കൊല്ലം പ്രാദേശികജാലകം

പൊതു മേഖലാ സ്ഥാപനമായ കശുവണ്ടി വികസന കോര്പറേഷൻ അന്യായമായി തൊഴിലാളികളെ പിരിച്ചു വിടുന്ന നടപടി അവസാനിപ്പിക്കണമെന്ന് കല്ലട കശുവണ്ടി തൊഴിലാളി കൗൺസിൽ ആവശ്യപ്പെട്ടു

കിഴക്കേ കല്ലട . കാഷ്യു കോര്പറേഷന്റ വിവിധ ഫാക്ടറികളിൽ ജോലി ചെയ്യുന്ന സ്ഥിരം തൊഴിലാളികളെ സ്ഥിരമായി ജോലിക്ക് ഹാജരാകുന്നില്ല എന്ന കാരണം പറഞ്ഞാണ് മാനേജ്മെന്റ് പിരിച്ചു വിടുന്നത്. രോഗം മൂലമോ മറ്റ് കാരണങ്ങളാലോ സ്ഥിരമായി ജോലിക്ക് ഹാജരാകാത്ത തൊഴിലാളികളെയാണ് ഗ്രാറ്റുവിറ്റി നൽകി പിരിച്ചു വിടുന്നത്. ഇതിൽ മൂന്ന് മാസം വരെ മുടക്കമുള്ള തൊഴിലാളികളെയും പിരിച്ചു വിട്ടു.

കോവിഡ് മൂലവും മറ്റ് രോഗങ്ങൾ ബാധിച്ചും നിരവധി തൊഴിലാളികൾക്ക് ജോലിയിൽ മുടക്കം ഉണ്ടായിട്ടുണ്ട്. സ്ഥിരമായി ജോലി ഇല്ലാത്തതിനാൽ ഇത്തരം തൊഴിലാളികൾക്ക് തിരികെ കയറാൻ
ഇ. എസ്. ഐ ലീവും ലഭിക്കുന്നില്ല. ഇതുമൂലം തൊഴിലാളികൾ വളരെ യധികം ബുദ്ധിമുട്ടിലാണ്. മൂന്ന് മാസത്തിൽ കൂടുതൽ ജോലിക്ക് ഹാജരാകാത്ത തൊഴിലാളികളെയെല്ലാം കോര്പറേഷൻ കാരണം കാണിക്കൽ നോട്ടീസ് നൽകി പിരിച്ചു വിട്ടുവരികയാണ്.

പിരിച്ചു വിടലിനെതിരെ തൊഴിലാളികൾ എം. ഡി. ക്കും ബോർഡിനും അപ്പീൽ നൽകിയെങ്കിലും അത് പരിഗണിക്കാതെ തൊഴിലാളികളെ പിരിച്ചു വിടുകയാണ്. 2021 വർഷം മൂന്ന് മാസം ജോലിക്ക് വരാൻ കഴിയാതിരുന്ന തൊഴിലാളികളെ വരെ ഇത്തരത്തിൽ പിരിച്ചുവിടുകയും അവരുടെ സേവന കാലത്തെ ഗ്രാറ്റുവിറ്റി ഫാക്ടറികളിൽ അയച്ചുകൊടുക്കുകയും ചെയ്തിരിക്കുകയാണ്. ഗ്രാറ്റുവിറ്റി വാങ്ങി പിരിഞ്ഞുപോകാൻ ഫാക്ടറി മാനേജർമാർ തൊഴിലാളികളെ നിബന്ധിച്ചു വരികയാണ്. പത്തുവർഷം പോലും സർവീസ് ഇല്ലാത്ത തൊഴിലാളികളാണ് ഇങ്ങനെ പിരിച്ചുവിടപ്പെട്ടവരിൽ ഏറെയും. ഇതുമൂലം ഇവർക്ക് പ്രോവിഡന്റ് ഫണ്ട്‌, ക്ഷേമനിധി പെൻഷനുകൾ പോലും കിട്ടുകയില്ല.

