കരുനാഗപ്പള്ളി . തീപ്പൊള്ളലേറ്റ് വയോധിക മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ് കണ്ടെത്തി. കഴിഞ്ഞ മാസം 29 ന് ആണ് കുലശേഖരപുരം കോട്ടക്കുപുറം ചാപ്രായിൽ വീട്ടിൽ നളിനാക്ഷി ( 86 )യെ കിടപ്പു മുറിയിൽ വെളുപ്പിന് ഒരു മണിക്ക് പൊള്ളലേറ്റ് കത്തിയ നിലയില്‍ കാണുന്നത്.

നളിനാക്ഷി

നളിനാക്ഷി പൊള്ളലേറ്റ് വീട്ടിൽ കിടക്കുന്നതായി കരുനാഗപ്പള്ളി പോലീസിനു വിവരം ലഭിച്ചു.ഇവരെ ആംബുലൻസിൽ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നൽകിയ ശേഷം കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണപ്പെടുകയാണുണ്ടായത് . ഈ കേസിലാണ് മകന്റെ ഭാര്യയായ രാധാമണി(60) യെ കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.

രാധാമണി

മൊഴി നൽകിയ ബന്ധുക്കൾ നളിനാക്ഷി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തതാണെനന്നാണ് മൊഴി നൽകിയത് . പോലീസ് ഇൻക്വസ്റ്റ് നടത്തിയ സമയത്ത് പഞ്ചായത്ത് മെമ്പർ അടക്കമുള്ള ആൾക്കാർ അതേ അഭിപ്രായം പറഞ്ഞിരുന്നു.

നളിനാക്ഷി കിടന്ന കട്ടില്‍

എന്നാല്‍ ഇൻക്വസ്റ്റ് വെളയിൽ നളിനാക്ഷിയുടെ തലയിലെ മുറിവിൽ സംശയം തോന്നിയ പോലീസ് അതിനെ കുറിച്ച് അന്വേഷണം നടത്തി .എസ് . ഐ ധന്യ , ഗ്രേഡ് എസ്. ഐ സിദ്ദിഖ് എന്നിവർക്കായിരുന്നു അന്വേഷണം . നാട്ടുകാരിൽ നിന്നും കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലപ്പെട്ട നളിനാക്ഷിയും രാധാമണിയും തമ്മിൽ സ്ഥിരമായി വഴക്കിടാറുണ്ടെന്നും പലപ്പോഴും ദേഹോപദ്രവം ഏൽപിക്കാറുണ്ടെന്നും വിവരം ലഭിച്ചു .

കൊല്ലപ്പെട്ട നളിനാക്ഷിയുടെ തലക്കേറ്റ മുറിവ് മണ്ണെണ്ണ ഒഴിച്ച് കത്തിയ സമയത്ത് തല ഭിത്തിയിൽ കൊണ്ടിടിച്ചതാണെന്നാണ് ഒപ്പം താമസ്സിച്ചിരുന്ന പ്രതി പോലീസിനോട് പറഞ്ഞിരുന്നത് . ആയുധം ഉപയോഗിച്ച് ഉണ്ടാക്കിയ മുറിവാണെന്ന് മനസ്സിലാക്കിയ പോലീസ് ശാസ്ത്രീയമായ രീതിയിൽ തെളിവുകൾ ശേഖരിച്ച് സംഭവം കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു .

മാനസ്സിക വിഭ്രാന്തിയുള്ള നളിനാക്ഷി തന്റെ സ്വൈര്യജീവിതത്തിനു തടസ്സം സൃഷ്ടിക്കുന്നതിനാൽ ഇല്ലാതാക്കാന്‍ രാത്രി ഉറങ്ങി കിടന്ന നളിനാക്ഷിയെ തലക്ക് അടിച്ച് പരിക്കേൽപിച്ച ശേഷം മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നു . ഈ കേസ്സിലെ പ്രതിയായ രാധാമണി നേരത്തെ ചാരായം വാറ്റിയ കേസ്സിലും ജയിൽവാസം അനുഷ്ടിച്ചിട്ടുണ്ട് . പ്രതിയെ കോടതിയിൽ ഹാജരാക്കി കൂടുതൽ അന്വേഷണം നടത്തുന്നതിനായി പോലീസ് കസ്റ്റഡിയിൽ വാങ്ങി . കരുനാഗപ്പള്ളി എ.സി.പി ഷൈനു തോമസിന്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്എച്ച്ഒ ജി. ഗോപകുമാർ , എസ്സ്.ഐ.മാരായ വിനോദ്കുമാർ , ധന്യ , ഗ്രേഡ് എസ്സ് . ഐ മാരായ സിദ്ദിഖ് , കലാധരൻ , എസ്സ് . സി . പി.ഒ. സീമ , സി.പി.ഒ. ശ്രീജിത്ത് എന്നിവരടങ്ങിയ സംഘമാണ് അന്വേഷിച്ച് പ്രതിയെ അറസ്റ്റുചെയ്തത്