തിരുവനന്തപുരം . പുതുതായി ചുമതല ഏറ്റെടുത്ത കെപിസിസി ഭാരവാഹികളുടെ ആദ്യ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും.. അംഗത്വ വിതരണം, സംഘടനാ തെരഞ്ഞെടുപ്പ് ഉൾപ്പടെ വിവിധ വിഷയങ്ങൾ യോഗത്തിൽ ചർച്ചയാകും..
സംസ്ഥാനത്തിൻറെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ യോഗത്തിൽ പങ്കെടുക്കും..

പുതിയ നേതൃത്വം ചുമതല ഏറ്റെടുത്തതിനു ശേഷമുള്ള ആദ്യ കെപിസിസി യോഗമാണ് ഇന്ന് ചേരുന്നത്. സംഘടനാ തെരഞ്ഞെടുപ്പാണ് മുഖ്യ അജണ്ട. ഇന്നലെ ആരംഭിച്ച അംഗത്വവിതരണം കാര്യക്ഷമമായി പൂർത്തിയാക്കുന്നതിന് വേണ്ട മാർഗ നിർദേശങ്ങൾ തയ്യാറാക്കും. തർക്കങ്ങൾ ഇല്ലാതെ തെരഞ്ഞെടുപ്പ് എത്തുന്നത് ഉൾപ്പെടെ ചർച്ച ചെയ്യും. സെമി കേഡർ സ്വഭാവത്തിലേക്ക് മാറുന്നതിന്റെ ഭാഗമായി പ്രവർത്തനത്തിൽ വരുത്തേണ്ട മാറ്റങ്ങൾ തീരുമാനിക്കും.

പുനസംഘടനയിൽ അതൃപ്തരായ മുതിർന്ന നേതാക്കളായ വി എം സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ യോഗത്തിൽ പങ്കെടുക്കുമോ എന്നതാണ് ഉറ്റുനോക്കുന്നത്. പാർട്ടിയിൽ കൂടിയാലോചനകൾ നടക്കുന്നില്ലെന്ന വിമർശനം ഉയരാൻ സാധ്യതയുണ്ട്. ഭൂരിഭാഗം പ്രധാന നേതാക്കൾക്കും ഈ കാര്യത്തിൽ പരാതിയുണ്ട്.

സിനിമാതാരം ജോജു ജോർജിന് നേരെയുണ്ടായ കയ്യേറ്റത്തിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ പ്രതികരണത്തിന് എതിരെയും വിമർശനം ഉയർന്നേക്കും. സംസ്ഥാനത്തിൻറെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ യോഗത്തിൽ പങ്കെടുക്കും.


കെപിസിസി നിര്‍വാഹക സമതി അംഗങ്ങള്‍, കെപിസിസി സ്ഥിരം ക്ഷണിതാക്കള്‍, കെപിസിസി പ്രത്യേക ക്ഷണിതാക്കള്‍, പോഷകസംഘടനാ പ്രസിഡന്റുമാർ എന്നിവരാണ് യോഗത്തിൽ പങ്കെടുക്കുക. നാളെ
നിര്‍വാഹക സമതി അംഗങ്ങളുടെ പ്രത്യേക യോഗം ചേരുന്നുണ്ട്.

അതേസമയം രണ്ടു പതിറ്റാണ്ടിനു ശേഷം കോൺഗ്രസിൽ തിരിച്ചെത്തിയ ചെറിയാൻ ഫിലിപ്പിന് ഇന്ന് പാർട്ടി പ്രാഥമിക അംഗത്വം നൽകും..
വൈകുന്നേരം 3ന് കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനിൽ നടക്കുന്ന ചടങ്ങിൽ കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരനാണ് ചെറിയാൻ ഫിലിപ്പിന് അംഗത്വം നൽകുക.. തിരികെ എത്തുന്ന ചെറിയാന് എന്തു ചുമതല നൽകുമെന്ന കാര്യം കോൺഗ്രസ് നേതൃത്വം ഇതുവരെ വ്യക്തമാക്കിയിട്ടില്ല..

സിപി എം നേതൃത്വവുമായി അകന്നതിനു ശേഷം കോൺഗ്രസിലേക്ക് തിരിച്ചു പോകുന്നതായ പ്രഖ്യാപനം കഴിഞ്ഞ ദിവസമാണ് ചെറിയാൻ നടത്തിയത്.. രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട അതൃപ്തിയാണ് ചെറിയാൻ ഇടതു പാളയം വിടാനുള്ള പ്രധാന കാരണം.. നേരത്തെ നിയമസഭാ സ്ഥാനാർഥി തർക്കത്തെ തുടർന്നായിരുന്നു കോൺഗ്രസ് വിട്ട ചെറിയാൻ ഇടതു സഹയാത്രികനായിമാറിയത്..