കോര്പറേഷനിൽ ഫുൾ ഡയറക്ടർ ബോർഡ്‌ ഇല്ലാത്ത സാഹചര്യം മുതലാക്കി ഉദ്യോഗസ്ഥർ നടത്തുന്ന ഇത്തരം തൊഴിലാളി ദ്രോഹ നടപടികൾ അവസാനിപ്പിക്കണം. ചെറിയ മുടക്കത്തിന്റെ പേരിൽ തൊഴിലാളികളെ പിരിച്ചുവിടുന്ന നടപടി അവസാനിപ്പിക്കണമെന്നും ഇപ്പോൾ ഫാക്ടറികളിൽ അയച്ചുകൊടുത്തിട്ടുള്ള ഗ്രാറ്റുവിറ്റി ചെക്ക് തൊഴിലാളികൾ വാങ്ങരുതെന്നും എ ഐ ടി യൂ സി സംസ്ഥാന വർക്കിംഗ്‌ കമ്മിറ്റി അംഗവും കശുവണ്ടി തൊഴിലാളി കൗൺസിൽ പ്രെസിഡന്റുമായ അഡ്വ. സി. ജി. ഗോപു കൃഷ്ണൻ , സെക്രട്ടറി ജി. പ്രദീപ്‌ എന്നിവർ ആവശ്യപ്പെട്ടു.

തെരുവു നാടക സ്ക്രിപ്റ്റ് മത്സരം
കൊട്ടാരക്കര ആശ്രയയുടെ നേതൃത്വത്തിൽ തെരുവു നാടക സ്ക്രിപ്റ്റ് മത്സരം. മദ്യത്തിനും മയക്കുമരുന്നിനും എതിരെ ബോധവൽക്കരണത്തിന് ഉതകുന്നതും 20 മിനുട്ടിൽ കവിയാത്തതും ആയിരിക്കണം സ്ക്രിപ്റ്റ്. വിജയികൾക്ക് 5000, 3000, 2000 എന്നീ ക്രമത്തിൽ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകും. മെയ് 25 വരെ ലഭിക്കുന്ന സ്ക്രിപ്റ്റ് മത്സരത്തിൽ പരിഗണിക്കും. സ്ക്രിപ്റ്റുകൾ അയക്കേണ്ട ഇമെയിൽ – ashraya.kerala@gmail.com

കൂടുതൽ വിവരങ്ങൾക്ക് 9447798963 എന്ന നമ്പറിൽ ബന്ധപ്പെടുക.

പ്രീ-മെട്രിക് ഹോസ്റ്റലുകളിൽ
ട്യൂട്ടർമാരെ നിയമിക്കുന്നു

ശാസ്താംകോട്ട : കുന്നത്തൂർ,പോരുവഴി എന്നിവിടങ്ങളിലെ പെൺകുട്ടികളുടെയും ശാസ്താംകോട്ടയിലെ ആൺകുട്ടികളുടെയും പ്രീ-മെട്രിക് ഹോസ്റ്റലുകളിൽ 2022 – 23 അധ്യയന വർഷത്തേക്ക് പാർട് ടൈം ട്യൂട്ടർമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.ഹിന്ദി,ഫിസിക്സ്, നാച്ചുറൽ സയൻസ്,സോഷ്യൽ സയൻസ്, യു.പി വിഭാഗത്തിൽ എല്ലാ വിഷയങ്ങളും പഠിപ്പിക്കുന്നതിനുമാണ് ഒഴിവുള്ളത്.ബിരുദവും ബി.എഡും ആണ് യോഗ്യത.ഹൈസ്കൂൾ വിഭാഗത്തിന് പ്രതിമാസം 4000 രൂപയും യു.പി വിഭാഗത്തിന് 3000 രൂപയും വേതനമായി ലഭിക്കും.മേയ് 30 വൈകിട്ട് 5 വരെ ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി വികസന ഓഫീസിൽ അപേക്ഷ നൽകേണ്ടതാണ്.ഫോൺ:7025934821.

സര്‍വ്വീസില്‍ നിന്നും പടിയിറങ്ങുന്ന അമ്പത്തിനാല് പോലീസുദ്ദ്യോഗസ്ഥര്‍ക്ക് പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍റെ യാത്രയയപ്പ്

കൊല്ലം . മൂന്ന് പതീറ്റാണ്ടുകളുടെ പോലീസ് സേവനത്തിന് ശേഷം മെയ് 31ന് സേനയില്‍ നിന്നും വിരമിക്കുന്ന അമ്പത്തിനാല് പോലീസ് ഓഫീസര്‍മാര്‍ക്ക് കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍റെയും പോലീസ് അസോസിയേഷന്‍റെയും സംയുക്ത നേതൃത്വത്തില്‍ സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. കൊല്ലം സിറ്റിയിലെ വിവിധ പോലീസ് യൂണിറ്റുകളില്‍ നിന്നും, വിജിലന്‍സ്, ക്രൈംബ്രാഞ്ച്, സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് എന്നിവിടങ്ങളില്‍ നിന്നും വിരമിക്കുന്ന ഉദ്ദ്യോഗസ്ഥര്‍ക്കാണ് പോലീസ് സംഘടനകളുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കിയത്.

