ഓച്ചിറ. കരുനാഗപ്പള്ളിക്ക് പിന്നാലെ ആലപ്പാടും. പിആര്‍ വസന്തന്‍ വിഭാഗം നയിക്കുന്ന ഔദ്യോഗിക പാനലിനെതിരെ പ്രമുഖരടക്കം ഏഴ് പേര്‍ മല്‍സരിക്കാനെത്തിയതോടെ ജില്ലാ നേതൃത്വം ഇടപെട്ട് ആലപ്പാട് ലോക്കല്‍ സമ്മേളനം നിര്‍ത്തിവച്ചു.

തദ്ദേശ തിരഞ്ഞെടുപ്പിലെ ചേരി തിരിവാണ് പാര്‍ട്ടി സമ്മേളനത്തില്‍ പ്രശ്‌നമായത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്താന്‍ ശ്രമിച്ച ലോക്കല്‍ കമ്മിറ്റി അംഗങ്ങളെ പാനലില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് ബ്‌ളോക്ക് പഞ്ചായത്ത് അംഗം എസ് നിഷ,പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്‌റ് എം ബി സഞ്ജീവ്,അനില്‍പൂമുഖത്ത്,അനില്‍കഴുകന്‍ തുരുത്ത്,ചന്ദ്രബാബു,സുനീഷ് ശ്രായിക്കാട്,അഭിലാഷ് എന്നിവര്‍ മല്‍സര രംഗത്ത് എത്തിയത്. സംസ്ഥാന കമ്മിറ്റി അംഗം സൂസന്‍ കോടി,ജില്ലാ കമ്മിറ്റി അംഗം സി രാധാമണി, മല്‍സ്യഫെഡ്അംഗം രാജാദാസ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചകളിലും ഇവര്‍ പിന്മാറാതെ വന്നതോടെയാണ് രാത്രി ഒന്‍പതിന് സമ്മേളനം നിര്‍ത്തിവച്ചതായി പ്രഖ്യാപിച്ചത്.

തദ്ദേശ തിരഞ്ഞെടെുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയും ഇടതുപക്ഷത്തിന് പഞ്ചായത്ത് ഭരണം നഷ്ടമാകാന്‍ ഇടയാക്കുകയും ചെയ്ത നേതാക്കള്‍ക്കെതിരെ 12ബ്രാഞ്ച് കമ്മിറ്റി പ്രതിനിധികളില്‍ ഏഴുപേരും വിമര്‍ശനം ഉന്നയിച്ചു.
എല്‍്ഡിഎഫ് സ്ഥാനാര്‍ഥികളെ തോല്‍പ്പിക്കാന്‍ കൂട്ടുനിന്ന പഞ്ചായത്ത് മുന്‍ പ്രസിഡന്‌റും കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റിയില്‍ നിന്നും തരം താഴ്ത്തിയ ലോക്കല്‍ സെക്രട്ടറിയുമായ സോളമന്‍നെറ്റോയെ ഒഴിവാക്കി നിലവിലെ 11 അംഗ ലോക്കല്‍ കമ്മിറ്റി പാനല്‍ നേതൃത്വം കൊണ്ടുവരികയായിരുന്നു. കരുനാഗപ്പള്ളി ഏരിയായിലെ കരുനാഗപ്പള്ളി ലോക്കല്‍ സമ്മേളനം 17ന് കടുത്ത മല്‍സര നീക്കത്തെ തുടര്‍ന്ന് മാറ്റി വച്ചിരുന്നു.

എന്നാല്‍ വന്‍ വിമര്‍ശനവും വിമത നീക്കവും പ്രതീക്ഷിച്ചിരുന്ന കുലശേഖരപുരം സമ്മേളനം വസന്തന്‍ വിഭാഗത്തിന്റെ കൈപ്പിടിയിലൊതുങ്ങി. പാര്‍ട്ടി നേതാവ് എന്‍എസ്‌ന്റെ കുടുംബം ലൈബ്രറി നിര്‍മ്മാണത്തിന് നല്‍കിയ ഭൂമി മറിച്ചുവിറ്റുവെന്ന അതീവ ഗുരുതരമായ ആക്ഷേപമടക്കം കുലശേഖരപുരത്ത് സംസ്ഥാന കമ്മിറ്റിയുടെ വരെ ശ്രദ്ധയിലെത്തിയ ആരോപണം ഏറെയായിരുന്നു. എന്നാല്‍ ഒന്നും ചര്‍ച്ചയിലെത്താതെ കാക്കാന്‍ ഔദ്യോഗിക പക്ഷത്തിനായി. ഇതുസംബന്ധിച്ച് ശബ്ദമുയര്‍ത്തുമെന്ന പ്രതീക്ഷയുള്ളവരാരും സമ്മേളനം കണ്ടില്ല എന്നതായിരുന്നു ഇവരുടെ വിജയം.

എന്നാല്‍ആലപ്പാട് സൗത്തും നോര്‍ത്തിന്റെ വഴിക്കുപോകുമെന്നാണ് സൂചന. കരുനാഗപ്പള്ളി ഏരിയായിലെ വിമത ശബ്ദങ്ങള്‍ ഏകീകരിക്കാന്‍ ഏരിയാതലത്തില്‍ ആളില്ലെന്നതാണ് വസന്തന്‍ വിഭാഗത്തിനു നേട്ടമാകുന്നത്.
വസന്തന്റെ ശക്തനായ എതിരാളിയായിരുന്ന ആര്‍ രാജാദാസ് മല്‍സ്യഫെഡ് അംഗമായതോടെ വീര്യംപോയ നിലയിലാണ്. എന്നാല്‍ രാജാദാസിന്റെ പിന്നില്‍ നിന്നവരെല്ലാം ശക്തമായ എതിര്‍നീക്കം നടത്തുന്നുണ്ട്.


വസന്തപക്ഷത്തിനെതിരെ എതിര്‍ശബ്ദങ്ങളുയരുമെന്നുറപ്പുള്ളവരെല്ലാം നേരത്തേ കൂട്ടി പുറത്തുപോയിട്ടുണ്ട്. എന്നാല്‍ കരുനാഗപ്പള്ളിയില്‍ ഇതിനെയെല്ലാം മറികടന്ന് വിമതശബ്ദം കരുത്ത്കാട്ടുന്നുണ്ട്. എതിര്‍ശബ്ദങ്ങളുടെ ഒത്തുചേരല്‍ ഇത്തവണയും ഉണ്ടാവില്ലെന്നു കരുതിയെങ്കിലും യുവനിരയിലെ ചിലര്‍ അസാമാന്യ സംഘാടകമികവോടെ രംഗത്തുണ്ട്. സംസ്ഥാന കമ്മിറ്റിയിലെ ആശീര്‍വാദത്തോടെയാണ് കരുനാഗപ്പള്ളിയിലെ വിമത നീക്കമെന്നത് ശ്രദ്ധേയമാണ്.