KSRTC ബസിനുള്ളിൽ മോഷണം നടത്തി ബസിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച നാടോടി സ്ത്രീ അറസ്റ്റിൽ

എഴുകോൺ : പെരുമൺ , പനയം സ്വദേശിനിയായ വീട്ടമ്മയുടെ കഴുത്തിൽ കിടന്ന സ്വർണ്ണമാല അപഹരിച്ച്‌ ഓടി രക്ഷപ്പെടാൻ ശ്രമിച്ച നാടോടി സ്ത്രീയെ എഴുകോൺ പോലീസ് അറസ്റ്റു ചെയ്തു. KSRTC ബസിൽ കൊട്ടാരക്കരയിൽ നിന്നും കുണ്ടറയിലേക്ക് യാത്ര ചെയ്തു വരവേ അമ്പലത്തുംകാല ജംഗ്ഷനിൽ എത്തിയ സമയം ആവലാതിക്കാരിയുടെ കഴുത്തിൽ കിടന്ന ഉദ്ദേശം 2 പവൻ തൂക്കം വരുന്ന സ്വർണ്ണമാല അപഹരിച്ചു കടന്നുകളയാൻ ശ്രമിച്ച തമിഴ്നാട് സംസ്ഥാനത്തു് തിരുനെൽവേലി ജില്ലയിൽ കോവിൽപെട്ടി

മീനാക്ഷി

എന്ന സ്ഥലത്തു് രാജഗോപാൽ നഗറിൽ അറുമുഖൻ ഭാര്യ 21 വയസുള്ള മീനാക്ഷിയെ എഴുകോൺ ISHO ശിവപ്രകാശിന്റെ നേതൃത്വത്തിൽ SI മാരായ അനീസ് , ഉണ്ണികൃഷ്ണപിള്ള , ജയപ്രകാശ് , ASI അജിത് , സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജയ , അമ്പിളി എന്നിവരടങ്ങിയ പോലീസ് സംഘം അറസ്റ് ചെയ്തു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. കൂടുതൽ അന്വേഷണത്തിൽ ഇവർ കൊടുവള്ളി , കുന്നമംഗലം, മലപ്പുറം, താമരശേരി തുടങ്ങിയ വിവിധ സ്റ്റേഷനുകളിൽ സമാനമായ നിരവധി കേസുകളിൽ പ്രതിയാണെന്ന് വ്യക്തമായിട്ടുള്ളതുമാണ്.

ഒരു വർഷം മുൻപ് വിവാഹിതയായ ഇരുപതുകാരി തൂങ്ങി മരിച്ചനിലയിൽ

ചടയമംഗലം. ഇരുപതുകാരിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി.ഒരു വർഷം മുൻപ് വിവാഹിതയായ അക്കോണം സ്വദേശിനി ബിസ്മി ആണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിലായിരുന്നു.

ബിസ്മിയും ഭർത്താവ് ആലിഫ്ഖാനും ബിസ്മിയുടെ വീട്ടിലായിരുന്നു താമസം.

പോരേടത്ത് ഹോട്ടൽ നടത്തുകയാണ് ആലിഫ്ഖാൻ.പുനലൂർ ആർഡിഒയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയ്യാറാക്കിയ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം ചെയ്തു.

ചടയമംഗലം പൊലീസ് അന്വേഷണം ആരംഭിച്ചു.

ബൈപാസിൽ കല്ലും താഴത്തുണ്ടായ വാഹനാപകടത്തിൽ ലോറി ഡ്രൈവർ മരിച്ചു

കൊല്ലം. ബൈപാസിൽ കല്ലും താഴത്തുണ്ടായ വാഹനാപകടത്തിൽ ലോറി ഡ്രൈവർ മരിച്ചു.കൊല്ലം മൈലക്കാട് സ്വദേശി സുനിൽകുമാർ (46) ആണ് മരിച്ചത്.സുനിലിന്റെ ലോറിയുമായി കൂട്ടിയിടിച്ച ടിപ്പറിന്റെ ഡ്രൈവർക്കും ഗുരുതര പരുക്ക്

പുലർച്ചെ 5 മണിയോടെയായിരുന്നു അപകടം.

