പരവൂര്‍.ഹോട്ടല്‍ വ്യാപാരത്തിലെ കുടിപ്പകയില്‍ യുവാക്കളെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഘത്തിലെ മൂന്ന് പേര്‍ പോലീസ് പിടിയിലായി. തൃശൂര്‍ കൊടുങ്ങല്ലൂര്‍ കോലോത്ത് പറമ്പില്‍ മുഹാസീര്‍ (29), കുണ്ടറ ചരുവിള പുത്തന്‍ വീട്ടില്‍ സുരേഷ്ബാബു (51), പരവൂര്‍ കൂനയില്‍ പുത്തന്‍വിള വീട്ടില്‍ രഞ്ചിത്ത് (34) എന്നിവരാണ് പോലീസ് പിടിയിലായത്.

മുഹാസിര്‍,സുരേഷ്ബാബു,രഞ്ജിത്ത്

ഹോട്ടല്‍ വ്യാപാരം നടത്തുന്ന പ്രവീണ്‍ എന്ന യുവാവും സുഹൃത്തുമാണ് അക്രമത്തിനിരയായത്. പരവൂരിലെ സ്വകാര്യ ബാറില്‍ ജീവനക്കാരനായിരുന്ന പ്രവീണ്‍ ബാറിലെ ജോലി മതിയാക്കി ബാറിന് സമീപത്തായി ഹോട്ടല്‍ തുടങ്ങിയതിലുളള വിരോധമാണ് വധശ്രമത്തില്‍ എത്തിയത്. ബാറിന് സമീപമുളള ഹോട്ടല്‍ ബാറിലെ ബിസിനസിനെ ബാധിച്ച വിരോധത്തിലാണ് പ്രതികള്‍ പ്രവീണിനെ ആക്രമിച്ചത്.

ഹോട്ടല്‍ ബിസിനസുമായി ബന്ധപ്പെട്ട് മുന്‍പും പലപ്പോഴും ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം സുഹൃത്തിനൊപ്പം മൊബൈല്‍ റിപ്പയര്‍ ചെയ്യുന്നതിന് പരവൂര്‍ കടയില്‍ എത്തിയ പ്രവീണിനെ പിന്‍തുടര്‍ന്നെത്തിയ സംഘം വാള്‍ കൊണ്ട് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. രക്ഷിക്കാന്‍ ശ്രമിച്ച സുഹൃത്തിനേയും ഇവര്‍ ആക്രമിച്ചു. ഇവര്‍ വന്ന കാറും അക്രമികള്‍ തല്ലി തകര്‍ത്തു.

സംഭവത്തെ സംബന്ധിച്ച് വിവരം ലഭിച്ച ജില്ലാ പോലീസ് മേധാവി നാരായണന്‍ റ്റി ഐ.പി.എസിന്‍റെ ഇടപെടലാണ് പ്രതികളെ സംഭവ സ്ഥലത്ത് നിന്നും പിടികൂടാന്‍ കാരണമായത്. പാരിപ്പളളി, ചാത്തന്നൂര്‍ പോലീസ് സ്റ്റേഷനുകളില്‍ നിന്നും കൂടുതല്‍ പോലീസ് സംഘം ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശാനുസരണം സ്ഥലത്ത് എത്തുകയായിരുന്നു.

ചാത്തന്നൂര്‍ അസിസ്റ്റന്‍റ് കമ്മീഷണര്‍ ഗോപകുമാര്‍.ബി യുടെ നേതൃത്വത്തില്‍ പാരിപ്പളളി ഇന്‍സ്പെക്ടര്‍ അല്‍ജബര്‍.എ, ചാത്തന്നൂര്‍ ഇന്‍സ്പെക്ടര്‍ ജസ്റ്റിന്‍ ജോണ്‍, പരവൂര്‍ ഇന്‍സ്പെക്ടര്‍ നിസാര്‍.എ സബ്ബ് ഇന്‍സ്പെക്ടര്‍ നിതിന്‍ നളന്‍, സ്പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ ഗോപകുമാര്‍.എ, എ.എസ്.ഐ മാരായ പ്രമോദ്, സുരേഷ്, എസ്.സി.പി.ഒ മാരായ മനോജ് നാഥ്, സായിറാം സി.പി.ഓ മാരായ ജയപ്രകാശ്, മനോജ്, എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാന്‍റ് ചെയ്തു.