കുളത്തുപ്പുഴയിൽ കെഎസ്ആർടിസി ഡ്രൈവർക്ക് നേരെ നടന്ന ആക്രമണത്തിൽ രണ്ട് പേർ അറസ്റ്റിൽ

മർദ്ദനമേറ്റത് ശൂരനാട് സ്വദേശി അജയകുമാറിന്

കൊല്ലം. ബസിൽ നിന്ന് കൈ പുറത്തേക്കിട്ട യാത്രക്കാരനെ വിലക്കിയ കെഎസ്ആർടിസി ഡ്രൈവർക്ക് നേരെ കുളത്തുപ്പുഴയിൽ നടന്ന ആക്രമണത്തിൽ രണ്ട് പേർ അറസ്റ്റിൽ. കുളത്തൂപ്പുഴ സ്വദേശികളായ ഷാബു, മുജീബ് എന്നിവരാണ് അറസ്റ്റിലായത്.

തിരുവനന്തപുരം – തെങ്കാശി റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസിലെ ഡ്രൈവറായ ശൂരനാട് സ്വദേശി അജയകുമാറിനാണ് മർദ്ദനമേറ്റത്.



കഴിഞ്ഞദിവസം സന്ധ്യയോടെയാണ് തിരുവനന്തപുരം – തെങ്കാശി റൂട്ടിലെ കെഎസ്ആർടിസി ബസ് ഡ്രൈവർക്ക് മർദനമേറ്റത്. കുളത്തൂപ്പുഴ ഡിപ്പോയിൽ ബസ് കയറ്റി ആളെ കയറ്റുന്ന സമയത്താണ് അജയകുമാറിന് നേരെ അക്രമമുണ്ടായത്. ബസ്സിലെ യാത്രക്കാരനായ യുവാവ് കൈ പുറത്തിട്ടത് ഡ്രൈവർ പലതവണ വിലക്കിയിരുന്നു. ഇതിൻ്റെ പ്രകോപനത്തെ തുടർന്നാണ് ഇയാൾ സുഹൃത്തുക്കളായ ഷാബുവിനെയും മുജീബിനെയും വിവരമറിയിച്ചത്.


മൂക്കിനും വായ്ക്കും മുഖത്തും പരുക്കേറ്റ ഡ്രൈവറെ ഉടൻ തന്നെ കുളത്തൂപ്പുഴ സർക്കാർ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി.

മൂക്കിൻ്റെ പാലത്തിനും കണ്ണിനും സാരമായി പരുക്കേൽക്കുകയും പല്ലുകൾ ഇളകുകയും ചെയ്തതിനാൽ അജയകുമാറിനെ പിന്നീട് പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആൾ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. അറസ്റ്റിലായ പ്രതികൾക്ക് നേരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Advertisement