കരുനാഗപ്പള്ളി. എസ്എഫ്‌ഐപ്രവര്‍ത്തകരും പോലീസും ഏറ്റുമുട്ടി; 6 പേര്‍ക്ക് പരിക്ക്. കരുനാഗപ്പള്ളി . എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ ആറുപേര്‍ക്ക് പരിക്കേറ്റു. സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ ഭാഗമായി കരുനാഗപ്പള്ളിയിലെ വിവിധ സ്‌കൂളുകള്‍ക്ക് മുമ്പില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ സ്ഥാപിച്ചിരുന്ന ബോര്‍ഡുകളും കമാനങ്ങളും കഴിഞ്ഞ ദിവസം രാത്രി പോലീസിന്റെ നേതൃത്വത്തില്‍ എടുത്തുമാറ്റുകയും അഴിച്ചുകളയുകയും ചെയ്തിരുന്നു. മുന്നറിയിപ്പ് ഇല്ലാതെയാണ് പോലീസ് നടപടി എന്നാരോപിച്ച് കരുനാഗപ്പള്ളി ടൗണില്‍ എസ്എഫ്‌ഐ പ്രകടനം നടത്തി.

സംഘടനയുടെ കൊടിമരം തകര്‍ത്ത് കൊടി വലിച്ചുകീറിയെന്നും ഇവര്‍ ആരോപിച്ചു. പൊലീസ് സ്റ്റേഷനിലേക്കുനടന്ന മാര്‍ച്ച് സ്റ്റേഷന് അകത്തേക്ക് തള്ളിക്കയറിയതോടെയാണ് പൊലീസ് ലാത്തിചാര്‍ജ്ജ് നടത്തിയത്.എന്നാല്‍ പ്രകോപനമില്ലാതെ അക്രമം നടത്തിയെന്നാണ് എസ്എഫ്‌ഐ ആരോപിക്കുന്നത്. നടപടിക്ക് നേതൃത്വം നല്‍കിയ സിഐക്കെതിരെ ഭീഷണിമുഴക്കിയ മുദ്രാവാക്യങ്ങളുമായാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ സ്റ്റേഷന്‍വളഞ്ഞത്.

എസ്എഫ്‌ഐ നേതാക്കളെ തിരഞ്ഞുപിടിച്ച് സ്റ്റേഷനുള്ളിലേക്ക് വലിച്ചിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്നും ഇവര്‍പറയുന്നു. തലയ്ക്കും കൈകാലുകള്‍ക്കും സാരമായി പരിക്കേറ്റ ആറു പ്രവര്‍ത്തകരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം എസ് സന്ദീപ് ലാലിന്റെ കൈപ്പത്തിയില്‍ ലാത്തി അടിയേറ്റ് ഒടിവുണ്ടായി. എസ് എഫ് ഐ ഏരിയാ സെക്രട്ടറി അമല്‍ദേവിന് കാല്‍മുട്ടിന് സാരമായി പരുക്കേറ്റു. തുടര്‍ന്ന് കൂടുതല്‍ പ്രവര്‍ത്തകരെത്തി പ്രതിഷേധ പ്രകടനം നഗരം ചുറ്റി സിപിഎം ഏരിയ കമ്മിറ്റി ഓഫീസില്‍ എത്തിയ സമീപം എത്തിയപ്പോഴേക്കും പോലീസ് വീണ്ടും എത്തി പ്രവര്‍ത്തകരെ ലാത്തിവീശി ഓടിച്ചു. ഏറെ നേരം ടൗണില്‍ സംഘര്‍ഷാവസ്ഥ നിലനിന്നു.

സിപിഎം ഏരിയ സെക്രട്ടറി പി കെ ബാലചന്ദ്രന്റെ നേതൃത്വത്തില്‍ മുതിര്‍ന്ന നേതാക്കള്‍ എത്തിയാണ് രംഗം ശാന്തമാക്കിയത്. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംസ്ഥാന കമ്മിറ്റി അംഗം എസ് സന്ദീപ് ലാല്‍ ( 24 )എസ്എഫ്‌ഐ ഏരിയ പ്രസിഡന്റ് മുസാഫിര്‍ ( 22) ഏരിയ സെക്രട്ടറി അമല്‍ സുരേഷ് (23 ),ടൗണ്‍ വില്ലേജ് സെക്രട്ടറിയും സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുമായ ജഗന്‍ദേവ് ( 22, ഏരിയ കമ്മിറ്റി അംഗങ്ങളായ വിഷ്ണു (19 ),സുധീന്ദ്ര നാഥ് (20) എന്നിവരാണ് പരുക്കേറ്റ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. പരിക്കേറ്റ വിദ്യാര്‍ഥി നേതാക്കളെ അഡ്വ എ എം ആരിഫ് എംപി, ഏരിയ സെക്രട്ടറി പി കെ ബാലചന്ദ്രന്‍ തുടങ്ങിയ നേതാക്കള്‍ സന്ദര്‍ശിച്ചു.


പൊലീസ് പ്രകോപനമില്ലാതെ അക്രമം നടത്തിയെന്ന് എഎം ആരിഫ് എംപി ആരോപിച്ചു. എതിര്‍കക്ഷികളുടേതുപോലെ രാത്രിയുടെ മറവില്‍ കൊടികളും ബാനറുകളും നശിപ്പിക്കേണ്ട ആവശ്യമെന്താണ്. കൊടിതോരണങ്ങള്‍ മാറ്റാമെന്ന് നേതാക്കള്‍ സമ്മതിച്ചിരുന്നതാണ്. ജനസൗഹൃദമായാണ് വൈരാഗ്യബുദ്ധിയോടെയല്ല നിയമം നടപ്പിലാക്കേണ്ടത്. സര്‍ക്കാരിന്റെ പൊലീസ് നയത്തിനു വിരുദ്ധമായി പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടിവേണമെന്നും എഎം ആരിഫ് ആവശ്യപ്പെട്ടു.