ശാസ്താംകോട്ട . ദിവസവും നൂറുകണക്കിന് യാത്രക്കാർ എത്തുന്ന ശാസ്താംകോട്ട റെയിൽവേ സ്‌റ്റേഷനിലെ ശൗചാലയം കാഴ്ചവസ്തുവെന്ന് പരാതി.
സ്ത്രീകളടക്കമുള്ള യാത്രക്കാർക്ക് ശുചിമുറിയിൽ പോകണമെങ്കിൽ വലഞ്ഞുതന്നെ.കാരണം യാത്രക്കാർക്കായുള്ള ഏക ശുചിമുറി പൂട്ടി താക്കോൽ സ്റ്റേഷൻ മാസ്റ്റർ സൂക്ഷിച്ചിരിക്കുകയാണ്.ആവശ്യക്കാർ പോയി താക്കോൽ വാങ്ങി വേണം ശുചി മുറിയിൽ പോകാൻ.അതിന് ശേഷം താക്കോൽ വീണ്ടും സ്റ്റേഷൻ മാസ്റ്ററെ ഏൽപ്പിക്കുകയും വേണം.

ശാസ്താംകോട്ട റെയിൽവേ സ്‌റ്റേഷനിൽ അടച്ചിട്ടിരിക്കുന്ന ശൗചാലയം

ശുചിമുറി സ്ഥിതി ചെയ്യുന്നത് റെയിൽവേ സ്‌റ്റേഷൻ്റെ അകത്ത് യാത്രക്കാരുടെ വിശ്രമകേന്ദ്രത്തിൻ്റെ സമീപത്തുമാണ്.ഇവിടെ ഇരിക്കുന്ന യാത്രക്കാരുടെ ഇടയിലൂടെ വേണം ശുചിമുറിയിലേക്ക് പോകേണ്ടതും. ഇത്രയേറെ ത്യാഗം സഹിച്ച് ശുചി മുറിയിൽ പോകാൻ സ്ത്രീകളടക്കമുള്ള യാത്രക്കാർ ശ്രമിക്കാറില്ല.ഇതിനാൽ സ്ത്രീയാത്രക്കാർ വളരെയേറെ ബുദ്ധിമുട്ടുകയാണ്.പ്രത്യേകിച്ചും ദീർഘദൂര യാത്ര കഴിഞ്ഞ് വരുന്നവരും റെയിൽവേ സ്‌റ്റേഷനിലെത്തി ഏറെ നേരം ട്രെയിൻ കാത്തു നിൽക്കേണ്ടി വരുന്ന യാത്രക്കാരും.ഒരു കിലോമീറ്ററോളം അധികം ഇവിടുത്തെ ഫ്ലാറ്റ്ഫോമിന് നീളമുണ്ട്.ഇതിൻ്റെ ഒരു ഭാഗത്തും ശുചി മുറികളില്ല.

റെയിൽവേ സ്റ്റേഷൻ ആകട്ടെ മറ്റ് സ്‌റ്റേഷനുകളിൽ നിന്ന് വ്യത്യസ്തമായി ഫ്ലാറ്റ്ഫോമിൻ്റെ കിഴക്കേ അറ്റത്തുമാണ്.വർഷങ്ങൾക്ക് മുമ്പ് പ്ലാറ്റ്ഫോമിൽ ശുചിമുറികൾ ഉണ്ടായിരുന്നു.ഫ്ലാറ്റ്ഫോം വികസനവുമായി ബന്ധപ്പെട്ടാണ് ഇത് പൊളിച്ചുമാറ്റിയത്.പിന്നീട് നിർമ്മിച്ചതാകട്ടെ റെയിൽവേ സ്‌റ്റേഷന് അകത്തും.
പത്ത് വർഷങ്ങൾക്ക് മുമ്പ് ആദർശ് റെയിൽവേ സ്റ്റേഷനാക്കി ഉയർത്തിയ റെയിൽവേ സ്‌റ്റേഷൻ്റെ അവസ്ഥയാണിത്.അടിസ്ഥാന സൗകര്യങ്ങളുടെ കാര്യവും ഏതാണ്ട് ഇതുപോലൊതന്നെയാണെന്ന് യാത്രക്കാർ ആരോപിക്കുന്നു.