ദീര്‍ഘകാലം സംഘടനാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവുമായ എം.സി. പ്രശാന്തന്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ ജി ഗോപകുമാര്‍, എ. സുബൈര്‍കുട്ടി എന്നിവരടക്കമുളള വിരമിക്കുന്നവര്‍ക്കാണ് യാത്രയയപ്പ് നല്‍കിയത്. പോലീസ് സംഘടനയുടെ പ്രവര്‍ത്തനം മാതൃകാപരമാണെന്നും പോലീസ് ഉദ്ദ്യോഗസ്ഥരുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതില്‍ സംഘടനയുടെ പ്രവര്‍ത്തനം നിസ്തൂലമായ പങ്ക് വഹിച്ചുവെന്നും അതിന് നിര്‍ണ്ണായകമായ സംഭാവനകള്‍ നല്‍കി വിരമിക്കുന്ന സംഘടനാ പ്രവര്‍ത്തകരുടെ പങ്ക് അനുകരണീയമാണെന്നും യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ നാരായണന്‍.റ്റി. ഐ.പി.എസ് പറഞ്ഞു.

കെ.പി.ഒ.എ കൊല്ലം സിറ്റി ജില്ലാ പ്രസിഡന്‍റ് ആര്‍. ജയകുമാറിന്‍റെ അധ്യക്ഷതയില്‍ കൊല്ലം പോലീസ് ക്ലബ്ബിലെ ഹാളില്‍ ചേര്‍ന്ന യാത്രയപ്പ് സമ്മേളനത്തില്‍ വച്ച് വിരമിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് മൊമെന്‍റോയും അനുമോദന പത്രവും സിറ്റി പോലീസ് കമ്മീഷണര്‍ നല്‍കി. കെ.പി.ഒ.എ സിറ്റി ജില്ലാ സെക്രട്ടറി എം. ബദറുദ്ദീന്‍ സ്വാഗതം പറഞ്ഞ സമ്മേളനത്തില്‍ അഡീ.എസ്.പി. സോണി ഉമ്മന്‍കോശി, കെ.പി.ഒ.എ സംസ്ഥാന പ്രസിഡന്‍റ് ആര്‍. പ്രശാന്ത്, അസിസ്റ്റന്‍റ് കമ്മീഷണര്‍മാരായ കെ. അശോക കുമാര്‍, ജി.ഡി. വിജയകുമാര്‍, എ. പ്രതീപ്കുമാര്‍, സക്കറിയ മാത്യൂ, ബി.ഗോപകുമാര്‍, കെ.പി.എ സംസ്ഥാന പ്രസിഡന്‍റ് ഷിനോദാസ്.എസ്.ആര്‍, കെ.പി.ഒ.എ സംസ്ഥാന നിര്‍വ്വഹക സമിതിയംഗം കെ.സുനി, കെ.പി.ഒ.എ റൂറല്‍ സെക്രട്ടറി സാജു.ആര്‍.എല്‍, കെ.പി.എ ജില്ലാ പ്രസിഡന്‍റ് വിജയന്‍.എല്‍, പോലീസ് സൊസൈറ്റി പ്രസിഡന്‍റ് എസ്. ഷൈജൂ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. വിരമിക്കുന്ന സേനാംഗങ്ങള്‍ക്ക് വേണ്ടി മുന്‍ കെ.പി.ഒ.എ ജില്ല സെക്രട്ടറി എം.സി. പ്രശാന്തന്‍റെ മറുപടിക്ക് ശേഷം കെ.പി.എ ജില്ലാ സെക്രട്ടറി എസ്. ഷഹീര്‍ കൃതഞ്ജത രേഖപ്പെടുത്തി.

