വയോധികയെ കൊലപ്പെടുത്തിയ മരുമകള്‍ പോലീസ് പിടിയിലായി

കരുനാഗപ്പള്ളി . ആരും അറിയാതെ ആത്മഹത്യയായിപ്പോകുമായിരുന്ന കുറ്റം കൊലപാതകമാണ് എന്ന് സാക്ഷ്യം പറഞ്ഞത് അസാധാരണ മുറിവുകള്‍.

വയോധികയെ കൊലപ്പെടുത്തിയ മരുമകളെ പോലീസ് പിടികൂടി. കരുനാഗപ്പളളി കുലശേഖരപുരം വില്ലേജില്‍ കോട്ടയ്ക്ക്പുറം ചാപ്രായില്‍ വീട്ടില്‍ വിക്രമന്‍ ഭാര്യ രാധാമണി (56) ആണ് പോലീസ് പിടിയിലായത്. ഇവരുടെ ഭര്‍ത്താവ് നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ടിരുന്നു. ഇവര്‍ക്ക് രണ്ട് മക്കളുണ്ടെങ്കിലും ഇവര്‍ ഭര്‍തൃമാതാവ് നളിനാക്ഷിക്ക് (86) ഒപ്പം ചാപ്രായില്‍ വീട്ടിലാണ് താമസിച്ച് വന്നിരുന്നത്. ഇരുവരും തമ്മില്‍ നല്ല സ്വരചേര്‍ച്ചയില്ലാതെയാണ് കഴിഞ്ഞിരുന്നത്. കഴിഞ്ഞ 29 ന് രാത്രി 12.30 മണിക്ക് നളിനാക്ഷിയെ വീട്ടില്‍ പൊളളലേറ്റ നിലയില്‍ കാണപ്പെടുകയായിരുന്നു.

ഇവരെ കരുനാഗപ്പളളി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും പ്രഥമ ശിശ്രൂഷ നല്‍കി മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യ്തു. മെഡിക്കല്‍ കോളേജിലേക്കുളള യാത്രയില്‍ നില വഷളായതിനെ തുടര്‍ന്ന് ഇവരെ കൊല്ലം പാലത്തറയുളള പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു. ബന്ധുക്കളും, പഞ്ചായത്ത് മെമ്പറും മറ്റും ആത്മഹത്യയാണെന്ന് മൊഴി നല്‍കിയെങ്കിലും മൃതദേഹ പരിശോധനയില്‍ തലയിലേറ്റ മൂന്ന് മുറിവുകള്‍ സംശയത്തിനിടയാക്കി. മുറിവ് ആയുധം കൊണ്ട് സംഭവിച്ചതാണെന്ന് വിദഗ്ദ പരിശോധനയില്‍ മനസിലാക്കി.

പൊളളലേറ്റ സമയം തലഭിത്തിയിലിടിച്ചാണ് മുറിവുണ്ടായതെന്ന മരുമകളുടെ വിശദീകരണം മുറിവുമായി ചേരാത്തതിനെ തുടര്‍ന്ന് പോലീസ് രഹാസ്യാന്വേഷണം ആരംഭിച്ചു. കരുനാഗപ്പളളി പോലീസ് സബ്ബ് ഇന്‍സ്പെക്ടര്‍മാരായ ധന്യ.കെ.എസ്, സിദ്ധിക്ക് എന്നിവര്‍ സ്ഥലത്ത് രഹസ്യമായി നടത്തിയ അന്വേഷണത്തില്‍ അമ്മാവിയമ്മയും മരുമോളും തമ്മില്‍ നിരന്തരം കലഹിക്കാറുണ്ടെന്നും കൊല്ലപ്പെട്ട നളിനാക്ഷിയെ ദേഹോപദ്രവം ഏല്‍പ്പിക്കാറുണ്ടെന്നും അറിവായി.

ജില്ലാ പോലീസ് മേധാവി നാരായണന്‍.റ്റി ഐ.പി.എസിന്‍റെ നിര്‍ദ്ദേശാനുസരണം ശേഖരിച്ച ശാസ്ത്രീയമായ തെളിവുകള്‍ കൊലപാതകം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രാധാമണിയെ പോലീസ് പിടികൂടുകയായിരുന്നു. മാനസിക വിഭ്രാന്തിയുളള നളിനാക്ഷി സ്വൈര്യ ജിവിതത്തിന് തടസമായി തോന്നിയതിനാലാണ് അവരെ രാധമണി തലയ്ക്ക് അടിച്ച് പരിക്കേല്‍പ്പിച്ച ശേഷം മണ്ണെണ്ണ ഒഴിച്ച് തീവച്ച് കൊലപ്പെടുത്തിയതെന്ന് അറിവായി. രാധാമണി മുന്‍പ് ചാരായം വാറ്റ് കേസില്‍ ജയില്‍ വാസം അനുഭവിച്ചിട്ടുണ്ട്.


കരുനാഗപ്പളളി അസിസ്റ്റന്‍റ് കമ്മീഷണര്‍ ഷൈനു തോമസിന്‍റെ നേതൃത്വത്തില്‍ ഇന്‍സ്പെക്ടര്‍ ഗോപകുമാര്‍. ജി, എസ്സ്.ഐമാരായ ധന്യ.കെ.എസ്, വിനോദ് കുമാര്‍, സിദ്ധിക്ക്, കലാധരന്‍, എസ്.സി.പി.ഒ സീമ, സി.പി.ഒ ശ്രീജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇവരെ കോടതിയില്‍ ഹാജരാക്കി കൂടുതല്‍ അന്വേഷണത്തിനും തെളിവ് ശേഖരണത്തിനുമായി പോലീസ് കസ്റ്റഡിയില്‍ വാങ്ങി.