മുതുപിലാക്കാട് എൽ.പി സ്കൂളിൽ സംസ്ക്കാരിക ശില്പശാല ക്യാമ്പ്

കുന്നത്തൂർ:ശാസ്താംകോട്ട ബി.ആർ.സിയുടെ നേതൃത്വത്തിൽ സാംസ്കാരിക ശില്പശാല ക്യാമ്പിന് മുതുപിലാക്കാട് ഗവ.എൽ.പി സ്കൂളിൽ തുടക്കമായി.കഥകളി, സോപാന സംഗീതം, നാടൻപാട്ട് എന്നിവയുടെ സങ്കേതം കുട്ടികൾക്ക് പരിചയപ്പെടുത്തുന്ന അവതരണം ക്യാമ്പിൽ നടന്നു.

മുതുപിലാക്കാട് ഗവ.എൽ.പി സ്കൂളിൽ സംസ്ക്കാരിക ശില്പശാല ക്യാമ്പ് ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യഷൻ ഡോ.പി.കെ ഗോപൻ ഉദ്ഘാടനം ചെയ്യുന്നു

ക്യാമ്പ് ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യഷൻ ഡോ.പി.കെ ഗോപൻ ഉദ്ഘാടനം ചെയ്തു.എച്ച്.എം.സി ചെയർമാൻ തൊളിക്കൽ സുനിൽ അധ്യക്ഷത വഹിച്ചു.പഞ്ചായത്തംഗം അനിൽ തുമ്പോടൻ,സ്കൂൾ പ്രഥമാധ്യാപിക മായ,അനിത,ദീപക്കുമാർ എന്നിവർ സംസാരിച്ചു. കലാമണ്ഡലം പ്രശാന്ത്, സന്തോഷ്‌ കുമാർ , ഹരികുമാർ എന്നിവർ കലാവതരണം നടത്തി.

വര്‍ക്ക്ഷോപ്പില്‍ മോഷണം നടത്തിയ ആള്‍ പോലീസ് പിടിയില്‍
പിടിയിലായത് കൊല്ലം ഈസ്റ്റ്, ശക്തികുളങ്ങര പോലീസ് സ്റ്റേഷനുകളില്‍ 11 മോഷണ കേസുകളില്‍ ഉള്‍പ്പെട്ടയാള്‍

കൊല്ലം. കോട്ടമുക്കിന് സമീപമുളള വര്‍ക്ക്ഷോപ്പില്‍ മോഷണം നടത്തിയ യുവാവിനെ പോലീസ് പിടികൂടി. തിരുവനന്തപുരം ചിറയിന്‍കീഴ് താലൂക്കില്‍ നാവായിക്കുളം വില്ലേജില്‍ പ്ലാവിള തുണ്ടില്‍ വീട്ടില്‍ ദീപു എന്നു വിളിക്കുന്ന മനോജ് (41) ആണ് പോലീസ് പിടിയിലായത്. കഴിഞ്ഞ 12 ന് രാത്രി ഇയാള്‍ കൊല്ലം കോട്ടമുക്ക് പുന്തല കളള്ഷാപ്പിന് സമീപമുളള ഓട്ടോ ബ്രാന്‍റ് വര്‍ക്ക്ഷോപ്പിലാണ് മോഷണം നടത്തിയത്.

