ശാസ്താംകോട്ട. അമ്യൂസ് മെന്‍റ് പാര്‍ക്കുകളില്‍ മാത്രമുള്ള 6ഡി സൗകര്യമാണിപ്പോള്‍ ടൗണിലെ ആഡംബര വെയിറ്റിംങ് ഷെഡിലുള്ളത്.ദൃശ്യ ഭംഗിക്കുപുറമേ കാറ്റ്, മണം, വെള്ളം ദേഹത്ത് വീഴുന്ന അനുഭവം എന്നിവയൊക്കെയാണ് തയ്യാറാക്കിയിരിക്കുന്നത്.

എംഎല്‍എയുടെ പ്രത്യേക സ്‌കീമില്‍ അത്യാഡംബരത്തോടെ ശാസ്താംകോട്ട ടൗണില്‍ സ്ഥാപിച്ച വെയിറ്റിംങ് ഷെഡ് ചോരുന്നു. അത്യാവശ്യത്തിനുപകരം അനാവശ്യ ആര്‍ഭാടങ്ങളായ പാട്ട്, കാറ്റ്, വികസന പദ്ധതികളുടെ കുറിപ്പ് തുടങ്ങി പലതും ഉള്‍ക്കൊള്ളിച്ച് കണ്ടാല്‍ അതിമനോഹരമായാണ് വെയിറ്റിംങ് ഷെഡ് നിര്‍മ്മിച്ചത്. 2017-18 പദ്ധതിയിലാണ് നിര്‍മ്മാണമെന്നു പറയുന്നുവെങ്കിലും അത് നിര്‍മ്മിച്ചത് 2019ലെ കോവിഡ് അടച്ചിടല്‍ കാലത്താണ്.


പ്രധാനപാതയോരത്ത് ഇപ്പോള്‍ ജനത്തെ മഴകൊള്ളിച്ച് നിറയെ പോസ്റ്ററും മണ്ണും അഴുക്കുമൊക്കെയായി രാജകീയമായാണ് വെയിറ്റിംങ് ഷെഡ് നില്‍ക്കുന്നത്. കാറ്റ് കൊള്ളാന്‍ വച്ച ഫാനിനുള്ളിലൂടെയാണ് വെള്ളം ബസുകാത്തുനില്‍ക്കുന്നവന്റെ തലയിലേക്ക് അപ്രതീക്ഷിതമായി വീഴുന്നത്. നിര്‍മ്മാണത്തിന്‍റെ പ്രത്യേകതമൂലം എങ്ങനെയാണ് വെള്ളം വീഴുന്നതെന്ന് സാധാരണക്കാര്‍ക്ക് മനസിലാകുകയില്ല. പുതിയ ആള്‍ക്കാരാണ് വെയിറ്റിംങ് ഷെഡില്‍ എത്തുന്നവരില്‍ ഏറെയും അതിനാല്‍ ചാറ്റമഴ നനയാതെ ഓടിക്കയറി കുളിച്ചിറങ്ങേണ്ട നിലയിലാണ് ആള്‍ക്കാര്‍. ഫാനിലൂടെ വരുന്ന വെള്ളമാകയാല്‍ കറണ്ടടിക്കുമോ എന്ന ആശങ്കയുമുണ്ട്. ഇത്രഫണ്ട് പൊടിക്കാതെ പഞ്ചായത്തും സ്വകാര്യ വ്യക്തികളും നിര്‍മ്മിച്ച വെയിറ്റിംങ് ഷെ‍ഡുകള്‍ കുറച്ചപ്പുറമുണ്ട്. അതില്‍ 6ഡി ഇല്ലാതെ ബസുകാത്തിരിക്കാനാവുന്നുണ്ട്.