കരുനാഗപ്പള്ളിയിൽ മൂന്നാമത്തെ മേൽപ്പാലവും യാഥാർത്ഥ്യത്തിലേക്ക്; റെയിൽവേ അനുമതിയായി

കരുനാഗപ്പള്ളി . കരുനാഗപ്പള്ളി മണ്ഡലത്തിൽ മാളിയേക്കൽ,ചിറ്റുമൂല റെയിൽവേ മേൽപ്പാലങ്ങൾക്കു പിന്നാലെ മൂന്നാമത്തെ മേൽപ്പാലവും യാഥാർത്ഥ്യത്തിലേക്ക്.കരനാഗപ്പള്ളി റെയിൽവേ സ്റ്റേഷനു തെക്ക് വശം 53-ാം നമ്പർ ഇടക്കുളങ്ങര ലെവൽക്രോസിലാണ് പുതിയ മേൽപ്പാലം യാഥാർത്ഥ്യമാകുന്നത്.


ഇടകുളങ്ങര റെയിൽവേ മേൽപ്പാലം നിർമിക്കുന്നതിനുള്ള 31.28 കോടിയുടെ എസ്റ്റിമേറ്റിന് റെയിൽവേയുടെ അനുമതിയായി. അനുമതി ലഭിച്ചതിനെ തുടർന്ന് പദ്ധതിയുടെ സാമൂഹികാഘാത പഠനം സംബന്ധിച്ച വിജ്ഞാപനം അടുത്ത ദിവസമിറങ്ങും. തുടർന്ന് വിദഗ്ധ സമിതിയുടെ നേതൃത്വത്തിലുള്ള റിപ്പോർട്ട് കൂടി പരിഗണിച്ച ശേഷംഅതിനു ശേഷം എൽ എ ഓഫീസറെ നിയമിച്ചു സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ആരംഭിക്കും. ഇതിൻ്റെ പ്രാഥമിക ഘട്ടം എന്ന നിലയിൽ പൊതുമരാമത്തു വകുപ്പ് സ്ഥലം ഏറ്റെടുക്കുന്നതിനായി രണ്ട് കോടി മുപ്പതു ലക്ഷം രൂപയുടെ ഭരണാനുമതി കഴിഞ്ഞ നവംബറിൽ നൽകിയിരുന്നു. അതിന്റെ ഭാഗമായി അലൈൻമെന്റ് സ്റ്റോൺ ഇടുന്ന പ്രവർത്തനം പൂർത്തിയാക്കി റവന്യൂ വകുപ്പും കെ-റെയിൽ ഉദ്യോഗസ്ഥരും സംയുക്തമായി സ്ഥല പരിശോധന നടത്തി ഫൈനൽ അലൈയ്ൻ മെന്റിനു രൂപം നൽകിയിരുന്നു. അതിനു ശേഷം എൽ എ ഓഫീസറെ നിയമിച്ചു സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ആരംഭിക്കും.


