കൊല്ലം. യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ആള്‍ പോലീസ് പിടിയിലായി. മലപ്പുറം ജില്ലയില്‍ കരുവാരക്കുണ്ട് കുട്ടത്തി പട്ടിക്കാടന്‍ ഹൗസില്‍ അന്‍സാരി (49) ആണ് കൊട്ടിയം പോലീസിന്‍റെ പിടിയിലായത്. വിവാഹ നിശ്ചയം കഴിഞ്ഞ യുവതി വിവാഹത്തിന്‍റെ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് ബന്ധുവിന്‍റെ വീട്ടില്‍ നിന്ന സമയം ഇയാള്‍ അടുപ്പത്തിലായി.

വീട്ടില്‍ സര്‍ട്ടിഫിക്കറ്റും മറ്റും എടുക്കുവാന്‍ യുവതി പോയപ്പോള്‍ ഇയാള്‍ കൂടെ പോകാന്‍ സന്നദ്ധനായി. ഇവര്‍ വീട്ടിലെത്തുമ്പോള്‍ വീട്ടില്‍ ആരും ഇല്ലായിരുന്നു. ഈ സാഹചര്യം മുതലെടുത്ത് ഇയാള്‍ യുവതിയെ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തുകയായിരുന്നു. മടങ്ങി ബന്ധു വീട്ടിലെത്തിയ ശേഷവും പലതവണ ഭീഷണിപ്പെടുത്തി ഇയാള്‍ യുവതിയെ ബലാല്‍സംഗം ചെയ്തു. തുടര്‍ന്ന് വിവാഹിതയായ യുവതിക്ക് ഭര്‍തൃവീട്ടില്‍ വച്ച് ശാരീരിക അവശതകള്‍ ഉണ്ടാവുകയും പരിശോധനയില്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞു.

ഗര്‍ഭസ്ഥ ശിശുവിന്‍റെ പ്രായവ്യത്യാസം ശ്രദ്ധയില്‍പ്പെട്ട ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് യുവതിയെ തിരികെ അവരുടെ വീട്ടിലെത്തിച്ചു. യുവതിയുടെ ബന്ധുക്കളുമായി നല്ല ബന്ധത്തിലുളള പ്രതിയുടെ സ്വാധീനത്തില്‍ യുവതിയുടെ ഗര്‍ഭഛിദ്രം നടത്തി. ഗര്‍ഭത്തിന്‍റെ ഉത്തരവാദിത്വം ഇയാള്‍ യുവതിയുടെ ബന്ധുവായ യുവാവില്‍ ചുമത്താന്‍ ശ്രമം നടത്തിയപ്പോഴാണ് യുവതി ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കുന്നത്.

യുവതിയുടെ പരാതിയില്‍ ഇയാള്‍ക്കെതിരെ കൊട്ടിയം പോലീസ് സ്റ്റേഷനില്‍ ബലാല്‍സംഗത്തിന് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇയാള്‍ പിടിയിലായത്. ഒന്നിലധികം വിവാഹം കഴിച്ച ഇയാള്‍ കഴിഞ്ഞ ജനുവരി മുതല്‍ കൊട്ടിയത്ത് താമസിച്ച് വരുകയാണ്. കൊട്ടിയം ഇന്‍സ്പെക്ടര്‍ ജിംസ്റ്റല്‍.എം.സി, സബ്ബ് ഇന്‍സ്പെക്ടര്‍മാരായ സുജിത്ത് ബി നായര്‍, ഷിഹാസ്, അനൂപ്, ജയചന്ദ്രന്‍, അബ്ദുല്‍ റഹിം, അഷ്ടമന്‍.പി.കെ, എ.എസ്.ഐ സുനില്‍കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്തു.