കരുനാഗപ്പളളി . രാത്രിയില്‍ വീട്ടുമുറ്റത്ത് അതിക്രമിച്ച് കയറി ഫോണില്‍ സംസാരിച്ചതിനെ ചോദ്യം ചെയ്തതിനാണ് ഗൃഹനാഥനുനേരെ ആക്രമണം, യുവാവിനെ പോലീസ് പിടികൂടി.

കുലശേഖരപുരം കുറുങ്ങപ്പളളി വെളിച്ചെണ്ണകുളങ്ങര തെക്കതില്‍ വീട്ടില്‍ ഷെഫീക് (31) ആണ് പോലീസ് പിടിയിലായത്. ഇയാള്‍ ഇപ്പോള്‍ കോട്ടയ്ക്കപ്പുറം അനീഷ് ഭവനില്‍ വാടകയ്ക്ക് താമസിക്കുകയാണ്. ദീപാവലി ദിവസം രാത്രിയില്‍ പതിനൊന്ന് മണിയോടെ ഇയാള്‍ കോട്ടയ്ക്കപ്പുറം ഗൗരിശങ്കരം വീട്ടുമുറ്റത്ത് അതിക്രമിച്ച് കടക്കുകയായിരുന്നു.

ഇയാള്‍ അവിടെ നിന്ന് ഫോണില്‍ സംസാരിച്ചത് വീട്ടുടമയായ ഓമനക്കുട്ടന്‍പിളള വിലക്കി പുറത്ത് പോകാന്‍ ആവശ്യപ്പെട്ടു. ഇതില്‍ പ്രകോപിതനായ ഷെഫീക്ക് അസഭ്യം വിളിച്ച് കൊണ്ട് മുറ്റത്ത് കിടന്ന കരിങ്കല്ലുകൊണ്ട് മുഖത്ത് ഇടിക്കുകയായിരുന്നു. ഇടിയില്‍ കണ്‍പോളയ്ക്ക് താഴെ മാംസം ഇളകി നീങ്ങി കണ്ണിന്‍റെ കാഴ്ചയെ ഭാഗികമായി ബാധിച്ചു.

ഗുരുതരമായി പരിക്കേറ്റ ഒമനക്കുട്ടന്‍പിളള ചികിത്സയിലാണ്. പ്രതിയെ കുലശേഖരപുരത്ത് നിന്നും പോലീസ് പിടികൂടി. കരുനാഗപ്പളളി ഇന്‍സ്പെക്ടര്‍ ഗോപകുമാര്‍. ജിയുടെ നേതൃത്വത്തില്‍ എസ്സ്.ഐ മാരായ അലോഷ്യസ് അലക്സാണ്ടാര്‍, വിനോദ്കുമാര്‍, ധന്യ, റസല്‍ ജോര്‍ജ്ജ്, രാജേന്ദ്രന്‍ എ.എസ്സ്.ഐ മാരായ ഷാജിമോന്‍, നന്ദകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്യ്തു.