തേവലക്കര. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഘത്തിലെ ഒളിവിലായിരുന്ന മൂന്ന് പേരെ പോലീസ് പിടികൂടി. മുളളിക്കാല തണ്ടളത്ത് തറയില്‍ അഥിലേഷ് ഗോപന്‍ (23), തേവലക്കര പാലയ്ക്കല്‍ പെരുവിള കിഴക്കതില്‍ പ്രിജിത്ത് (32), പന്മന പോരൂക്കര കടവില്‍ പുത്തന്‍ വീട്ടില്‍ നിഷാദ് (32) എന്നിവരാണ് പോലീസ് പിടിയിലായത്.

പ്രിജിത്ത്, അഥിലേഷ് ഗോപന്‍ , നിഷാദ്

കഴിഞ്ഞ തിങ്കളാഴ്ച രാത്രി തേവലക്കര ചേനങ്കരമുക്കിന് കിഴക്ക് റോഡില്‍ വച്ച് മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിച്ച് വന്ന അരിനല്ലൂര്‍ സ്വദേശി യൂത്ത്കോണ്‍ഗ്രസ് മണ്ഡലം വൈസ്പ്രസിഡന്റ് ജോയി,പ്രവര്‍ത്തകന്‍ സനൂപ് എന്നീ യുവാക്കളെ തടഞ്ഞ് നിര്‍ത്തി ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഗൂര്‍ഖാ കത്തി ഉപയോഗിച്ച് ജോയിയെ തലയ്ക്ക് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചു. തടയാന്‍ ശ്രമിച്ച സനൂപിന്‍റെ വലത് കൈയ്ക്കും വെട്ടേറ്റു. മുഖ്യപ്രതി ബസ് ഡ്രൈവറായ പ്രവീണ്‍ ഒളിവിലാണ്.സംഭവം രാഷ്ട്രീയ സംഘര്‍ഷമല്ലെന്നാണ് പൊലീസ് ഭാഷ്യം.

പ്രതികളും ജോയിയും തമ്മില്‍ തേവലക്കര അരീക്കാവ് അമ്പലത്തിലെ ഉത്സവത്തോടനുബന്ധിച്ച് മുമ്പ് വഴക്കുണ്ടാക്കുകയും കൊലപാതക ശ്രമത്തിന് കേസുകള്‍ നടന്നു വരുകയുമാണ്. ഈ സംഭവത്തിന് ശേഷം ഇരുവിഭാഗവും പരസ്പരം ശത്രുതയില്‍ കഴിഞ്ഞ് വരുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതികളെ പിടികൂടുന്നതിന് കരുനാഗപ്പളളി അസിസ്റ്റന്‍റ് കമ്മീഷണര്‍ ഷൈനൂ തോമസിന്‍റെ നേത്യത്വത്തില്‍ രൂപീകരിച്ച സ്ക്വാഡിലെ തെക്കുംഭാഗം ഇന്‍സ്പെക്ടര്‍ ദിനേഷ് കുമാര്‍, എസ്.ഐ സുജാതന്‍പിളള, ചവറ എസ്.ഐ സുകേശ്, കരുനാഗപ്പളളി എ.എസ്.ഐ ഷാജിമോന്‍, എ.എസ്.ഐ മാരായ ക്രിസ്റ്റി, ഹരികൃഷ്ണന്‍, ജയചന്ദ്രന്‍പിളള, സി.പി.ഒ മാരായ സെബിന്‍, രതീഷ്, രിപു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാന്‍റ് ചെയ്തു,