ശാസ്താംകോട്ട. ശൂരനാട് ചരിത്രം അറിയുന്നവര്‍ക്കും അറിയാത്തവര്‍ക്കും ആസ്വദിക്കാനാവണമെന്നതാണ് ചോപ്പ് ശൂരനാടിന്റെ രക്തഗാഥ എന്നകൃതി നേരിട്ട വെല്ലുവിളിയെന്നും ചോപ്പ് ചരിത്രത്തോട് നീതിപുലര്‍ത്തുമ്പോള്‍ തന്നെ സാധാരണവായനക്കാരന് ആസ്വാദ്യമാണെന്നും കുന്നത്തൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എസ്.ശശികുമാര്‍ പറഞ്ഞു. സ്വദേശാഭിമാനി ഗ്ര്ന്ഥശാലയില്‍ ശൂരനാട് വിപ്‌ളവത്തെ ആസ്പദമാക്കി ഹരികുറിശേരി രചിച്ച ചോപ്പിന്റെ ചര്‍ച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ സാമൂഹിക പരിഷ്‌കരണത്തില്‍ ശൂരനാട് വിപ്‌ളവം ഏത് തരത്തില്‍ സ്വാധീനം ചെലുത്തിയെന്ന് വെളിവാക്കുന്ന ചോപ്പ്, രാഷ്ട്രീയം മാറ്റിനിര്‍ത്തിയാല്‍പോലും ആസ്വാദ്യമായ ജീവിതകഥയായി വിലയിരുത്തപ്പെടുമെന്ന് പുസ്തകാവതരണം നടത്തിയ മാധ്യമ പ്രവര്‍ത്തകന്‍ ആര്‍ ഹരിപ്രസാദ് അഭിപ്രായപ്പെട്ടു. ഗ്രന്ഥശാല പ്രസിഡന്‌റ് ആര്‍ സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജശേഖരവാര്യര്‍, കവി കിടങ്ങയം ഭരതന്‍, ഇക്ബാല്‍, ജയകുമാര്‍, ഷാജി ഡെന്നീസ്, ജഹാംഗീര്‍, സുല്‍ഫി , നോവലിസ്റ്റ് ഹരികുറിശേരി, മഞ്ജു എന്നിവര്‍ പ്രസംഗിച്ചു