യുവതിയായ വീട്ടമ്മയെ കിടപ്പ് മുറിയില്‍ കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തിയ ഭര്‍ത്താവിനെ പോലീസ് പിടികൂടി. പളളിമണ്‍ ശാലൂ ഭവനില്‍ അസനാരുകുഞ്ഞ് മകന്‍ ഷൈജൂഖാന്‍ (46) ആണ് പോലീസ് പിടിയിലായത്. ഇയാളും ഭാര്യ ജാസ്മിയും രണ്ടു കുട്ടികളുമായി വെളിച്ചിക്കാലയുളള ഷെമീര്‍ മന്‍സിലില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. സാമ്പത്തിക വിഷയങ്ങളെ സംബന്ധിച്ച് ഭാര്യയുമായി നിരന്തരം വഴക്കിലായിരുന്നു. കഴിഞ്ഞ ബുധനാഴ്ച രാത്രി കിടപ്പുമുറിയില്‍ ഉറങ്ങികിടക്കുകയായിരുന്ന ഭാര്യയുടെ കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.

മക്കളെ ഉറക്ക ഗുളിക കൊടുത്ത് അബോധാവസ്ഥയിലാക്കിയ ശേഷമാണ് ഇയാള്‍ ഭാര്യയെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം അമിതമായി ഗുളിക കഴിച്ച് ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.  അടുത്ത ദിവസം ഉച്ചയ്ക്ക് ഉറക്കമുണര്‍ന്ന കുട്ടികളാണ് അമ്മ കട്ടിലില്‍ മരിച്ചു കിടക്കുന്നതായും അച്ഛന്‍ അബോധാവസ്ഥയില്‍ കിടക്കുന്നതായും കണ്ടെത്തിയത്. തുടര്‍ന്ന് ഷൈജൂഖാനെ സ്വകാര്യമെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പാരിപ്പളളി മെഡിക്കല്‍ കോളേജില്‍ നടന്ന പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ ഇവര്‍ കഴുത്തില്‍ കയര്‍ മുറുക്കി കൊല്ലപ്പെട്ടതാണെന്ന് തെളിഞ്ഞു. തുടര്‍ന്ന് ആശുപത്രിയില്‍ പോലീസ് നിരീക്ഷണത്തില്‍ ചികിത്സയിലായിരുന്ന ഷൈജൂഖാനെ ആശുപത്രിയില്‍ നിന്നും വിട്ടയച്ചതിനെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇയാള്‍ പോലീസിനോട് കുറ്റം സമ്മതിച്ചു. ചാത്തന്നൂര്‍ അസിസ്റ്റന്‍റ് പോലീസ് കമ്മീഷണര്‍ ഗോപകുമാര്‍.ബിയുടെ നിര്‍ദ്ദേശ പ്രകാരം കണ്ണനല്ലൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യൂ.പി. വിപിന്‍കുമാറിന്‍റെ നേതൃത്വത്തില്‍ സബ്ബ് ഇന്‍സ്പെക്ടര്‍ സജീവ്, എ.എസ്.ഐ മാരായ ബിജൂ, സതീശന്‍, ഹരിസോമന്‍, സിപിഒ മുഹമ്മദ് നജീബ്, സുധ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്തു.