കരുനാഗപ്പള്ളി. കരുനാഗപ്പള്ളി വെസ്റ്റ് ലോക്കല്‍ സമ്മേളനം ഏരിയാ വിരുദ്ധപക്ഷം നിലനിര്‍ത്തി.ഏരിയാ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നെങ്കിലും സമവായത്തിലാണ് സമ്മേളനം അവസാനിച്ചത്.ഇരുപക്ഷത്ത് നിന്നും മത്സരമുണ്ടാകുമെന്ന സൂചന ഉണ്ടായതിനെ തുടര്‍ന്ന് ജില്ലാ – ഏരിയാ നേതൃത്വത്തിന്‍റെ കര്‍ശനമായ ഇടപെടല്‍ മത്സരം ഒഴിവാക്കി.രാവിലെ സിപിഎം കൊല്ലം ജില്ലാ സെക്രട്ടറി എസ്. സുദേവന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. കരുനാഗപ്പള്ളിയിലെ തോല്‍വിയുമായി ബന്ധപ്പെട്ട് ഏരിയാ നേതൃത്വത്തിനെതിരെ പ്രതിനിധികള്‍ നിശിത വിമര്‍ശനം ഉന്നയിച്ചു.

ഏരിയാ നേതൃത്വത്തിന്‍റെ ബന്ധു നിയമനങ്ങളും സഹകരണ സ്ഥാപനങ്ങളിലെ അഴിമതിയും ചര്‍ച്ചാവിഷയമായി. ഷറഫുദീന്‍ മുസലിയാര്‍ സെക്രട്ടറിയായുള്ള നിലവിലെ ലോക്കല്‍കമ്മിറ്റി ഒൗദ്യോഗിക പക്ഷത്തിനൊപ്പം ആയിരുന്നില്ല.മൂന്നു ടേം പൂര്‍ത്തിയാക്കിയ സെക്രട്ടറി മാറുമെന്ന് നേരത്തെ തന്നെ തീരുമാനമായിരുന്നു. നിലവിലെ ലോക്കല്‍ കമ്മിറ്റിയില്‍ നിന്നും മോഹന്‍കുമാറിനെ ഒഴിവാക്കി പകരം മഹിളാ നേതാവ് രമണിയമ്മയെ ഉള്‍പ്പെടുത്തി അവതരപ്പിച്ച പാനല്‍ ഏകണ്ഠമായി അംഗീകരിക്കുകയായിരുന്നു. എന്നാല്‍ സെക്രട്ടറി തെരഞ്ഞെടുപ്പിനായി ചേര്‍ന്ന പുതിയ ലോക്കല്‍ കമ്മിറ്റിയില്‍ മല്‍സരമുണ്ടായി. വസന്തന്‍ പക്ഷത്തെ വി. ദിവാകരനെ ആറുപേര്‍ അനുകൂലിച്ചപ്പോള്‍ ഒന്‍പത് പേരുടെ പിന്തുണയോടെ ഏരിയാ വിരുദ്ധ പക്ഷത്തെ പി.പുഷ്പാംഗദന്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.

ലോക്കല്‍കമ്മിറ്റി നിലനിര്‍ത്തിയതോടൊപ്പം ഏരിയാ സമ്മേളന പ്രതിനിധികളിലും ഒൗദ്യോഗിക വിരുദ്ധ പക്ഷത്തിനാണ് മുന്‍തൂക്കം എന്നാണ് സൂചന.