വര്‍ക്ക് ഷോപ്പ് ഉപകരണങ്ങളും വാര്‍ക്ക്ഷോപ്പില്‍ സൂക്ഷിച്ചിരുന്ന കാറിലെ ബാറ്ററികളുമടക്കം 52500/- രൂപ വിലവരുന്ന ഉപകരണങ്ങളാണ് ഇയാള്‍ മോഷണം ചെയ്തത്. വര്‍ക്ക് ഷോപ്പിലേയും പരിസരത്തെ വീടുകളിലേയും സ്ഥാപനങ്ങളിലേയും സി.സി.ടി.വി ക്യാമറകളുടെ സഹായത്തോടെ മോഷണം നടത്തിയ ആളെ പോലീസ് തിരിച്ചറിയുകയായിരുന്നു. മോഷണത്തിന് ശേഷം ഒളിവില്‍ പോയ ഇയാളെ തിരുമുല്ലവാരത്ത് നിന്നും പോലീസ് പിടികൂടി. കൊല്ലം ഈസ്റ്റ്, ശക്തികുളങ്ങര സ്റ്റേഷനുകളില്‍ മാത്രം ഇയാള്‍ക്കെതിരെ പതിനൊന്ന് മോഷണ കേസുകള്‍ നിലവിലുണ്ട്.
കൊല്ലം വെസ്റ്റ് ഇന്‍സ്പെക്ടര്‍ ഷെഫീക്ക് ബി യുടെ നേതൃത്വത്തില്‍ സബ്ബ് ഇന്‍സ്പെക്ടര്‍മാരായ ശ്യാംകുമാര്‍.കെ.ജി, സുനില്‍ എ.എസ്.ഐ സുനില്‍കുമാര്‍, എസ്.സി.പി.ഒ വിനോദ്, സി.പി.ഒമാരായ പ്രമോദ്, ജ്യോതിഷ്, സുമ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്തു.

പാണക്കാട് സെയ്യിദ് ഹൈദ്രലി ശിഹാബ് തങ്ങൾ അനുസ്മരണ യോഗം

മൈനാഗപ്പള്ളി:മുസ്ലിം ലീഗ് മൈനാഗപ്പള്ളി പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പാണക്കാട് സെയ്യിദ് ഹൈദ്രലി ശിഹാബ് തങ്ങൾ അനുസ്മരണ യോഗം മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം സെയ്ദ് ഉദ്ഘാടനം ചെയ്തു. ഇടവനശേരി സലാഹുദീൻ അധ്യക്ഷത വഹിച്ചു.മുസ്‌ലിം ലീഗ് സംസ്ഥാന വർക്കിങ് കമ്മറ്റി അംഗം നൗഷാദ് യൂനസ്,കമൽദാസ്,വിദ്യാരംഭം
ജയകുമാർ,

പാണക്കാട് സെയ്യിദ് ഹൈദ്രലി ശിഹാബ് തങ്ങൾ അനുസ്മരണ യോഗം മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം സെയ്ദ് ഉദ്ഘാടനം ചെയ്യുന്നു

അരവിന്ദക്ഷൻ,അജയൻ, അഹ്മദ് കബീർ ബാഖവി,കെ.മുസ്തഫ, ബിജു മൈനാഗപ്പള്ളി,ജോസ് മത്തായി, മൈമൂനാ നജീബ്,തോപ്പിൽ ജമാൽ, മക്ക അബ്ദുൽ വഹാബ്,ഷാനി, കാരാളി വൈ.എ സമദ്,കെ.പി ദിനേശ്,റഷീദ് കുറ്റിലുവിള,നജീബ്,വയലിത്തറ രവി,മുഹമ്മദ്‌ ഖുറൈശി,അബ്ബാസ് കണ്ടതിൽ,റഷീദ് മുസ്‌ലിയാർ,ജലീൽ കാക്കാൻകുറ്റിയിൽ,സജീവ്,നിസ്സാം മാങ്ങാട്ട്,സഹീർ,അർഷാദ് മാന്നാനി, മുജീബ് സഖാഫി,ബാദുഷ, സുനീർ, പറമ്പിൽ സുബൈർ,അഡ്വ. നൗഷാദ്,
മൻസൂർ മൈനാഗപ്പള്ളി തുടങ്ങിയവർ സംസാരിച്ചു.

ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് ബജറ്റിൽ ഭവന – കാർഷിക – മൃഗസംരക്ഷണ പദ്ധതികൾക്ക് മുൻഗണന

ശൂരനാട് വടക്ക്. ഗ്രാമപഞ്ചായത്തിൽ 2022 -23 വർഷത്തെ ബജറ്റ് അവതരിപ്പിച്ചു. മുപ്പത് കോടി എൺപത്തിമൂന്ന് ലക്ഷത്തി ഇരുപതിനായിരം രൂപ വരവും മുപ്പത് കോടി നൽപ്പത്തിമൂന്ന് ലക്ഷത്തി അൻപത്തി ഒൻപതിനായിരം രൂപ ചെലവും മുപ്പത്തി ഒൻപത് ലക്ഷത്തി അറുപത്തി മൂവായിരം രൂപ മിച്ചവും കണക്കാക്കുന്ന ബഡ്ജറ്റ് ആണ് അവതരിപ്പിച്ചത്.ഭവന പദ്ധതിക്കായി രണ്ടര കോടി രൂപയും ദാരിദ്ര ലഘൂകരണ പരിപാടികൾക്ക് 10 കോടി 20 ലക്ഷം രൂപയും അനുവദിച്ചു. കാർഷിക മേഖലയ്ക്കും മൃഗസംരക്ഷണ മേഖലയ്ക്കും മുൻതൂക്കം നൽകുന്ന ബജറ്റ് ആണ് അവതരിപ്പിച്ചത്.

വനിതാ ക്ഷേമം, പട്ടികജാതി ക്ഷേമം, വിദ്യാഭ്യാസ അനുബന്ധ പ്രവർത്തനങ്ങൾ, വൃദ്ധരുടെ ക്ഷേമ പരിപാടികൾ, ആരോഗ്യമേഖല എന്നിവയ്ക്കും ബജറ്റിൽ നിർദേശമുണ്ട്.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.വിജയലക്ഷ്മി ബജറ്റ് അവതരിപ്പിച്ചു.പ്രസിഡന്റ് എസ്. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സംഗീത,സ്ഥിരംസമിതി അധ്യക്ഷരായ സുനിത ലത്തീഫ്, ഗംഗാദേവി,മിനി സുദർശൻ, പഞ്ചായത്തംഗങ്ങളായ പ്രദീപ്,സൗമ്യ, ജെറീന മൻസൂർ,ശാന്തകുമാരി തുടങ്ങിയവർ പങ്കെടുത്തു.

അലൂമിനിയം പാത്രനിര്‍മ്മാണയന്ത്രം മോഷണം , യുവാക്കള്‍ പോലീസ് പിടിയിലായി
കൊല്ലം.അലൂമിനിയം പാത്രം നിര്‍മ്മാണ യന്ത്രം മോഷണം ചെ യ്ത യുവാക്കളെ പോലീസ് പിടികൂടി. കൊല്ലം വടക്കേവിള വില്ലേജില്‍ തട്ടാമല കടകംപളളിവീട്ടില്‍ സെയ്ദലി (22), കൊല്ലം കടപ്പാക്കട ജനയുഗം നഗര്‍ 69 ല്‍ അമീര്‍ (22) എന്നിവരാണ് പോലീസ് പിടിയിലായത്.

