കൊല്ലം . പ്ലസ് ടൂ വിദ്യാര്‍ത്ഥിനിയെ മാനഹാനിപ്പെടുത്തിയ സ്വകാര്യ ബസ് കണ്ടക്ടര്‍ പോക്സോ പ്രകാരം അറസ്റ്റില്‍
വിദ്യാര്‍ത്ഥികളുടെയും സ്ത്രീകളുടെയും സുരക്ഷിതത്വവുമായി ബന്ധപ്പെട്ട് സാമൂഹ്യ വിരുദ്ധരെ പിടികൂടന്‍ വനിതകളടങ്ങിയ പോലീസ് സംഘത്തെ നിയോഗിച്ചു
പ്രായപൂര്‍ത്തിയാകാത്ത പ്ലസ്ടൂ വിദ്യാര്‍ത്ഥിനിയെ മാനഹാനിപ്പെടുത്തിയ സ്വകാര്യ ബസ് കണ്ടക്ടര്‍ പോലീസ് പിടിയിലായി. തേവലക്കര താഴത്ത് കിഴക്കതില്‍ രാജേഷ് (34) ആണ് പോലീസ് പിടിയിലായത്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1.45 മണിക്ക് കൊല്ലം റെയില്‍വേ സ്റ്റേഷനിലെ വടക്കേ ഗേറ്റില്‍ നിന്നും ചിന്നക്കടയിലേക്ക് യാത്ര ചെയ്ത പെണ്‍കുട്ടിയാണ് അതിക്രമത്തിന് ഇരയായത്. പണം നല്‍കി ടിക്കറ്റ് ആവശ്യപ്പെട്ട പെണ്‍കുട്ടിക്ക് ടിക്കറ്റ് നല്‍കുന്നതിനൊപ്പം ഇയാള്‍ അപമര്യാദയായി പ്രവര്‍ത്തിക്കുകയായിരുന്നു. തുടര്‍ന്ന് ബാക്കി കൊടുക്കുന്ന വേളയില്‍ ഇയാള്‍ വീണ്ടും ഗൗരവകരമായ ലൈംഗീക അതിക്രമം പെണ്‍കുട്ടിയോട് പ്രവര്‍ത്തിച്ചു. ഇയാളുടെ പ്രവര്‍ത്തി മനഃപൂര്‍വ്വമാണെന്ന് മനസിലാക്കിയ പെണ്‍കുട്ടി പ്രതികരിക്കുകയും ചിന്നക്കട റൗണ്ടില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഈസ്റ്റ് ഇന്‍സ്പെക്ടര്‍ രതീഷിനോട് പരാതിപ്പെടുകയും ചെയ്തു.

പെണ്‍കുട്ടിയുടെ പരാതിയില്‍ ആശ്രാമം ചവറ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന അതുല്‍ എന്ന സ്വകാര്യ ബസ് പിടികൂടി കണ്ടക്ടറേ അറസ്റ്റ് ചെയ്യുകയും പോക്സോ പ്രകാരം കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. സ്ക്കൂള്‍ തുറക്കുന്ന സാഹചര്യത്തില്‍ കുട്ടികളുടെയും വനിതകളുടെയും സുരക്ഷിതത്വത്തിന് വനിതകളടങ്ങിയ പ്രത്യേക സംഘങ്ങളെ മഫ്തിയില്‍ നിയോഗിച്ചതായി കമ്മീഷണര്‍ നാരായണന്‍ റ്റി ഐ.പി.എസ് അറിയിച്ചു. കൊല്ലം ഈസ്റ്റ് ഇന്‍സ്പെക്ടര്‍ രതീഷ്.ആര്‍, എസ്സ്.ഐ മാരായ രതീഷ്കുമാര്‍.ആര്‍, രജീഷ്, ഹരിദാസന്‍ എസ്.സി.പി.ഒ ബിന്ദു സി.പി.ഓ അന്‍ഷാദ് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്തു.