കേരള റെയിൽവേ ഡെവലപ്മെന്റ് കോർപ്പറേഷൻ സംസ്ഥാന സർക്കാരുമായുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് മേൽപ്പാലം യാഥാർഥ്യമാകുന്നത്.ഇതിനായി കെ ആർ ഡി സി തയ്യാറാക്കിയ മേൽപ്പാലത്തിൻ്റെയും അപ്രോച്ച് റോഡിൻ്റേയും രൂപരേഖയ്ക്കും അലൈൻമെൻ്റ് ഉൾപ്പടെയുള്ള സ്കെച്ചിനും റെയിൽവേയും സംസ്ഥാന സർക്കാരും നേരത്തെ അംഗീകാരം നൽകിയിരുന്നു. മുൻ എൽ ഡി എഫ് സർക്കാരിൻ്റെ കാലത്ത് എം എൽ എ യായിരുന്ന ആർ രാമചന്ദ്രൻ മുൻകൈ എടുത്താണ് മണ്ഡലത്തിലെ മൂന്നാമത്തെ മേൽപ്പാലം ഇടക്കുളങ്ങരയിൽ യാഥാർത്ഥ്യമാക്കിയത്.2019 ജൂൺ മാസത്തിൽ സംസ്ഥാന മന്ത്രിസഭായോഗം പദ്ധതിക്ക് അനുമതി നൽകിയിരുന്നു. മാളിയേക്കൽ, ചിറ്റുമൂല റെയിൽവേ മേൽപ്പാലങ്ങൾക്കു പിന്നാലെയാണ് കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനോടുചേർന്ന് മേൽപ്പാലം യാഥാർത്ഥ്യമാകുന്നത്. ഇവിടെ മേൽപ്പാലം നിർമിക്കുന്നതുസംബന്ധിച്ച് റെയിൽവേ ഡെവലപ്മെൻറ് കോർപ്പറേഷൻ വിശദമായ പഠനം നടത്തി റിപ്പോർട്ട് സംസ്ഥാന സർക്കാരിന് നേരത്തേ സമർപ്പിച്ചിരുന്നു.
സ്റ്റേഷനോട് ചേർന്ന ഫുഡ് കോർപ്പറേഷൻ്റെ ഗോഡൗണിലേക്കുള്ള ഏതു തരത്തിലുള്ള ഗതാഗത സൗകര്യത്തിനും തടസം വരാത്ത രീതിയിലാണ് അലൈൻമെൻ്റ് നിശ്ഛയിച്ചിരിക്കുന്നത്.പദ്ധതിയുടെ മൊത്തം ചെലവിന്റെ 50 ശതമാനംവീതം സംസ്ഥാന സർക്കാരും റെയിൽവേയുമാണ് വഹിക്കുന്നത്.ഇതിൽ സംസ്ഥാന സർക്കാരിൻ്റെ വിഹിതം നേരത്തേ അടച്ചു കഴിഞ്ഞു. മാളിയേക്കലും ചിറ്റുമൂലയിലും ഇടക്കുളങ്ങരയിലും മേൽപ്പാലം യാഥാർഥ്യമായാൽ കരുനാഗപ്പള്ളിയിൽ നിന്ന് കിഴക്കൻ മേഖലയിലേക്കുള്ള യാത്ര സുഗമമാകും. സ്റ്റേഷനോടുചേർന്ന് കിടക്കുന്നതിനാൽ ഇടക്കുളങ്ങര ഗേറ്റ് ട്രെയിനുകൾ വരുമ്പോൾ ഏറെനേരം അടച്ചിടേണ്ടിവരും. റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള വാഹനങ്ങൾ കൂടി വരുന്നതോടെ ഏറെ നേരം ഇവിടെ ഗതാഗത കുരുക്കിലായിരിക്കും.

കരുനാഗപ്പള്ളിയിൽനിന്ന്‌ കാരൂർക്കടവ്, തഴവ, ശാസ്താംകോട്ട തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഈ ഗേറ്റ് വഴി വേഗത്തിൽ എത്താനാകും. കാരൂർകടവ്പാലത്തിലൂടെ കടമ്പനാട് വഴിഎം സി റോഡിലേക്കും ഇതുവഴി കൊല്ലം തേനി ദേശീയപാതയിലേക്കും വേഗത്തിൽ എത്താനാനുമാകും. മാളിയേക്കലിൽ മേൽപ്പാലത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുകയാണ്. ചിറ്റുമൂലയിൽ സ്ഥലം ഏറ്റെടുക്കൽ നടപടികളും പുരോഗമിക്കുകയാണ്.പുതിയ മേൽപ്പാലം കൂടി വരുന്നതോടെ ഗതാഗത വികസന രംഗത്ത് വിപ്ലവകരമായ മാറ്റത്തിനാണ് തുടക്കമാവുമെന്നും 2016 മുതൽ നടത്തിയ പരിശ്രമമാണ് ഇപ്പോൾ വിജയം കണ്ടതെന്നും മുൻ എം എൽ എ ആർ രാമചന്ദ്രൻ പറഞ്ഞു.

Advertisement