കഴിഞ്ഞ ഫെബ്രുവരി 14ന് പകല്‍ 3 മണിക്ക് വടക്കേവിള ക്രസന്‍റ് നഗര്‍ പുത്തനഴികം കാട്ടുവയല്‍ വീട്ടില്‍ അസനാരുകുഞ്ഞ് മകന്‍ നൗഷാദിന്‍റെ വീടിന്‍റെ കാര്‍പോര്‍ച്ചില്‍ സൂക്ഷിച്ചിരുന്ന അലൂമിനിയം പാത്രം നിര്‍മ്മിക്കുന്ന യന്ത്രത്തിന്‍റെ മൂന്ന് ഭാഗങ്ങളില്‍ ഒരു ഭാഗമാണ് ഇവര്‍ മോഷണം ചെയ്തത്. ഉദ്ദേശം 100 കിലോ തൂക്കം വരുന്ന ഭാഗങ്ങളാണ് ഇവര്‍ കടത്തി കൊണ്ട് പോയത്. സമീപ റോഡുകളിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ പ്രതികളേയും വാഹനത്തേയും സംബന്ധിച്ച വിവരങ്ങള്‍ പോലീസിന് ലഭ്യമായിരുന്നു. തുടര്‍ന്ന് പളളിമുക്കില്‍ നിന്നുമാണ് ഇവരെ പോലീസ് പിടികൂടിയത്. ഇവരില്‍ നിന്നും മോഷണം പോയ യന്ത്രഭാഗം പോലീസ് കണ്ടെടുത്തു. സെയ്ദലിക്കെതിരെ സമാന സ്വഭാവമുളള കേസ് നിലവിലുണ്ട്.
ഇരവിപുരം ഇന്‍സ്പെക്ടര്‍ വി.വി അനില്‍കുമാറിന്‍റെ നേതൃത്വത്തില്‍ സബ്ബ് ഇന്‍സ്പെക്ടര്‍ മാരായ അരുണ്‍ഷാ, ജയേഷ്, സന്തോഷ്, ആന്‍റണി സി.പി.ഓ ലതീഷ് മോന്‍ എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്. ഇവരെ കോടതിയില്‍ ഹാജരാക്കി.

കോടതി ആമിനേയും സംഘത്തേയും ആക്രമിച്ച ആള്‍ പോലീസ് പിടിയിലായി

അഞ്ചാലുമൂട് .കുടുംബകോടതി വാറണ്ട് നടപ്പിലാക്കാന്‍ വന്ന കോടതി ആമിനേയും പ്രോസസറേയും ആക്രമിച്ച യുവാവിനെ അഞ്ചാലുമൂട് പോലീസ് പിടികൂടി. തൃക്കടവൂര്‍ വില്ലേജില്‍ മതിലില്‍ നമ്പാരത്ത്മുക്കില്‍ വിളയില്‍ വീട്ടില്‍ അഭിഷേക് ബാബു (36) ആണ് പിടിയിലായത്. ചവറ കുടുംബ കോടതിയില്‍ ഇയാളുടെ ഭാര്യ നല്‍കിയ പരാതിയിലെ ഉത്തരവ് നടപ്പിലാക്കാന്‍ എത്തിയ കോടതി ജീവനക്കാരാണ് ആക്രമിക്കപ്പെട്ടത്.

ഭാര്യയുടെ പരാതിയില്‍ ഇയാളുടെ വസ്തുവും വീടും കോടതി അറ്റാച്ച് ചെയ്തിരുന്നു. അറ്റാച്ച് ചെയ്ത കോടതി ഉത്തരവുമായി എത്തിയ കോടതി ഉദ്ദ്യോഗസ്ഥനായ ഷിജുകുമാറും കൂടെയുണ്ടായിരുന്ന കോടതി ജീവനക്കാരനുമാണ് ആക്രമിക്കപ്പെട്ടത്. ഉത്തരവ് കൈപ്പറ്റിയ അഭിഷേക് വാറണ്ടും കൈപ്പറ്റ് രസീതും കീറിയെറിയുകയും ജീവനക്കാരെ അസഭ്യം വിളിച്ച് കൊണ്ട് കൈയ്യേറ്റം ചെയ്യുകയുമായിരുന്നു.

