ശാസ്താംകോട്ട സുധീറിൻ്റെ ഓർമ്മകൾക്ക് ഒരാണ്ട്

ശാസ്താംകോട്ട : യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ആയിരുന്ന ശാസ്താംകോട്ട സുധീറിൻ്റെ
ഓർമ്മകൾക്ക്ശനിയാഴ്ച ഒരാണ്ടിൻ്റെ പഴക്കം.
കൊല്ലം ഡി.സി.സി.ജനറൽ സെക്രട്ടറിയായിരിക്കെ രോഗാവസ്ഥയെത്തുടര്‍ന്ന് 2021 മെയ് 20ന് രാത്രിയിലാണ് അന്ത്യം സംഭവിച്ചത്.

കേരള വിദ്യാർത്ഥി യൂണിയനിലൂടെ കോൺഗ്രസ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച അദ്ദേഹം വളരെ പെട്ടെന്നാണ് സംസ്ഥാന തലത്തില്‍ ശ്രദ്ധേയനായത്. ചെറിയ പ്രായത്തിൽ തന്നെ സംഘടനകളുടെ ചുമതലകളിലേക്കുയര്‍ന്നു. ആത്മാര്‍ഥമായ പ്രവര്‍ത്തനം മികച്ച സംഘാടനം എന്നിവയാല്‍ സംസ്ഥാനതലത്തില്‍തന്നെ ശ്രദ്ധേയനായിരുന്നു. കോൺഗ്രസ് വാർഡ് പ്രസിഡൻറ്,കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി,യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി തുടങ്ങിയ പദവികൾ അലങ്കരിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിനപ്പുറം സകലമാന പേരെയും ഒരുപോലെ സ്നേഹിച്ച വ്യക്തിത്വമായിരുന്നു. തലസ്ഥാനത്ത് അടക്കം സംസ്ഥാനത്തിന് വിവിധഭാഗങ്ങളിൽ യൂത്ത് കോൺഗ്രസ് നടത്തുന്ന സമരങ്ങളിൽ സജീവ സാന്നിധ്യമായ നേതാവ് കൂടിയായിരുന്നു സുധീർ. വിഎസ് സർക്കാരിൻ്റെ കാലത്ത് കെഎസ്‌യു നടത്തിയ പാഠപുസ്തക സമരത്തിൽ പോലീസിൻ്റെ മർദ്ദനത്തിന് ഇരയാകേണ്ടി വന്നു.അന്ന് തലയ്ക്കേറ്റ ക്ഷതമാണ് പിന്നീട് സുധീറിനെ
രോഗബാധിതനാക്കിയത് എന്ന് സുഹൃത്തുക്കള്‍ ഓര്‍ക്കുന്നു.2020 അവസാന കാലത്താണ് തല വേദനയുടെ രൂപത്തിൽ രോഗം സുധീറിനെ വേട്ടയാടി തുടങ്ങിയത്.തുടക്കത്തിൽ വലിയ കാര്യമാക്കിയില്ലെങ്കിലും പിന്നീട് എറണാകുളം അമൃത ആശുപത്രിയിൽ അടക്കം ചികിത്സയിൽ കഴിയേണ്ടിവന്നു.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രചാരണ രംഗത്ത് സജീവമാകേണ്ടിയിരുന്ന സുധീർ രോഗത്തോടു മല്ലടിച്ച് ആശുപത്രിക്കിടക്കയിൽ ആയിരുന്നു.
സുധീറിൻ്റെ തിരിച്ചു വരവിനായി നാടൊന്നാകെ പ്രാർത്ഥനയോടെ കാത്തിരുന്നു എങ്കിലുംഫലമുണ്ടായില്ല.കോവിഡ് ഭീതികിടയിലും നൂറുകണക്കിനാളുകളാണ് സുധീറിൻ്റെമൃതദേഹം അവസാനമായി ഒരു നോക്ക് കാണുവാൻ കൊല്ലം ഡിസിസി ഓഫീസിലും ഭരണിക്കാവ് കോൺഗ്രസ് ഭവനിലും ശാസ്താംകോട്ടയിലെ അദ്ദേഹത്തിൻ്റെ വസതിയിലും പൊതുദർശനത്തിന് വെച്ചപ്പോൾ എത്തിച്ചേർന്നത്.മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ഏറെ സ്നേഹിക്കുകയും ബഹുമാനിക്കുകയും അടുപ്പം പുലര്‍ത്തുകയും ചെയ്തിരുന്നു.
ശാസ്താംകോട്ടയിലെ ഒരു യാഥാസ്ഥിതിക മുസ്ലിം കുടുംബത്തിൽ ജനിച്ചു വളർന്ന സുധീർ വീടിനോടു ചേർന്ന പ്രശസ്തമായ ശാസ്താംകോട്ട ധർമ്മശാസ്താ ക്ഷേത്രത്തിലെ തിരുവുത്സവത്തിന് മുഖ്യ സംഘാടകരിൽ ഒരാളും വിവിധ സാമൂഹ്യ സാംസ്കാരിക യുവജന സംഘടനകളുടെ സജീവസാന്നിധ്യവും കൂടിയായിരുന്നു.ശാസ്താംകോട്ട ടൗൺ ജമാഅത്ത്,യുണൈറ്റഡ് സോക്കർ ക്ലബ്ബ് എന്നിവയുടെ രക്ഷാധികാരിയായും പ്രവർത്തിച്ചിരുന്നു.ശാസ്താംകോട്ട സുധീറിനെ ഒന്നാം ഓർമ്മ ദിനത്തില്‍ യൂത്ത് കോൺഗ്രസും നാട്ടുകാരും വിപുലമായ പരിപാടികളാണ് ജന്മനാടായ കുന്നത്തൂരിൽ സംഘടിപ്പിച്ചിട്ടുള്ളത്. സുധീറിൻ്റെ ഒന്നാം ഓർമ്മ ഓർമ്മ ദിനമായ ശനിയാഴ്ച യുണൈറ്റഡ് സോക്കർ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആയി സ്നേഹവിരുന്ന് ഒരുക്കും.വിവിധ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ സുധീറിൻ്റെ
ചായാചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിക്കും.കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ജൂൺ രണ്ടിന് ശാസ്താംകോട്ടയിൽ സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും.

Advertisement