കൊല്ലം.മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ച് പൊളിച്ച് വിറ്റ യുവാക്കള്‍ പോലീസ് പിടിയിലായി. തൃക്കോവില്‍വട്ടം നടുവിലക്കര ആലൂംമ്മൂട് പി.ഓയില്‍ മഠത്തില്‍വിള വീട്ടില്‍ സുനില്‍ മകന്‍ അഭിഷേക് (19), നടുവിലക്കര മുഖത്തല പി.ഒ യില്‍ ദീപു ഭവന്‍ വീട്ടില്‍ തങ്കപ്പന്‍ പിളള മകന്‍ ദിലീപ്കുമാര്‍ (56) എന്നിവരാണ് പോലീസ് പിടിയിലായത്.

ചെറിയേല സ്വദേശിയായ ഷാനവാസിന്‍റെ മോട്ടോര്‍ സൈക്കിള്‍ ആണ് ഇവര്‍ മോഷ്ടിച്ചത്. കഴിഞ്ഞ 30 ന് പുലര്‍ച്ചെ വീട്ടുമുറ്റത്ത് സൂക്ഷിച്ചിരുന്ന മോട്ടോര്‍ സൈക്കിള്‍ അഭിഷേകും കൂട്ട് പ്രതിയും ചേര്‍ന്ന് മോഷ്ടിക്കുകയായിരുന്നു. തുടര്‍ന്ന് വാഹനത്തിന്‍റെ നമ്പര്‍ പ്ലേറ്റ് ഇളക്കി മാറ്റിയതിന് ശേഷം അടുത്ത ദിവസം ചെറിയേല ആക്രി കച്ചവടം നടത്തുന്ന ദിലീപ് കുമാറിന് നല്‍കി.

2500 രൂപ നല്‍കി വാങ്ങിയ മോട്ടോര്‍ സൈക്കിള്‍ മൂവരും ചേര്‍ന്ന് ആക്രികടയുടെ പുറക് വശത്തെ ഒഴിഞ്ഞ സ്ഥലത്ത് വച്ച് പൊളിച്ച് കഷണങ്ങളാക്കുകയായിരുന്നു. സി.സി.ടി.വി കള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ അഭിഷേക് പോലീസ് പിടിയിലായി. തുടര്‍ന്ന് ഇയാളില്‍ നിന്നും മോഷണ മുതല്‍ വാങ്ങിയ ആക്രി വ്യാപാരി ദിലീപ്കുമാറും പിടിയിലായി.

നമ്പര്‍ പ്ലേറ്റ് ഒഴികെയുളള വാഹനത്തിന്‍റെ ഭാഗങ്ങള്‍ ആക്രികടയില്‍ ചാക്കില്‍ കെട്ടി വച്ച നിലയില്‍ പോലീസ് പിടിച്ചെടുത്തു. കൊട്ടിയം ഇന്‍സ്പെക്ടര്‍ ജിംസ്റ്റല്‍.എം.സിയുടെ നേതൃത്വത്തില്‍, സബ്ബ് ഇന്‍സ്പെക്ടര്‍മാരായ സുജിത്ത് ബി നായര്‍, ഷിഹാസ്. എസ്, അബ്ദുല്‍ റഹിം സി.പി.ഒമാരായ രഞ്ജിത്, സാം ജി ജോണ്‍, ഷൈന്‍ എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്. ഇവരെ റിമാന്‍റ് ചെയ്തു.