ഷിജുകുമാറിന്‍റെ പരാതിയില്‍ കോടതി ജീവനക്കാരുടെ ജോലി തടസപ്പെടുത്തിയതിനും അസഭ്യം വിളിച്ച് ആക്രമിച്ചതിനും അഞ്ചാലുംമൂട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. അഞ്ചാലുമ്മൂട് ഇന്‍സ്പെക്ടര്‍ സി.ദേവരാജന്‍റെ നേതൃത്വത്തില്‍ സബ്ബ് ഇന്‍സ്പെക്ടര്‍മാരായ അനീഷ്, അനില്‍കുമാര്‍ എ.എസ്.ഐ മാരായ ഓമനക്കുട്ടന്‍, രാജേഷ്കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് യുവാവിനെ പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്തു.

ശൂരനാട് വടക്ക് ഗ്രാമ പഞ്ചായത്തംഗങ്ങൾ നടത്തിയ ഉപരോധസമരം ഫലം കണ്ടു;കനാലുകൾ വഴി വെള്ളമെത്തി

ശൂരനാട് : ശൂരനാട് വടക്ക് ഗ്രാമ പഞ്ചായത്തിലെ വിവിധ കനാലുകളിൽ വെള്ളം എത്താത്തതിനെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ ഇന്ന് കരുനാഗപ്പള്ളി കെ.ഐ.പി
അസി.എക്സിക്യൂട്ടീവ് എൻജിനീയറെ ഉപരോധിച്ചു.വേനൽ ശക്തമായതോടെ പഞ്ചായത്തിൽ കുടിവെള്ളക്ഷാമം അതിരൂക്ഷമാണ്.മിക്ക ഏലാകളിലും കര പുരയിടങ്ങളിലും കൃഷി കരിഞ്ഞുണങ്ങി.ഇതിന് പരിഹാരമായി കനാലുകൾ വഴി വെള്ളം തുറന്ന് വിടണമെന്ന് ആവശ്യപ്പെട്ടിട്ടും അധികൃതർ നടപടിയെടുത്തിരുന്നില്ല.ഈ സാഹചര്യത്തിലാണ് ഉപരോധ സമരവുമായി പഞ്ചായത്ത് അംഗങ്ങൾ തന്നെ രംഗത്തെത്തിയത്.ഐഎൻടിയുസിസംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ ഉപരോധം ഉദ്ഘാടനം ചെയ്തു.

ഐഎൻടിയുസിസംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ,ശൂരനാട് വടക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിൽ പഞ്ചായത്തംഗങ്ങൾ കെ.ഐ.പി അസി.എക്സിക്യൂട്ടീവ് എൻജിനീയറെ ഉപരോധിക്കുന്നു

പഞ്ചായത്ത് പ്രസിഡന്റ് എസ്.ശ്രീകുമാർ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജയലക്ഷ്മി, അംഗങ്ങളായ ഗംഗാദേവി,ദിലീപ്,ശ്രീലക്ഷ്മി,
നേതാക്കളായചിറ്റുമൂല നാസർ,അബ്ദുൽഖലീൽ എന്നിവർ പങ്കെടുത്തു.കനാലുകളിൽ കൂടി വെളളമെത്തിക്കാൻ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് അധികൃതർ രേഖാമൂലം ഉറപ്പ് നൽകിയതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. ആനയടി,നെടിയപാടം വടക്ക്,ശാസ്താംകുളം എന്നീ ഡിസ്ട്രിബ്യൂട്ടറി വഴി ഷട്ടറുകൾ വഴി ജലവിതരണം ആരംഭിക്കും.ആനയടി
കനാലിന്റെ ഷട്ടർ ഇന്ന്
തന്നെ തുറക്കുകയും വൈകിട്ടോടെ വെള്ളമെത്തുകയും ചെയ്തു.നെടിയപാടം വടക്ക്,ശാസ്താംകുളം കനാലുകൾ ഇന്ന് വൈകിട്ടോടെയും തുറന്നു.നാളെ മുതൽ ജലവിതരണം നടത്താനാകുമെന്നും പഞ്ചായത്തിന്റെ അപേക്ഷയും ഉപരോധത്തെയും തുടർന്നാണ് അടിയന്തിര നടപടി സ്വീകരിക്കുന്നതെന്നും കെ.ഐ.പി അധികൃതർ അറിയിച്ചു.

