കൊല്ലം പുസ്തകോല്‍സവത്തില്‍ ഗ്രീന്‍ബുക്സ് സ്റ്റാളിലും സയൂരാ ബുക്സ് സ്റ്റാളിലും ലഭിക്കും

ഡോ.സുരേഷ് മാധവ്
രാപ്പാടികളുടെ കരച്ചിലുകളിലൂടെ ഒഴുകിയെത്തുന്ന പുലരിയായിരുന്നു തണ്ടാശ്ശേരി രാഘവന്റെയും തോപ്പിൽ ഭാസിയുടെയും ചിറപ്പാട്ട് ചാത്തൻകുട്ടിയുടേയുമൊക്കെ സ്വപ്നം. ആ കിനാവ് മാത്രമായിരുന്നു അവരുടെ പ്രാണസ്പന്ദനം. നിറഞ്ഞുപാറുന്ന ചോപ്പുകൊടിയിൽ മഴവില്ല് കണ്ടവരുടെ കാൽക്കീഴിൽ തീ തിളയ്ക്കുകയായിരുന്നു.. നാലു പോലീസുകാരുടെ കൊലയിലൂടെ ശൂരനാട് എന്ന നാടിനു തീ പിടിക്കുകയായിരുന്നു. ശൂരനാട് സംഭവമാണ് ഹരി കുറിശ്ശേരിയുടെ “ചോപ്പ് “എന്ന പുതിയ നോവലിന്റെ പ്രമേയം.

ചോപ്പ് വായിക്കുമ്പോൾ നാം ഒരു പഴയ കാലത്തിൽ നിറഞ്ഞുജീവിക്കുന്നു. പൊള്ളിയമർന്ന ജീവിതങ്ങളുടെ ചിതയിൽ നിന്ന് തെളിച്ചെടുത്ത വെളിച്ചത്തിലാണ് ഹരി കുറിശ്ശേരി എഴുതുന്നത് കാലം ഒഴുകിപ്പോവുകയാണെങ്കിലും ചരിത്രത്തെ വർത്തമാനമാക്കുന്ന എഴുത്തുകാരനിലൂടെ ഭൂതകാലം തുടിച്ചു തൂവുന്നു… ഒന്നും മറച്ചു വെയ്ക്കാനില്ലാത്ത ശുദ്ധഗ്രാമീണരുടെ പകപ്പും തെറിപ്പും പച്ചപ്പുമെല്ലാം ഹരി കുറിശ്ശേരിയുടെ ഒഴുകുന്ന ഭാഷയിലുണ്ട്. സംഘർഷങ്ങളിൽ വലിഞ്ഞുമുറുകുന്ന വികാരഭാവനകളെ പിടിച്ചെടുത്ത് ചടുല നിമിഷത്തിന്റെ കലയാക്കാൻ നോവലിസ്റ്റിന് കഴിഞ്ഞിരിക്കുന്നു.ആയുസ്സിന്റെ ഊർജം മുഴുവൻ ഒരു പുലരിയ്ക്കു വേണ്ടി കാത്തു വെച്ച തണ്ടാശ്ശേരി രാഘവൻ ഈ നോവലിന്റെ വായനയ്ക്ക് ശേഷവും ഉള്ളിൽ നിന്നു കത്തുന്നു.

. ചോപ്പ് ഒഴുകിത്തെളിഞ്ഞ ശൂരനാട്ടെ മണ്ണിൽ ഉയർന്നു നിന്ന ഒറ്റമരങ്ങളെ നമ്മുടെ ഉണർവ്വു ചരിത്രങ്ങൾക്ക് തണലാക്കാതെ, അടിവേരറുത്തു കളഞ്ഞതാരാണെന്ന ചൂണ്ടുവിരൽ നോവലിലെമ്പാടും നിശബ്ദമായി ചോരയൊലിപ്പിച്ചുകിടക്കുന്നുണ്ട്.ചേലക്കോട്ടെത്ത്കുഞ്ഞുരാമൻ, കോതേലി, പോണാൽ തങ്കപ്പ കുറുപ്പ്, പായിക്കാലിൽ പരമേശ്വരൻ നായർ, ചിറപ്പാട്ട് ചാത്തൻ കുട്ടി അയനിവിള കുഞ്ഞുപിള്ള തുടങ്ങിയ എത്രയോ പേർ.. ജീവിതത്തിന്റെ തീ ,ക്കടലിൽ ഒറ്റപ്പെട്ടുവേവുമ്പോഴും പേ പിടിച്ച മർദനങ്ങളിൽ ഉടഞ്ഞു തകരുമ്പോഴും അവർ ഒരു പുതിയ വീണ്ടുവരവ് കിനാവ് കണ്ടു. ഉരുകിപ്പോയ പ്രാണനിൽ നിന്ന് സ്വയം ഉറന്നെടുത്ത ബലം കൊണ്ട് അവർ ജീവിച്ചു സ്ത്രീജീവിതങ്ങളുടെ നിറവിലാണ് ഈ നോവലിന്റെ ഊഷ്മളത വാചാലമാകുന്നത്. ആത്മഭാരത്തിന്റെ ഇരുളിൽ പുകയുമ്പോഴും ജീവിതത്തിന്റെ വഴിയിലേയ്ക്ക് വെളിച്ചം നോക്കി നിൽക്കുന്ന പാവം പെണ്ണുങ്ങളെ നമ്മൾ ഇവിടെ കാണുന്നു.