കാപ്പാ ചുമത്തി ജയിലിലടച്ചു

കൊല്ലം.മയക്ക്മരുന്ന് വ്യാപാരം, കൊലപാതക ശ്രമം, തട്ടികൊണ്ട് പോകല്‍, സ്ഫോടക വസ്തു എറിഞ്ഞുളള ആക്രമണം, അടിപിടി കേസുകളില്‍ ഉള്‍പ്പെട്ട കുറ്റവാളിയെ കാപ്പാ ചുമത്തി ജയിലിലടച്ചു. കൊല്ലം താലൂക്കില്‍, ചിറക്കര വില്ലേജില്‍, കാരംകോട് ചേരിയില്‍ പ്രസാദ് നിവാസ് വീട്ടില്‍ പ്രസാദ് മകന്‍ അനൂപ് (29) എന്നയാളാണ് കാപ്പാ പ്രകാരം പിടിയിലായത്. ചാത്തന്നൂര്‍, കൊല്ലം ഈസ്റ്റ് എന്നീ പോലീസ് സ്റ്റേഷനുകളില്‍ നിരവധി മയക്ക്മരുന്ന് കേസുകളിലും കൊലപാതക ശ്രമം അടക്കമുളള അടിപിടി കേസുകളിലും കുട്ടികള്‍ക്ക് മയക്ക് മരുന്ന് വില്‍ക്കാന്‍ ശ്രമിച്ച കേസുകളിലും ഉള്‍പ്പെട്ടയാളാണ് ഇയാള്‍.

ചാത്തന്നൂര്‍ എസ്.എന്‍ കോളേജിന് സമീപം വച്ച് അശോകന്‍ എന്നയാളെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്, സ്റ്റാന്‍ലിന്‍ എന്നയാളെ തട്ടികൊണ്ട് പോയി ദേഹോപദ്രവം ഏല്‍പ്പിച്ച കേസ്, സ്ക്കൂള്‍, കേളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വില്‍പ്പനയ്ക്കായി കൊണ്ട് വന്ന ഒരു കിലോ നൂറ്റിമുപ്പത്തിയഞ്ച് ഗ്രാം ഗഞ്ചാവുമായി കോളേജ് ജംഗ്ഷന്‍ പരിസരത്ത് നിന്നും പിടിയിലായ കേസ്, ആറ് കിലോ എണ്ണൂറ്റി മുപ്പത്തിരണ്ട് ഗ്രാം ഗഞ്ചാവുമായി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നും പിടിയിലായ കേസ്, സ്ഫോടക വസ്തു എറിഞ്ഞ് ജനങ്ങളെ ഭീതിയിലാക്കി സഹുല്‍ എന്നയാളിനേയും മാതാവിനേയും തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ് രഞ്ജിത്ത് എന്നയാളെ തട്ടികൊണ്ട് പോയി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്, സുര്യന്‍ എന്നയാളിനേയും സഹോദരനേയും ആക്രമിച്ച കേസ് തുടങ്ങി നിരവധി കേസുകള്‍ ഇയാള്‍ക്കെതിരെ നിലവിലുണ്ട്.

ഇയാളില്‍ ഉയര്‍ന്ന അളവിലുളള ലഹരി മരുന്നുകളാണ് പിടികൂടിയത്. ഒടുവില്‍ പിടിയിലാകുന്നത് രഞ്ജിത്ത് എന്നയാളെ എം.ഇ.എസ്സ് കോളേജിന് സമീപം നിന്നും പിടികൂടി ചാത്തന്നൂര്‍ എസ്. എന്‍ കോളേജിന് സമീപമുളള ഒഴിഞ്ഞ പുരയിടത്തില്‍ എത്തിച്ച് ബിയര്‍ കുപ്പി വച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ്. വിദ്യാലയങ്ങളും കോളേജുകളും കേന്ദ്രീകരിച്ച് വന്‍തോതില്‍ ഗഞ്ചാവ് സംഭരിച്ച് വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും വില്‍പ്പന നടത്തുന്ന ഇയാള്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് ഗഞ്ചാവ് വില്‍പ്പന നടത്തിയതിന് ജുവനൈല്‍ ജസ്റ്റീസ് ആക്ട് പ്രകാരവും കേസുകള്‍ നിലവിലുണ്ട്.


നിരന്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി നാരായണന്‍ റ്റി ഐ.പി.എസ് ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണ്‍ ഐ.എ.എസിന് നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ കരുതല്‍ തടങ്കല്‍ ഉത്തരവുണ്ടായത്. കാപ്പാ ജില്ലാ നോഡല്‍ ഓഫീസര്‍ കൂടിയായ സ്പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്‍റ് കമ്മീഷണര്‍ കെ. അശോക കുമാര്‍, ചാത്തന്നൂര്‍ എ.സി.പി ബി. ഗോപകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ചാത്തന്നൂര്‍ ഇന്‍സ്പെക്ടര്‍ ജസ്റ്റിന്‍ ജോണ്‍, എസ്.ഐ ആശആ വി രേഖ, എസ്.സി.പി.ഒ സുനില്‍, സി.പി.ഒ മാരായ രഞ്ജിത്ത്, ദിനേശ്, അനില്‍കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കരുതല്‍ തടങ്കലിലാക്കി.

