ശാസ്താംകോട്ട.കേരള കലാമണ്ഡലം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ കൊല്ലം ജില്ലയ്ക്ക് വീണ്ടും അഭിമാനിക്കാം. കഥകളിപാരമ്പര്യം പേറുന്ന മുതുപിലാക്കാടിന്‍റെ പുത്രനായ കലാമണ്ഡലം പി. അനിൽകുമാറിന് കേരള കലാമണ്ഡലം പ്രഖ്യാപിച്ച 2020 ലെ ഡോ : വി എസ് ശർമ എൻഡോവ്മെന്റ് അവാർഡ് ലഭിച്ചു.

കലാമണ്ഡലം അനിൽകുമാർ

കൊല്ലം ജില്ലയിൽ ശാസ്താംകോട്ട മുതുപിലാക്കാട് പടിഞ്ഞാറ് അനിൽ ഭവനത്തിൽ പ്രഭാകരൻ പിള്ളയുടേയും രാജമ്മയമ്മയുടേയും മൂന്നു മക്കളിൽ ഇളയ മകനാണ് കലാമണ്ഡലം അനിൽകുമാർ.കഥകളി നടനായ മുതുപിലാക്കാട് ശ്രീകുലം കുട്ടൻ പിള്ള അനിലിന്റെ അച്ഛന്റെ ജ്യേഷ്ഠനാണ്.ഒരു കാലത്ത് കഥകളിയുടെ ഈറ്റില്ലമായിരുന്ന മുതുപിലാക്കാട്ടെ കാഴ്ചകൾ അനിലിനെ സ്വാധീനിച്ചിരുന്നു.

മുതുപിലാക്കാട് മുമ്പുണ്ടായിരുന്ന കൈരളി ഗ്രാമ കലാപീഠം എന്ന സ്ഥാപനത്തിൽ 10-ാം വയസ്സിൽ കഥകളി പഠനം ആരംഭിച്ചു. മുതുപിലാക്കാട് പരമേശ്വരൻ കുട്ടി ആശാനാണ് ആദ്യഗുരു. മുതുപിലാക്കാട് ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിൽ വച്ച് അരങ്ങേറ്റം കുറിച്ച അനിൽ, പത്താം ക്ലാസ് കഴിഞ്ഞതിനുശേഷം കേരളകലാമണ്ഡലത്തിൽ കഥകളി വിദ്യാർത്ഥിയായി ചേർന്നു. 2001-ൽ ഡിപ്ലോമ ഫസ്റ്റ് ക്ലാസ്സോടുകൂടി പാസായി.അതിനുശേഷം കേന്ദ്ര ഗവൺമെന്റിന്റെ സ്കോളർഷിപ്പോടുകൂടി രണ്ടുവർഷം ഉപരിപഠനം നടത്തി.

എഡി ബോളണ്ട് സ്വർണ്ണമെഡൽ, ഗുരു കുഞ്ചുക്കുറുപ്പ് അവാർഡ്, വള്ളത്തോൾ പുരസ്കാരം, കവളപ്പാറ നാരായണൻ നായർ അവാർഡ്, വെള്ളോടി മെഡൽ,പന്മന ശ്രീവിദ്യാധിരാജ അവാർഡ്, വെണ്ടാർ ശ്രീ ശങ്കുപിള്ള സ്മാരക അവാർഡ്.പന്നിശ്ശേരി നാണുപിള്ള സ്മാരക അവാർഡ്എന്നിങ്ങനെ നിരവധി പുരസ്കാരങ്ങൾ ലഭിക്കുകയുണ്ടായി.ഫ്രാൻസ്, ഇറ്റലി, ജർമനി, സിംഗപ്പൂർ, അമേരിക്ക, ദുബായ് , എന്നീ വിദേശരാജ്യങ്ങളിൽ പ്രോഗ്രാം അവതരിപ്പിച്ചിട്ടുണ്ട്.

മൂന്നു വർഷം സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ വിധികർത്താവ് ആയിരുന്നു.13 വർഷം കേരളകലാമണ്ഡലത്തിൽ താൽക്കാലിക അധ്യാപകനായിരുന്നു. കഥകളി കലാകാരിയായിരുന്ന ഉമ അനിൽകുമാറാണ് ഭാര്യ.
ഏഴാം ക്ലാസിൽ പഠിക്കുന്ന ആദിത്യനും രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന തീർത്ഥയുമാണ് മക്കൾ. മകൻ ആദിത്യൻ ചെണ്ടയും
തീർത്ഥ നൃത്തവും അഭ്യസിക്കുന്നു….