കരുനാഗപ്പള്ളി എം.എൽ.എ സി.ആർ. മഹേഷ് ചെണ്ടയിൽ അരങ്ങേറ്റം കുറിച്ചു

ഓച്ചിറ.കരുനാഗപ്പള്ളി എം.എൽ.എ സി.ആർ. മഹേഷ് ചെണ്ടയിൽ അരങ്ങേറ്റം കുറിച്ചു. കണ്ടല്ലൂർ ഉണ്ണികൃഷ്ണൻ്റെ ശിഷണത്തിൽ ആറു വർഷത്തെ പരിശീലനത്തിന് ശേഷമാണ് ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിൽ അരങ്ങേറിയത്.

കുട്ടിക്കാലം മുതലേ ചെണ്ടയോട് താൽപ്പര്യമുണ്ടായിരുന്ന മഹേഷിന് പൊതുപ്രവർത്തനത്തിൻ്റെ തിരക്കിനിടയിൽ പഠനം നടത്താനായിരുന്നില്ല. നടൻ ജഗന്നാഥവർമ്മ എഴുപത്തിനാലാം വയസിൽ തായമ്പക അഭ്യസിക്കുന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെയാണ് ചെണ്ട അഭ്യസിക്കണമെന്ന പഴയ മോഹം വീണ്ടും ഉടലെടുത്തത്.

പ്രസിദ്ധ മേള വിദ്വാൻ കണ്ടല്ലൂർ ഉണ്ണികൃഷ്ണൻ്റെ പുതുപ്പള്ളിയിലെ കളരിയിലാണ് മേളത്തിൻ്റെ ആദ്യക്ഷരങ്ങൾ കുറിച്ചത്. ഒരു വർഷത്തോളം നീണ്ട സാധകം തുടർന്ന് ഗണപതി കൈ, പതികാലം, കൂറ്, ഇടക്കാലം, ഇടവെട്ടം, ഇടനില, ഇരികിട തുടങ്ങി താളങ്ങൾ ഓരോന്നായി കൊട്ടിക്കയറി. പ്രസിദ്ധ നാടക, സിനിമാ നടൻ ആദിനാട് ശശിയും മഹേഷിനൊപ്പം ഓച്ചിറയിൽ അരങ്ങേറി

പുലർച്ചയും രാത്രിയിലുമായിരുന്നു പഠനം. തിരക്കുകൾക്കിടയിലും രാവിലെ അഞ്ചു മണിയോടെ ഗുരുവിൻ്റെ മുന്നിലെത്തും. നിയമസഭ തിരഞ്ഞെടുപ്പ് സമയത്തും രാത്രി വൈകിയും പരിശീലനത്തിനെത്തിയിരുന്നതായി ഗുരു കണ്ടല്ലൂർ ഉണ്ണികൃഷ്ണൻ പറയുന്നു. തായമ്പക ശാസ്ത്രീയമായി തന്നെ പഠിക്കണമെന്ന ആഗ്രഹമാണ് ആറു വർഷത്തോളം പഠനം നീളാൻ കാരണം. മഹേഷിൻ്റെ അമ്മ ലക്ഷ്മിക്കുട്ടിയമ്മ കുട്ടിക്കാലത്ത് ചെണ്ട അഭ്യസിച്ചിരുന്നു. റേഡിയോ നിലയങ്ങളിൽ മേളവും അവതരിപ്പിച്ചിട്ടുണ്ട്