ഞങ്ങളും കൃഷിയിലേക്ക് പച്ചക്കറിവിത്തും തൈകളും വളവും വിതരണം ചെയ്തു
ശാസ്താംകോട്ട: ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയിൽ മൈനാഗപ്പള്ളി പഞ്ചായത്ത് പച്ചക്കി വിത്തും തൈകളും വളവും വിതരണം ചെയ്തു .ഒeരോ വാർഡിൽ നിന്ന് തെരഞ്ഞെടുത്ത 135 പേർ അടങ്ങുന്ന പഞ്ചായത്തിലെ 2970 കുടുംബങ്ങൾക്കാണ് പച്ചക്കറിവിത്തും വളവും വിതരണം ചെയ്തത.വാർഡ്‌ തലത്തിൽ നിന്നും തെരഞ്ഞെടുത്ത 22 കുടുംബങ്ങൾക്ക് 50 പച്ചക്കറിതൈയ്യും വളവും വിതരണം ചെയ്തു..ഇതിന് പുറമേ പഞ്ചായത്തിലെ 500 കടുംബശ്രീ യൂണിറ്റുകൾക്ക് പച്ചക്കറി കൃഷി ചെയ്യുന്നതിന് എം .ജി. എൻ ആർ .ജി.എസ് മുഖേനെ സഹായവും പ്രോൽസാഹനവും നൽകും .

പഞ്ചായത്ത് തല തൈ നടീൽ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അൻസർ ഷാഫി നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.എം.സെയ്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ അനിൽ എസ്.കല്ലേലിഭാഗം വിത്ത് വിതരണം നടത്തി. വൈസ് പ്രസിഡൻറ് ലാലിബാബു. സ്ഥിരം അദ്ധ്യക്ഷന്മാരായ ഷീബ സജു. ചിറക്കുമേൽ ഷാജി. വാർഡുമെമ്പറന്മാരയ അജി ശ്രീക്കുട്ടൻ ,ജലജ ,ഷഹു ബാനത്ത് ,സഹകരണ ബാങ്ക് പ്രസിഡന്റ് മുടിൻതറ ബാബു വിവിധ രാഷ്ട്രിയ പർട്ടി പ്രതിനിധികളായ സിജുകോശി ,റഷീദ് , കുടുംബശ്രീ ചെയ്ർ പേഴ്സൺ അമ്പിളി. ,കൃഷി ആഫീസർ സ്മിത ,. എ .ഇ .സിജിന കൃടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

ഗ്രാന്മഗ്രാമീണ വായനശാല പ്രസംഗ മത്സരം സംഘടിപ്പിച്ചു

മൈനാഗപ്പള്ളി – ഗ്രാന്മഗ്രാമീണ വായനശാല ഹൈസ്കുൾ -ഹയർ സെക്കൻ്ററി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് പ്രസംഗ മത്സരം സംഘടിപ്പിച്ചു.പടി: കല്ലട പഞ്ചായത്ത് പ്രസിഡൻ്റ് ഡോ.സി.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

സോമൻ മുത്തേഴം അധ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വ.കെ.വിനയകുമാർ, അഗ്നസ് ജെ,സന്തോഷ് വലിയ പാടം, ജെ.ജോസ്, ടി. ജോസ് കുട്ടി, കെ.ബി.ശെൽവ മണി എന്നിവർ പ്രസംഗിച്ചു.

12 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 55 കാരൻ അറസ്റ്റിൽ

ഓച്ചിറ , 12 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 55 കാരൻ അറസ്റ്റിൽ, ഓച്ചിറ പ്രയാർതെക്ക് താനുവേലിൽ കിഴക്കേ തറ താജുദ്ദീനെ ആണ് ഓച്ചിറ പോലീസ് അറസ്റ്റ് ചെയ്തത് കാറ്ററിങ് സർവീസ് കട നടത്തുന്ന പ്രതി പൊറോട്ട നൽകാമെന്ന് പറഞ്ഞ് കുട്ടിയെ ഇയാളുടെ കടയ്ക്കുള്ളിൽ വിളിച്ചു കയറ്റി ആണ് ആണ് പീഡിപ്പിക്കാൻ ശ്രമിച്ചത്

Advertisement