ശക്തികുളങ്ങര.തൊഴിലാളി സംഘടനയുടെ വ്യാജ രസീത് ഉപയോഗിച്ച് പണം പിരിച്ച രണ്ട് പേര്‍ പോലീസ് പിടിയിലായി. തിരുവനന്തപുരം പളളിക്കല്‍ വില്ലേജില്‍ കെ.കെ കോണം വാര്‍ഡില്‍ കോണത്ത് വീട്ടില്‍ അല്‍ അമീന്‍ (40), തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് വില്ലേജില്‍ വലിയവിള വടക്കേകുന്നത്ത് വീട്ടില്‍ മണിയപ്പന്‍ (61) എന്നിവരാണ് പോലീസ് പിടിയിലായത്.

ശക്തികുളങ്ങര കല്ലുപ്പുറത്തുളള ഐസ് പ്ലാന്‍റില്‍ ആള്‍ ഇന്‍ഡ്യ സെന്‍ട്രല്‍ ട്രേഡ് യൂണിയന്‍ എന്ന സംഘടനയുടെ പേരില്‍ അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നമുളള വ്യാജ രസീതും നോട്ടീസും ഉപയോഗിച്ച് പണപ്പിരിവിന് എത്തുകയായിരുന്നു. ആയിരം രൂപാ രസീത് എഴുതി നല്‍കി പണം ആവശ്യപ്പെട്ടു. സ്ഥലത്തുണ്ടായിരുന്ന പ്ലാന്‍റിലെ ജീവനക്കാരനോട് സി.പി.ഐ.എം തൊഴിലാളി സംഘടനയാണെന്ന് പറഞ്ഞാണ് ഇവര്‍ പണം ആവശ്യപ്പെട്ടത്.

പ്ലാന്‍റിലെ മാനേജര്‍ തിരികെ വന്ന് രസീത് പരിശോധിച്ചതില്‍ വ്യാജ സംഘടനയാണെന്ന് തിരിച്ചറിഞ്ഞ് പോലീസ് സ്റ്റേഷനില്‍ പരാതിപ്പെടുകയായിരുന്നു. പോലീസ് ഇവരെ ശക്തികുളങ്ങര നിന്നും പിടികൂടി. പരിശോധനയില്‍ മറ്റ് സ്ഥലങ്ങളില്‍ നിന്നും ഇവര്‍ പിരിവ് നടത്തിയതായി വ്യക്തമായി. ശക്തികുളങ്ങര ഇന്‍സ്പെക്ടര്‍ ബിജൂ.യൂ, സബ്ബ് ഇന്‍സ്പെക്ടര്‍മാരായ അനീഷ്, ഷാജഹാന്‍, എ.എസ്സ്.ഐ മാരായ സുനില്‍കുമാര്‍, അനില്‍കുമാര്‍ എസ്.സി.പി.ഒ മാരായ ബിജൂ, ശ്രീലാല്‍ സി.പി.ഒ സൗമ്യ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്തു.