ഡോ. പൂവറ്റൂർ എൻ രാമകൃഷ്ണപിള്ള അനുസ്മരണം

ശാസ്താംകോട്ട.പ്രശസ്ത സംസ്കൃത പണ്ഡിതനും ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജ് പ്രിൻസിപ്പലും ആയിരുന്ന ഡോ പൂവറ്റൂർ എൻ രാമകൃഷ്ണപിള്ള അവർകളുടെ അനുസ്മരണം മാർച്ച് 17 വ്യാഴാഴ്ച ശാസ്താംകോട്ട കെ എസ് എം ഡി ബി കോളേജിൽ വെച്ച് നടന്നു. പ്രിൻസിപ്പൽ ഡോ ബി. ബീന ഉദ്ഘാടനവും സ്മൃതി 2021 വീഡിയോ പ്രകാശനവും നിർവഹിച്ചു. സംസ്കൃതവിഭാഗം മുൻ മേധാവി പ്രൊഫസർ ടി. രാമചന്ദ്രൻ പിള്ള അനുസ്മരണവും, കാലടി സംസ്കൃതസർവകലാശാല റിട്ടയേർഡ് പ്രൊഫസർ ഡോ. എസ്. ശോഭന സ്മാരകപ്രഭാഷണവും നടത്തി.

ഡോക്ടറേറ്റ് നേടിയ ഡോ. ആർ. വിജയലക്ഷ്മിയേയും, സംസ്കൃതം ഡിഗ്രി പരീക്ഷയിൽ റാങ്ക് നേടിയ ഉണ്ണിമായ, അമൃതസുരേഷ് എന്നിവരേയും അനുമോദിച്ചു. സംസ്കൃതഅലമ്നിയുടെ ആഭിമുഖ്യത്തിൽ സുലോചനം എന്ന മത്സരപരീക്ഷ പരിശീലനകേന്ദ്രത്തിന്റെ ഉദ്ഘാടനവും വിദ്യാർഥികൾക്കുള്ള എൻഡോവ്മെന്റ് വിതരണവു നടന്നു. സംസ്കൃതവിഭാഗം മേധാവി ഡോ. സുശാന്ത് എസ്., ഡോ. ശ്രീജിത്ത് ടി.ജി., ശ്രീ. സോമൻ പിള്ള, പ്രൊഫ. ആർ. അരുൺ കുമാർ, ഡോ. ആർ. വിജയലക്ഷ്മി എന്നിവർ സംസാരിച്ചു.

പൈപ്പ് ലൈൻ വഴി പ്രകൃതി പാചക വാതക വിതരണ പദ്ധതി കരുനാഗപ്പള്ളിയിൽ

കരുനാഗപ്പള്ളി . പൈപ്പ് ലൈൻ വഴിയുള്ള പ്രകൃതി പാചക വാതക വിതരണ പദ്ധതിയ്ക്ക് കരുനാഗപ്പള്ളിയിൽ തുടക്കമാകുന്നു. ഏപ്രിൽ 1 മുതൽ ഇതിൻ്റെ പ്രവർത്തനങ്ങൾ തുടങ്ങുമെന്ന് നഗരസഭാധികൃതർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ജില്ലയിലെ പൈലറ്റ് പദ്ധതിയാണ് കരുനാഗപ്പള്ളി നഗരസഭയിൽ നടപ്പാക്കുന്നത്.
പെട്രോളിയം പ്രകൃതിവാതക റഗുലേറ്ററി ബോർഡിന്റെ അംഗീകാരമുള്ള എ ജി ആൻഡ് പി പ്രഥമിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കർണാടക, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ 31 ജില്ലകളിൽ വിജയകരമായി നടപ്പാക്കിയ പദ്ധതിയാണിത്. ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യാ ലിമിറ്റഡിന്റെ (ഗെയിൽ) അംഗീകാരത്തോടെയാണ് പദ്ധതി യാഥാർത്ഥ്യമാക്കുന്നത്. നഗരസഭയിലെ 5,6, 7, 8, 27, 28, 32 എന്നീ ഏഴു വാർഡുകളിലാണ് ആദ്യഘട്ടമായി പദ്ധതി തുടങ്ങുക.തുടർന്ന് 2 വർഷത്തിനകം എല്ലാ വാർഡുകളിലേക്കും വ്യാപിപ്പിക്കും.ആദ്യ ഘട്ടത്തിൽ നാലായിരത്തോളം കുടുംബങ്ങൾ പദ്ധതിയുടെ ഗുണഭോക്താക്കളാകും. ഈ വാർഡുകളിലെ വ്യാപാര-വാണിജ്യ സ്ഥാപനങ്ങൾക്കും പദ്ധതിയുടെ ഭാഗമാകാനാവും.ഭാവിയിൽ ഗെയിൽ പൈപ്പ് ലൈനുമായി ബന്ധിപ്പിച്ച് ജില്ല മുഴുവനും കണക്ഷൻ നൽകുകയാണ് ലക്ഷ്യം.
കരുനാഗപ്പള്ളിയുടെ തെക്കൻ മേഖലയിൽ സ്ഥാപിക്കുന്ന ഡികംപ്രഷൻ യൂണിറ്റിൽ നിന്നാകും പൈപ്പ് ലൈൻ വഴി വീടുകളിലേക്ക് പാചക വാതകം വിതരണം ചെയ്യുക. ഗുണഭോക്താക്കൾക്ക് എൽപിജിയെ അപേക്ഷിച്ച് 25 മുതൽ 30 ശതമാനം വരെ സാമ്പത്തിക ലാഭം ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്.കൂടാതെ ഗ്യാസ് തീരുമ്പോൾ പുതിയ ബുക്കിംഗ് നടത്തുകയോ സിലിണ്ടറിനായി കാത്തിരിക്കുകയോ വേണ്ട. വീടുകളിൽ ഘടിപ്പിക്കുന്ന പ്രത്യേക മീറ്ററുകളിലെ റീഡിംഗ് അനുസരിച്ച് പണമടച്ചാൽ മതിയാവും. മാസം 250 രൂപ വീതം 6750 രൂപയും തവണകളായി നൽകണം. ഇത് തിരികെ നൽകുന്ന ഡിപ്പോസിറ്റ് തുകയായി സൂക്ഷിക്കും.


പദ്ധതി കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നതിനായി ചവറ കെഎംഎംഎല്ലിന് സമീപം ലിക്വിഡ് കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് പ്ലാന്റ് നിർമിക്കും. കൊച്ചിയിൽ നിന്നെത്തിക്കുന്ന ലിക്വിഡ് 600 ഇരട്ടി ഗ്യാസാക്കി മാറ്റാനുള്ള സംവിധാനമാകും ഇവിടെ ഉണ്ടാകുക. പ്ലാന്റ് കമ്മീഷൻ ചെയ്യുന്നതോടെ നഗരസഭയിൽ പൂർണമായും പന്മന, ചവറ പഞ്ചായത്തുകളിലും പാചക വാതകം ലഭ്യമാകും. ഏപ്രിലിൽ നിർമാണം തുടങ്ങുന്ന ആദ്യഘട്ട പദ്ധതി എത്രയും വേഗം പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു, വൈസ് ചെയർപേഴ്‌സൻ സുനിമോൾ, സ്ഥിരം സമിതി അധ്യക്ഷരായ ഡോ പി മീന, എൽ ശ്രീലത, എസ് ഇന്ദുലേഖ എന്നിവർ പറഞ്ഞു.