കൊല്ലം. മദ്യം വാങ്ങാന്‍ പണം നല്‍കാതിരുന്നതിന് യുവാവിനെ കഴുത്തിന് കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ പോലീസ് പിടിയിലായി. മുണ്ടയ്ക്കല്‍ വില്ലേജില്‍ തെക്കേവിള ചേരിയില്‍ വൈ നഗര്‍ 51 കിടങ്ങഴികം വീട്ടില്‍ നിന്നും ഇരവിപുരം പന്ത്രണ്ട്മുറി നഗര്‍ 68 ല്‍ വാടകയ്ക്ക് താമസിക്കുന്ന നൗഫല്‍ (25) ആണ് പോലീസ് പിടിയിലായത്. കഴിഞ്ഞ 26ന് സന്ധ്യക്ക് പുന്തലത്താഴത്തുളള ബിവറേജസ് കോര്‍പ്പറേഷന്‍റെ മദ്യവില്‍പ്പനശാലയില്‍ മദ്യം വാങ്ങാനെത്തിയ യുവാവും കൂട്ടുകാരുമാണ് ആക്രമിക്കപ്പെട്ടത്.

ഇവരോട് പ്രതിയും ഒപ്പമുണ്ടായിരുന്ന പ്രായപൂര്‍ത്തിയാകാത്ത കുട്ടിയും മദ്യം വാങ്ങുന്നതിനായി പണം ആവശ്യപ്പെട്ടെങ്കിലും ഇവര്‍ നല്‍കാന്‍ തയ്യാറായില്ല. മദ്യം വാങ്ങി യുവാക്കള്‍ കാറില്‍ മടങ്ങാന്‍ നേരം പണം നല്‍കാത്തതിന് ഇവര്‍ കാര്‍ തടഞ്ഞത് യുവാക്കളുടെ കൂട്ടത്തിലുണ്ടായിരുന്ന ധ്രുവന്‍ ചോദ്യം ചെയ്തു. ധ്രുവനെ ഇയാള്‍ കൈയ്യില്‍ കരുതിയിരുന്ന കത്തി കൊണ്ട് രണ്ട് തവണ ഇടത് കഴുത്തില്‍ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു. തടയാന്‍ ശ്രമിച്ച സുഹൃത്തുക്കളായ വിഷ്ണു, അച്ചു, സെയ്ദാലി എന്നിവരേയും ഇവര്‍ ദേഹോപദ്രവും ഏല്‍പ്പിച്ചു.

ഗുരുതരമായി പരിക്കേറ്റ ധ്രുവന്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കേസിലെ മുഖ്യ പ്രതിയായ നൗഫല്‍ കൊല്ലം റെയില്‍വേ സ്റ്റേഷന് സമീപമുളള സ്വകാര്യ ബാറിലെ ജീവനക്കാരനെ കഴിഞ്ഞ ഫെബ്രുവരിയില്‍ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിള്‍ ഉള്‍പ്പെട്ടയാളാണ്. ഇയാളെ ഇരവിപുരത്ത് നിന്നും പോലീസ് പിടികൂടുകയായിരുന്നു.

കുട്ടിയെയും പോലീസ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെ ഹാജരാക്കി. ഇരവിപുരം ഇന്‍സ്പെക്ടര്‍ വി.വി. അനില്‍കുമാറിന്‍റെ നേതൃത്വത്തില്‍ സബ്ബ് ഇന്‍സ്പെക്ടര്‍മാരായ ജയേഷ്. ജെ, അരുണ്‍ഷാ. സുനില്‍കുമാര്‍. റ്റി എസ്.സി.പി.ഓ മാരായ ചിത്രന്‍, സുമേഷ് ബേബി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്തു.