കെ എസ് യു നേതാക്കള്‍ മയക്കുമരുന്നു ഉപയോഗിക്കുകയും വില്‍പ്പന നടത്തുകയും ചെയ്യു ന്നു, ഗുരുതര ആക്ഷേപവുമായി ഡിവൈഎഫ്ഐ കുന്നത്തൂര്‍ താലൂക്ക് കമ്മിറ്റി

ശാസ്താംകോട്ട. കുന്നത്തൂരിലെ കെഎസ് യു ഭാരവാഹികളായ രണ്ടു യുവാക്കള്‍ക്കെതിരെ മയക്കുമരുന്നു വില്‍പ്പനയും ഉപയോഗവും നടത്തുന്നതായ ആരോപണവുമായി ഡിവൈഎഫ്‌ഐ. മയക്കുമരുന്ന് ഉപയോഗിക്കുന്നതായി സംശയിക്കാവുന്ന ചിത്രങ്ങളും മാരകമയക്കുമരുന്നോ കഞ്ചാവോ പരസ്പരം ഉപയോഗിക്കുകയും കച്ചവടം ചെയ്യുകയും ചെയ്യുന്നതായ ചാറ്റുകളും വോയിസ് ക്‌ളിപ്പുകളുമാണ് സംഘടന അവരുടെ ഫേസ് ബുക്ക് പേജിലൂടെ പ്രചരിപ്പിച്ചത്.

ഡിബി കോളജിലെ യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ കെ എസ് യു സംഘര്‍ഷം നിലനില്‍ക്കുകയാണ്. കെ എസ് യു യൂണിയന്‍ പിടിച്ചതുമായി ബന്ധപ്പെട്ട് സംഘര്‍ഷം പരസ്പരവും മുതിര്‍ന്ന നേതാക്കളഉടെയും വിദ്യാര്‍ഥികളുടെ വീടുകളിലേക്കും കടക്കുന്ന തരത്തില്‍ ക്വട്ടേഷന്‍ ആക്രമണങ്ങളായി മാറിയത് ഞെട്ടലുണ്ടാക്കിയ സംഭവമാണ്. ഇതിനുശേഷം പലയിടത്തും ഒറ്റപ്പെട്ട ആക്രമണങ്ങള്‍ തുടര്‍ന്നു പോന്നു. മയക്കുമരുന്ന മദ്യ വില്‍പന ഇരു കൂട്ടരും പരസ്പരം ആരോപിക്കുന്നതാണ്.


ഇതിനിടെ സംഘര്‍ഷത്തില്‍ മര്‍ദ്ദനമേറ്റുവീണ ഒരാളുടെ ഫോണ്‍ എതിര്‍വിഭാഗക്കാര്‍ കൈക്കലാക്കിയിരുന്നു. ഇതുവഴിയാണ് വിവാദ രംഗങ്ങളും ചാറ്റുകളും ചോര്‍ന്ന് കിട്ടിയതെന്നാണ് കരുതുന്നത്.
വോയ്‌സ് ക്‌ളിപ്പില്‍ ഗ്രാം കണക്കിന് കൊടുത്ത വസ്തുവിന്റെ പണം കിട്ടാതെ പോയതിനെപ്പറ്റി പരാതി പറയുകയാണ് ഒരു നേതാവ്, തനിക്ക് കച്ചവടത്തില്‍ ആകെകിട്ടുന്ന ലാഭം ഇങ്ങനെ ചിലവായിപോവുകയാണെന്ന പരിഭവവുമുണ്ട്. വളരെ ഗുരുതരമായ വോയ്‌സ് ക്‌ളിപ്പുകളാണ് പ്രചരിച്ചിട്ടുള്ളത്. വിദ്യാര്‍ഥികള്‍ക്കിടയില്‍ പടരുന്ന മയക്കുമരുന്നുപോലുള്ള ദുരന്തത്തിന്റെ നേര്‍സാക്ഷ്യമാണ് പുറത്തുവരുന്നത്. വിഡിയോക്‌ളിപ്പില്‍ വിദ്യാര്‍ഥിനേതാവ് മയക്കുമരുന്നുപയോഗിച്ചെന്നു സംശയിക്കാവുന്ന തരത്തില്‍ മയങ്ങി വീഴുന്നതായും കാണാം.

ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളേജും, കൊല്ലം ജില്ലയിലെ വിവിധ സ്‌കൂളുകളും കേന്ദ്രീകരിച്ചു കുന്നത്തൂരിലെ യൂത്ത് കോണ്‍ഗ്രസ് – കോണ്‍ഗ്രസ് – കെ.എസ്.യു മയക്കു മരുന്ന് ഗുണ്ടാ മാഫിയ നേതാക്കള്‍ നടത്തി വരുന്ന ലഹരി മരുന്ന് കച്ചവടം അവസാനിപ്പിക്കണമെന്നും, കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും ഡി.വൈ.എഫ്.ഐ കുന്നത്തൂര്‍ ബ്ലോക്ക് കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

കെ എസ് യു ശക്തമായ വിജയം നേടിയ ഡിബികോളജില്‍ അത് തകര്‍ക്കാനുള്ള നീക്കത്തിന്‍റെ പ്ളാനിന്‍റെ ഭാഗമാണിത്,
മയക്കുമരുന്നു മദ്യ മാഫിയകള്‍ക്കും ഇതിന് പിന്തുണ നല്‍കുന്നവര്‍ക്കുമെതിരെ കോണ്‍ഗ്രസ് അടുത്തിടെ മാര്‍ച്ച് നടത്തിയിരുന്നുവെന്നും അതിന്റെ പ്രതികാരമായാണ് ഇത്തരം പ്രചരണമെന്നും കോണ്‍ഗ്രസ് ബ്‌ളോക്ക് പ്രസിഡന്‌റ് തുണ്ടില്‍ നൗഷാദ് പറഞ്ഞു. തങ്ങള്‍ക്കിടയില്‍ കുറ്റക്കാരുണ്ടെന്നു ബോധ്യപ്പെട്ടാല്‍ സംരക്ഷിക്കില്ലെന്നും ശക്തമായ നടപടിയുണ്ടാകുമെന്നും നൗഷാദ് പറഞ്ഞു.

Advertisement