ഭരണിക്കാവില്‍ യുവാവ് കാറിടിച്ചു മരിച്ചത് റോഡില്‍ വീണുകിടന്നപ്പോഴെന്ന് സിസിടിവി ദൃശ്യങ്ങള്‍

Advertisement

ശാസ്താംകോട്ട . ഭരണിക്കാവില്‍ യുവാവ് കാര്‍ ഇടിച്ചു മരിച്ചത് റോഡില്‍ വീണുകിടന്നശേഷം. രാത്രി റോഡില്‍ യുവാവ് കിടക്കുന്നതിന്റെ അപകടം പെട്ടെന്ന് തിരിച്ചറിയാതെ പോയതും ദാരുണാന്ത്യത്തിന് കാരണമായി. ഭരണിക്കാവിലെ ബാറിനുമുന്നില്‍ ഞായര്‍രാത്രിയാണ് പോരുവഴി .കമ്പലടി പുതുമംഗലത്ത് നിസാം(33) മരിച്ചത്. റോഡില്‍കൂടി പോകുമ്‌പോള്‍ കാര്‍ ഇടിച്ചു തെറിപ്പിച്ചുവെന്നായിരുന്നു ആദ്യ വിവരം.

എന്നാല്‍ ബാര്‍ സെക്യൂരിറ്റിക്കാര്‍ റോഡിലേക്കു പിടിച്ചു തള്ളിയപ്പോള്‍ കാര്‍ ഇടിച്ചുവെന്ന പ്രചരണം നടന്നു. ഇതോടെ പൊലീസ് എത്തി സിസിടിവി ദൃശ്യം വിശദമായി പരിശോധിച്ചു. ബാറില്‍ നിന്നും സെക്യൂരിറ്റി ജീവനക്കാര്‍ ഇയാളെ പുറത്ത് വഴിയോരത്തേക്ക് വിടുകയായിരുന്നു. എന്നാല്‍ ഇയാള്‍ അല്‍പം നിന്നിട്ട് റോഡ് മുറിച്ചു കടക്കാനായി തുടങ്ങുന്നു, അപ്പോള്‍ ശാസ്താംകോട്ട ഭാഗത്തേക്കു പോയ ഒരു കാര്‍ ഇടിക്കാന്‍ തുടങ്ങുന്നുണ്ട് എന്നാല്‍ ഇത് വെട്ടിച്ച് കടന്നുപോയി. പിന്നീട് യുവാവ് റോഡിന് നടുവില്‍ കുഴഞ്ഞുവീണു, പിന്നീട് കൈവിരിച്ച് മലര്‍ന്നു കിടക്കുകയായിരുന്നു.

അപ്പോള്‍ അവിടെ നിന്ന രണ്ടു ഇരുചക്രവാഹനയാത്രക്കാരും റോഡിലൂടെ കടന്നുപോയ ഇരുചക്രവാഹനയാത്രക്കാരും ഇയാളെ കാണുന്നുണ്ട്. എന്നാല്‍ ഇവരെല്ലാം കടന്നുപോയി ഇരുളില്‍ കിടക്കുന്ന യുവാവിനെ മാറ്റാനായി ബാറിലെ ജീവനക്കാര്‍ റോഡിലേക്കു കടക്കുമ്പോള്‍ ശാസ്താംകോട്ട നിന്നും ഭരണിക്കാവിന് പോയ ഒരു കാര്‍ ഇയാളുടെ തലഭാഗത്തുകൂടി കയറി പോവുകയായിരുന്നു. പിന്നാലെ മറ്റൊരു കാറും ദേഹത്തിനു മീതേ കടന്നുപോയി. ഇയാളെ പിന്നീട് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
ബാറില്‍ നിന്നിറങ്ങി വാഹന പാര്‍ക്കിംങ് സ്ഥലത്ത് നിന്ന് ശല്യമുണ്ടാക്കിയ ഇയാളെ പുറത്തേക്കു പറഞ്ഞുവിടുകയായിരുന്നു എന്ന് ബാര്‍ ഹോട്ടല്‍ അധികൃതര്‍ പറയുന്നു. റോഡില്‍ കിടന്ന ആളെ മാറ്റാന്‍ ആളെത്തുന്നതിനുമുമ്പ് അപകടം നടക്കുകയായിരുന്നു എന്നും ഹോട്ടല്‍ അധികൃതര്‍ പറഞ്ഞു.

Advertisement