നഷ്ടമായ ബന്ധത്തിന്‍റെ ഗന്ധം തേടി അവളിവിടെ ഈ പെരുവഴിയിലുണ്ട്

Advertisement

ശാസ്താംകോട്ട.നാടന്‍പട്ടിയായിരിക്കാം, പക്ഷേ അവളെ ആരോ സ്‌നേഹിച്ച് വളര്‍ത്തിയതാണ്. അതോ അവരെ അവര്‍ അകമഴിഞ്ഞ് സ്‌നേഹിച്ചോ, വ്യക്തമല്ല, ഊരും പേരും.
ഒരാഴ്ചയിലേറെയായി അവളിവിടെ ഈ പെരുവഴിയിലുണ്ട്. ചവറ -ശാസ്താംകോട്ട പ്രധാനപാതയിലെ ആദിക്കാട്ട് മുക്കിനും പൊട്ടക്കണ്ണന്‍ മുക്കിനുമിടയില്‍. അവിടെവച്ചാണ് അവള്‍ക്ക് തന്റെ ഉറ്റവരുടെ മണം നഷ്ടമായതെന്ന് വ്യക്തം.ആ ബന്ധം തിരിച്ചു പിടിക്കാന്‍ അവള്‍ ഒരുപാട് വിഷമിക്കുകയാണ്. എല്ലാവണ്ടികളിലും നോക്കും, അടുത്ത ക്‌ളിനിക്കില്‍ വരുന്ന ആള്‍ക്കാരുടെവാഹനങ്ങള്‍ മണത്തുനോക്കും.നഷ്ടമായ ആ ബന്ധത്തിന്‍റെ ഗന്ധമെങ്ങാനും ബാക്കി കിട്ടിയാലോ.

അടച്ച ഗേറ്റുകള്‍ക്കുള്ളില്‍ മുന്തിയ വളര്‍ത്തുനായ്ക്കള്‍ അവളെക്കണ്ട് കുരച്ചുചാടും. രാത്രി കൂട്ടത്തോടെ തെരുവു പട്ടികളുടെ എഴുന്നള്ളത്തില്‍ അവള്‍ എവിടെയൊക്കെയോ ഒളിച്ചുനിന്ന്തടി രക്ഷിക്കും. പാഞ്ഞു പോകുന്ന വാഹനങ്ങളില്‍ നിന്നു പലപ്പോഴും ഭാഗ്യം കൊണ്ടാണ് അവള്‍ രക്ഷപ്പെടുന്നത്. മുക്കാല്‍ കിലോമീറ്റര്‍ ദൂരത്തു മാത്രമാണ് അവള്‍ തന്ത്രപ്പെട്ട് ഓടിയും മണത്തും നടക്കുന്നത്. റോഡ് നീളുന്നുണ്ട് എന്നാലും അങ്ങനെ പോകരുതെന്ന് അവളുടെ ബുദ്ധി ഉപദേശിച്ചപോലെ അവള്‍ അകലേക്കു പോകുന്നില്ല.


അതേ ദയനീയയായി ഈ നാടന്‍ വളര്‍ത്തുനായ ഈ നിരത്തോരത്തുണ്ട്.ഓരോ ദിനവും അവശതയേറിവരുന്നു. അവള്‍ ആരെങ്കിലും ഇട്ടുകൊടുക്കുന്നത് കഴിക്കുന്നവളല്ല. പടിഞ്ഞാറേ കല്ലടയിലെയോ മൈനാഗപ്പള്ളിയിലെയോ ഏതോ വീട്ടില്‍നിന്നും പ്രധാനപാതയിലേക്കു വന്നവര്‍ക്കൊപ്പമെത്തിയതാവും. ആരെങ്കിലും ദൂരെനിന്നും കൊണ്ടുവന്നുപേക്ഷിച്ചുവെങ്കില്‍ ഈ സ്‌നേഹരൂപത്തെ നായെന്നുകരുതി ഉപേക്ഷിച്ചവരോട് വിധി പകരം വീട്ടും. ഇത് ഷെയര്‍ ചെയ്യുമെങ്കില്‍ ഇവളെ ആരെങ്കിലും തേടി വന്നെങ്കിലോ. ഈ ദയനീയത സങ്കടകരമാണ്‌

Advertisement