കരുനാഗപ്പള്ളി. പ്രവാസിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച ക്വട്ടേഷന്‍ സംഘത്തിലെ മൂന്ന് പേര്‍ പോലീസ് പിടിയില്‍
വിദേശ മലയാളിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഘത്തിലെ മൂന്ന് പേര്‍ പോലീസ് പിടിയിലായി. ശാസ്താംകോട്ട പളളിശ്ശേരിക്കല്‍ പാട്ടുപുരകുറ്റിയില്‍ വടക്കതില്‍ മുഹമ്മദ് സുഹൈല്‍ (21), ശാസ്താംകോട്ട പളളിശ്ശേരിക്കല്‍ മുക്താര്‍ മന്‍സിലില്‍ ഉമറുള്‍ മുക്താര്‍ (22), തേവലക്കര അരിനല്ലൂര്‍ തടത്തില്‍ വീട്ടില്‍ ഷിനു പീറ്റര്‍ (23) എന്നിവരാണ് പോലീസ് പിടിയിലായത്.

ഷിനു പീറ്റര്‍, മുഹമ്മദ് സുഹൈല്‍,ഉമറുള്‍ മുക്തര്‍

ശാസ്താംകോട്ട പളളിശ്ശേരിക്കല്‍ സ്വദേശിയായ പ്രവാസി വ്യവസായി അബ്ദുല്‍ സമദിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഘത്തിലെ മൂന്ന് പേരാണ് പോലീസ് പിടിയിലായത്. അബ്ദുല്‍ സമദിന്‍റെ ബന്ധുവായ ഹാഷിം എന്നയാളിനൊപ്പമാണ് ഇയാള്‍ വിദേശത്ത് ബിസിനസ് നടത്തുന്നത്. കഴിഞ്ഞ അഞ്ച് മാസങ്ങള്‍ക്ക് മുമ്പ് നാട്ടിലെത്തിയ അബ്ദുല്‍സമദ് തിരികെ വിദേശത്തേക്ക് വരാതിരിക്കുന്നതിന് ഹാഷിം നല്‍കിയ ക്വട്ടേഷനിലാണ് ആക്രമണം നടത്തിയത്.

ഹാഷിമിന്‍റെ ബന്ധുവായ സൂഹൈല്‍ വഴിയാണ് ഷിനുപീറ്റര്‍ ഉള്‍പ്പെട്ട ക്വട്ടേഷന്‍ സംഘത്തെ ആക്രമണത്തിനായി ഏര്‍പ്പെടുത്തിയത്. രണ്ടു ലക്ഷം രൂപായും വാഹന സൗകര്യവുമാണ് ആക്രമണത്തിന് പ്രതിഫലമായി നിശ്ചയിച്ചത്. അതില്‍ നാല്‍പ്പതിനായിരം രൂപാ മുന്‍കൂര്‍ നല്‍കി. കഴിഞ്ഞ 24 ന് കരുനാഗപ്പളളി കെ,എസ്.ആര്‍.ടി.സി മാര്‍ക്കറ്റ് റോഡിലൂടെ വന്ന അബ്ദുല്‍ സമദിനെ സംഘം കാറില്‍ പിന്‍തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു. കമ്പിവടി വച്ചും മറ്റും അടിയേറ്റ ഇയാള്‍ ചികിത്സയിലാണ്. അഞ്ചാം തീയതി തിരികെ വിദേശത്തേക്ക് മടങ്ങാനിരിക്കെയാണ് ആക്രമണം.

ഇവര്‍ വന്ന കാര്‍ നമ്പര്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ പളളിശ്ശേരിക്കല്‍ സ്വദേശിയായ തൗഫീക്കിന്‍റെ കാറാണെന്ന് കണ്ടെത്തിയതാണ് പ്രതികളെ പിടികൂടാന്‍ സഹായിച്ചത്. കരുനാഗപ്പള്ളി അസിസ്റ്റന്‍റ് കമ്മീഷണര്‍ ഷൈനൂ തോമസിന്‍റെ നേതൃത്വത്തില്‍ കരുനാഗപ്പളളി ഇന്‍സ്പെക്ടര്‍ ഗോപകുമാര്‍.ജി, സബ്ബ് ഇന്‍സ്പെക്ടര്‍ മാരായ അലക്സാണ്ടര്‍ അലോഷ്യസ്, ജയശങ്കര്‍, ഓമനകുട്ടന്‍, എ.എസ്.ഐ മാരായ ഷാജിമോന്‍, നന്ദകുമാര്‍ സി.പി.ഓ ശ്രീകാന്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാന്‍റ് ചെയ്തു.