിഹരിക്കാൻ അധികൃതർ യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ലെന്നാണ് വിവരം.

Advertisement