ചവറതെക്കുംഭാഗത്ത് വൃദ്ധമാതാവിന് മകൻ്റെ ക്രൂരമർദ്ദനം,നടുക്കമുണ്ടാക്കുന്ന പ്രവൃത്തിക്ക് സത്വര നടപടിയുമായി പൊലീസ്

ചവറ. തെക്കുംഭാഗത്ത് വൃദ്ധമാതാവിന് മകൻ്റെ ക്രൂരമർദ്ദനം. 84 കാരിയായ ഓമനയെയാണ് മകൻ ഓമനക്കുട്ടൻ വീട്ടുമുറ്റത്തിട്ട് ക്രൂരമായി മർദ്ദിച്ചത്. തടസ്സം പിടിക്കാൻ എത്തിയ ജേഷ്ഠനെയും ഇയാൾ മർദ്ദിച്ചു.

സ്വന്തം അമ്മയെ അതിക്രൂരമായാണ് മകന്‍ മർദ്ദിക്കുന്നതെന്ന് പ്രചരിച്ച വിഡിയോയില്‍കാണാം. ഓമനക്കുട്ടൻ ഓമനയെ അടിക്കുകയും തട്ടുകയും ചെയ്തു, വടികൊണ്ടും ആക്രമണം നടത്തി. കാഴ്ചക്കാര്‍ക്ക് നടുക്കമുണ്ടാക്കുന്ന വിധത്തില്‍ ഏറെ നേരം മർദ്ദനം തുടർന്നു. മാതാവിന്‍റെ വസ്ത്രങ്ങള്‍ നഷ്ടമായിട്ടും ആക്രമണം തുടരുകയായിരുന്നു.

തടസ്സം പിടിക്കാൻ എത്തിയ സഹോദരൻ ബാബുവിനെയും തറയില്‍ എടുത്തടിച്ച് ഇയാൾ മർദ്ദിച്ചു. പണം ആവശ്യപ്പെട്ടായിരുന്നു മദ്യലഹരിയിൽ ഓമനക്കുട്ടൻ്റ കൊടും ക്രൂരത.

സ്ഥലവാസികളാണ് ഇന്നലെ നടന്ന മർദ്ദനത്തിന്‍റെ ദൃശ്യം പകർത്തി ജനപ്രതിനിധികളെ അറിയിച്ചത്. ഇന്ന് വാർഡ് മെമ്പറാണ് ഈ വിഷയം പൊലീസിനെ അറിയിക്കുകയായിരുന്നു. മറിഞ്ഞു വീണ് പരിക്കേറ്റതെന്നാണ് ആദ്യം അമ്മ ഓമന പൊലീസിന് നൽകിയ മൊഴി. ഓമനക്കുട്ടൻ തെക്കുംഭാഗം പൊലീസിൻ്റെ കസ്റ്റഡിയിലാണ്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കേസ് എടുത്തിരിക്കയാണ്.

Advertisement