പൂ പോലെ മൃദുലമായ ഹൃദയമുണ്ടെങ്കിലും തിരിച്ചറിവിൽ ശിലാമയികൾ ആയി മാറുന്നവർ.. സരോജിനി, ശ്രീമയി, കമലമ്മ…. കഥയ്ക്കും ചരിത്രത്തിനുമിടയിൽ ജീവിതം പടരുമ്പോൾ നോവലിസ്റ്റിന്റെ ഇടപെടലുകൾ അലോസരമാകുന്നില്ല. ശൂരനാട് സംഭവത്തിന്റെ തുടക്കം മുതലേ ജീവിച്ചുകൊണ്ടിരിക്കുന്ന ഒരാളെ പ്പോലെ നടന്നും ഓടിയും കിതച്ചുപാഞ്ഞും എഴുപത് വർഷങ്ങൾക്കിപ്പുറവും വായനക്കാരുടെ നെഞ്ചിലേയ്ക്ക് തീ കോരിയിടുകയാണ് ഹരി കുറിശ്ശേരി.. ഒരു തീൻമേശയിലെ രുചിയിൽ നിന്നും ഉയർന്നു പൊങ്ങിയ ഒരു കൊടുങ്കാറ്റ് എന്ന് അതി കാല്പനികമായ ഭാഷയിൽ പറയാമെങ്കിലും അങ്ങനെ പറഞ്ഞു രസിക്കുന്നത് ചരിത്രത്തിനു നേരെയുള്ള ഒരു വെറും പല്ലിളിക്കൽ മാത്രമായിരിക്കും. മീൻവേട്ട ഒരു നിമിത്തം മാത്രം. അരുതുകളിൽ തിളച്ചു മറിഞ്ഞ ഒരു ലോകത്തിന്റെ അപ്രതീക്ഷിതമായ ഒരു കുതറൽ വികാരങ്ങളിൽ ജീവിച്ച പാവം മനുഷ്യരുടെ താളം തകർത്തു കളയുകയായിരുന്നു.

ബലികളിൽ ചുവന്നുയർന്ന പുതിയ സൂര്യൻ കറങ്ങിത്തിരിഞ്ഞു വരുമ്പോൾ പുലരിചുവപ്പ് തന്നെ വേണമെന്ന് ചോപ്പിൽ കുതിർന്ന ചരിത്രമുള്ളവർ ചിണുങ്ങുന്നു. അസ്തമയ ചുവപ്പും പുലരി ചുവപ്പും മാറി മാറി വരുമെന്ന് ഉത്തരാധുനികർ…വൈരുദ്ധ്യാത്മകത യാണല്ലോ നമ്മുടെ നട്ടെല്ല്… ഹരി കുറിശ്ശേരിയുടെ നോവലിൽ ഇത്തരം യാതൊരു വിധ സൈദ്ധാന്തികകസർത്തുക്കളും ഇല്ല. പച്ച ജീവിതങ്ങൾക്ക് മേൽ തീ വാരിയെറിയുമ്പോൾ, നിന്നു കത്തുന്ന പ്രാണന്റെ നിസ്സഹായത മാത്രം. തിളച്ചുമറിയുന്ന ചടുലതയാണ് ഈ നോവൽ. ഉദാസീനമായിപ്പോയ നമ്മുടെ ചോരയ്ക്ക് വീണ്ടും തിളപ്പുണർത്തിക്കൊണ്ട് ഹരി കുറിശ്ശേരി വിപ്ലവകാലത്തിനു കണ്ണാടി പിടിക്കുന്നു..