ചാത്തന്നൂര്‍ .വീട്ടുപകരണങ്ങള്‍ എടുത്തുമാറ്റാന്‍ സഹായിച്ച യുവാക്കളെ ആക്രമിച്ച സംഘത്തിലെ ഒളിവിലായിരുന്നയാള്‍ പോലീസ് പിടിയില്‍

സുഹൃത്തിന്‍റെ വീട് മാറ്റവുമായി ബന്ധപ്പെട്ട് സഹായിക്കനെത്തിയ യുവാക്കളെ ആക്രമിച്ച സംഘത്തിലെ ഒളിവിലായിരുന്നയാള്‍ പോലീസ് പിടിയിലായി. തൃക്കോവില്‍വട്ടം വില്ലേജില്‍ പാങ്കോണം പണയില്‍ വീട്ടില്‍ രാമചന്ദ്രന്‍ മകന്‍ സുരേഷ് (വട്ട് സുരേഷ്, 23) ആണ് പോലീസ് പിടിയിലായത്. പ്രദീപ് എന്നയാളിന്‍റെ വാടക വീട് മാറുന്നതുമായി സഹായിക്കാന്‍ എത്തിയ ഇയാളുടെ സുഹൃത്ത് സംഘമാണ് ആക്രമണത്തിന് ഇരയായത്.

തൃക്കോവില്‍വട്ടം പാങ്കോണം കശുവണ്ടി ഫാക്ടിക്കടുത്തുളള ഷാജിതയുടെ വീട്ടില്‍ നിന്നും ഗൃഹോപകരണങ്ങള്‍ എടുത്തു മാറ്റുമ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. പുറത്ത് നിന്നുളളവര്‍ തൊഴില്‍ ചെയ്യേണ്ടയെന്ന് ആക്രോശിച്ച് കൊണ്ട് അക്രമി സംഘം ഇവരെ ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ നാല് പേര്‍ക്ക് പരിക്ക്പ്പറ്റി.

മുഖാസ്ഥിക്ക് പൊട്ടലേറ്റ മുണ്ടക്കല്‍ സ്വദേശിയായ പ്രജിത്ത് ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും ചികിത്സ തേടി. അംഗീകൃത ചുമട്ടു തൊഴിലാളി സംഘടനകളുമായി ബന്ധമില്ലാത്ത ഈ ആക്രമി സംഘത്തിലെ രണ്ട് പേരെ കഴിഞ്ഞ അഞ്ചാം തീയതി പോലീസ് പിടികൂടിയിരുന്നു. സംഘത്തിലെ ഇയാള്‍ പോലീസിനെ ഒളിച്ച് മാറി താമസിക്കുകയായിരുന്നു.

ചാത്തന്നൂര്‍ അസിസ്റ്റന്‍റ് കമ്മീഷണര്‍ ബി. ഗോപകുമാറിന്‍റെ നേതൃത്ത്വത്തില്‍ സബ്ബ് ഇന്‍സ്പെക്ടര്‍മാരായ സുജിത്ത് ജി നായര്‍, ഷിഹാസ്, ജോയി, എ.എസ്സ്.ഐ സുനില്‍കുമാര്‍ സി.പി.ഒ സാം ജി ജോണ്‍, അനൂപ്, ബിജൂ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പാങ്കോണത്ത് നിന്നും പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്തു.