പത്തനാപുരം. കാട്ടുപന്നിയുടെ ആക്രമണത്തില്‍ ടാപ്പിംങ് തൊഴിലാളിക്ക് ദാരുണാന്ത്യം. പനംപറ്റ പരുത്തിവിളകിഴക്കതില്‍ സുകുമാരന്‍(68)ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ടാപ്പിംങിനിടയില്‍ ഒറ്റപ്പന്നിയുടെ ആക്രമണത്തിനിരയാവുകയായിരുന്നു. സുകുമാരന്റെ ശരീരത്തില്‍ നിരവധി മാരകമായപരുക്കുകളേറ്റു.

നിലവിളികേട്ട് ഓടിയെത്തിയവര്‍ ബഹളമുണ്ടാക്കിയപ്പോഴേക്കും പന്നി കടന്നു. സ്വകാര്യ മെഡിക്കല്‍ കോളജില്‍ എത്തിച്ച് സുകുമാരനെ അടിയന്തര ചികില്‍സകള്‍ നല്‍കിയെങ്കിലും വൈകിട്ട് മരിച്ചു. തേറ്റ കൊണ്ടുള്ള കുത്ത് ശ്വാസകോശത്തിന് തകരാറുണ്ടാക്കി. മേഖലയില്‍മുമ്പ് ഇത്തരത്തില്‍ മാരകമായ വന്യജീവി ആക്രമണം ഉണ്ടായിട്ടില്ല. വനമേഖലയില്‍ നിന്നും ഏറെ അകലെയായതിനാല്‍ നാട്ടുകാര്‍ അത്ര ജാഗ്രത പുലര്‍ത്താറുമില്ല. എന്നാല്‍ ഈയിടെ പന്നികളുടെ ശല്യം ഏറെയാണ്. കാര്‍ഷിക വിളകള്‍ വന്‍ തോതില്‍ നശിപ്പിക്കുന്നുണ്ട്.ഒറ്റപ്പന്നി ഏറെ അപകടകാരിയാകയാല്‍ ജനം ഭീതിയിലാണ്.