ശാസ്താംകോട്ട : ചൊവ്വാഴ്ച അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് വൈ.എ സമദിന് നാടിന്റെ അന്ത്യാജ്ഞലി.ഏറെ നാളായി രോഗബാധിതനായി ചികിത്സയിൽ കഴിഞ്ഞു വരികയായിരുന്നു അദ്ദേഹം.കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്,ശാസ്താംകോട്ട ബ്ലോക്ക് പ്രസിഡന്റ്,കേരളാ കശുവണ്ടി തൊഴിലാളി കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി ഉൾപ്പെടെ നിരവധി പദവികൾ വഹിച്ചിട്ടുണ്ട്.

കശുവണ്ടി തൊഴിലാളികളുടെ അവകാശ പോരാട്ടങ്ങൾക്ക് എന്നും മുന്നിൽ നിന്ന് പ്രവർത്തിച്ച നേതാവായിരുന്നു സമദ്.ദീർഘനാൾ മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്,അംഗം എന്നീ പദവികളും വഹിച്ചു.ഇക്കാലയളവിൽ മികച്ച ജനപ്രതിനിധിയെന്ന ഖ്യാതിയും അദ്ദേഹം നേടിയെടുത്തു.ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ആയിരിക്കെ മൈനാഗപ്പള്ളി പഞ്ചായത്തിൽ നിരവധി വികസന പ്രവർത്തനങ്ങളാണ് നടത്തിയത്.കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി ജീവിതം തന്നെ സമര്‍പ്പിച്ച നിസ്വാര്‍ത്ഥനായ നേതാവായിരുന്നു അദ്ദേഹം.

പാര്‍ട്ടിയുടെ ബൂത്ത് പ്രസിഡന്‍റായും, വാര്‍ഡ് പ്രസിഡന്‍റായും മണ്ഡലം പ്രസിഡന്‍റായും ഒന്നായ ബ്ലോക്ക് കമ്മിറ്റിയുടെ പ്രസിഡന്‍റായും ദീര്‍ഘകാലം പ്രവര്‍ത്തിച്ച് കുന്നത്തൂരില്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിയെ കരുത്തുറ്റ രാഷ്ട്രീയ പ്രസ്ഥാനമാക്കി മാറ്റി.കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ ബഹുജനാടിത്തറ വര്‍ദ്ധിപ്പിക്കുന്നതിന് തെന്നല ബാലകൃഷ്ണപിള്ളയ്ക്കൊപ്പം പ്രവര്‍ത്തിച്ച വൈ.എ സമദ് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരോടൊപ്പം നിലയുറപ്പിച്ച് സത്യസന്ധവും ആത്മാര്‍ത്ഥവുമായ പ്രവര്‍ത്തനം കാഴ്ച വെച്ച വ്യക്തിത്വമായിരുന്നു. മൈനാഗപ്പള്ളി ഐ.സി.എസിലെ ചാമതുണ്ടിൽ
വീട്ടിലും മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്ത് ഓഫീസിലും പൊതു ദർശനത്തിനു വച്ച മൃതദേഹത്തിൽ സമൂഹത്തിന്റെ നാനാതുറകളിലുള്ള നൂറുകണക്കിനാളുകൾ അന്തിമോപചാരമർപ്പിച്ചു. കൊടിക്കുന്നിൽ സുരേഷ് എം.പി, എംഎൽഎമാരായ കോവൂർ കുഞ്ഞുമോൻ,പി.എസ് സുപാൽ,ആർഎസ്പി. സംസ്ഥാന സെക്രട്ടറി എ എഅസീസ്,മുൻ മന്ത്രി ഷിബു ബേബിജോൺ,
യുഡിഎഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ,ഡിസി.സി.പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്, തുടങ്ങി നിരവധി നേതാക്കൾ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു.