ശാസ്താംകോട്ട . സിപിഎം പോരുവഴി പടിഞ്ഞാറ് ലോക്കൽ സമ്മേളനത്തിൽ ഔദ്യോഗിക പാനലിനെതിരെ മത്സര നീക്കം ഉണ്ടായതോടെ നേതൃത്വം ഇടപെട്ട് സമ്മേളനം പിരിച്ചുവിട്ടു. ലോക്കൽ കമ്മിറ്റിയെയും ഏരിയ സമ്മേളന പ്രതിനിധികളെയും തിരഞ്ഞെടുക്കാതെ സമ്മേളനം പിരിച്ചുവിട്ടതോടെ പോരുവഴി പടിഞ്ഞാറ് മേഖലയിൽ സിപിഎമ്മിന് പാർട്ടി ഘടകം ഇല്ലാത്ത സ്ഥിതിയായി.


ഇന്നലെ ചക്കുവള്ളിക്ക് സമീപം നടന്ന സമ്മേളനമാണ് അനുനയ നീക്കങ്ങൾ എല്ലാം പാളിയതോടെ രാത്രി 11ന് പിരിച്ചുവിട്ടത്.ലോക്കൽ കമ്മിറ്റിയുടെ പാനൽ സന്ധ്യയോടെ അവതരിപ്പിച്ചത് മുതലാണ് തർക്കങ്ങൾ തുടങ്ങിയത്. ഡി വൈ എഫ് ഐ മുൻ മേഖല സെക്രട്ടറി ഹാരിസിനെ കൂടി കമ്മിറ്റിയിൽ ഉൾപ്പെടുത്തണമെന്ന് പ്രതിനിധികൾക്ക് ഇടയിൽ നിന്ന് ആവശ്യമുയർന്നു. അതിനെ അംഗീകരിക്കാൻ നേതൃത്വം തയ്യാറാകാതെ വന്നതോടെ മത്സരിക്കുമെന്ന നിലപാടിലേക്ക് വിമത ചേരി മാറി.

നേതൃത്വം അവതരിപ്പിച്ച പുതിയ 15 അംഗ ലോക്കൽ കമ്മിറ്റിയിൽ നിന്ന് ആരെ എങ്കിലും ഒഴിവാക്കി ഹാരിസിനെ കൂടി ഉൾപ്പെടുത്തണം എന്ന ആവശ്യം ഔദ്യോഗിക ചേരി പൂർണമായും തള്ളി. ജില്ലാ കമ്മിറ്റി അംഗം എം. ഗംഗാധരകുറുപ്പ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം. ശിവശങ്കരപ്പിള്ള, സംസ്ഥാന കമ്മിറ്റി അംഗം കെ. സോമപ്രസാദ് എംപി എന്നിവർ ഇടപെട്ടിട്ടും മത്സരത്തിൽ നിന്ന് പിന്മാറാൻ വിമത ചേരി തയ്യാറായില്ല. ഇതോടെ സമ്മേളനം പിരിച്ചു വിടുക ആയിരുന്നു.

സിപിഎമ്മിന്റെ പ്രദേശത്തെ പ്രവർത്തന രീതിക്കെതിരെ സമ്മേളനത്തിൽ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു.