ശാസ്താംകോട്ട. അഭയ കേന്ദ്രത്തിന്റെ പേരില്‍ പിരിവിനെത്തിയ ആള്‍ എട്ടുവയസുകാരിയെ പീഡിപ്പിച്ചു കടന്നു. വിവരം ലഭിച്ച് ഒരു മണിക്കൂറിനകം പ്രതിയെ പൊലീസ് പിടികൂടി.

തേവലക്കര പടപ്പനാല്‍ മുള്ളിക്കാല വാടകക്ക് താമസിക്കുന്ന മൊട്ടയ്ക്കല്‍ സ്വദേശി അബ്ദുള്‍ വഹാബ്(52)ആണ് അറസ്റ്റിലായത്. അഗതി മന്ദിരത്തിന് പണപ്പിരിവിനായി അച്ചടിച്ച നോട്ടീസുമായി മൈനാഗപ്പള്ളി ഇടവനശേരിയിലെ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ ഇയാള്‍ മഴപെയ്യുന്നതിനാല്‍ അവിടെ തങ്ങുകയും ഉച്ചഭക്ഷണപൊതി കഴിക്കാന്‍ അനുമതി ചോദിച്ച് അത് കഴിക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ പിതാവും ഇളയ സഹോദരനും ഈ സമയം വീട്ടിലുണ്ടായിരുന്നു. പിതാവ് മരുന്നു കഴിച്ചതിനാല്‍ മയക്കത്തിലായിരുന്നു.

ടിവി കാണാനെന്ന മട്ടില്‍ അകത്തു കടന്ന ഇയാള്‍ കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. വൈകുന്നേരം ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട കുട്ടിയെ വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു.രാത്രി ഒന്‍പതിന് ഡോക്ടര്‍ നല്‍കിയ വിവരത്തെത്തുടര്‍ന്നാണ് എസ് എച്ച് ഒ അനൂപിന്റെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചത്. അഭയകേന്ദ്രത്തിലെ നോട്ടീസ് ആണ് തുമ്പായത്.

അഭയകേന്ദ്രത്തില്‍ അന്വേഷിച്ചപ്പോള്‍ മൂന്നുപേരാണ് പിരിവിന് പോകുന്നതെന്നും അതില്‍ രണ്ടുപേര്‍ സ്ത്രീകളാണെന്നും അറിഞ്ഞു. ഇയാള്‍ വന്നിട്ട് മൂന്നുമാസമേ ആയിട്ടുള്ളൂ. പൊലീസ് അന്വേഷിച്ച് വാടക വീട്ടിലെത്തുമ്പോള്‍ പെണ്‍കുട്ടി അടയാളം പറഞ്ഞ അതേ വസ്ത്രത്തില്‍ തന്നെയായിരുന്നു പ്രതി.
പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തുമെന്ന് പൊലീസ് പറഞ്ഞു.